യുഡിഎഫിന് ആശ്വാസം ലീഗ്-വെൽഫെയർ ചർച്ച അവസാനിച്ചു

മലപ്പുറം: ദിവസങ്ങൾനീണ്ട ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കുംശേഷം ശ്വാസംവിടാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് മലപ്പുറത്തെ യുഡിഎഫ്. ഇത്തിൾപ്പറമ്പിൽ മുസ്ലിംലീഗ് വിമത സ്ഥാനാർഥിയെ ഇറക്കിയതുമുതൽ വെൽഫെയർ പാർട്ടി അങ്കലാപ്പിലായിരുന്നു. യുഡിഎഫ് തീരുമാനപ്രകാരം ഇത്തിൾപറമ്പ് വാർഡ് വെൽഫെയറിന് കൊടുക്കാനായിരുന്നു ധാരണ. ഇതോടെ വെൽഫെയറും ലീഗും തമ്മിൽ അകന്നു.
മുസ്ലിംലീഗ് സ്ഥാനാർഥികളെ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ച പട്ടികയിൽ ഇത്തിൾപ്പറമ്പ് ഒഴിച്ചുവിട്ടിരുന്നു. ഇതിനുശേഷമാണ് ലീഗ് വാർഡ് കമ്മിറ്റി സജ്ന നജ്മുദ്ദീനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് രംഗത്തുവന്നത്. ഇതോടെ വെൽഫെയർ പാർട്ടി യുഡിഎഫ് നേതൃത്വത്തിനു പരാതി നൽകി. ഇതിനിടയിൽ പാണക്കാട് ഇരുകൂട്ടരും തമ്മിൽ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇത്തിൾപറമ്പിൽ മുസ്ലിം ലീഗ് മത്സരിക്കുകയാണെങ്കിൽ പിന്തുണ പിൻവലിക്കുമെന്നും ഒറ്റക്കു തിരഞ്ഞെടുപ്പിന് ഇറങ്ങുമെന്നും വെൽഫെയർ പാർട്ടി അറിയിച്ചു.
ഇത്തിൾപ്പറമ്പിന് പുറമേ മൈലപ്പുറം, കൂട്ടമണ്ണ, കാളമ്പാടി, മുതുവത്തുപറമ്പ് എന്നിവിടങ്ങളിൽ സ്ഥാനാർഥികളെ ഇറക്കാനായിരുന്നു വെൽഫെയറിന്റെ ആലോചന. മൈലപ്പുറം വെൽഫെയറിനു സ്വാധീനമുള്ള മേഖലയായാണ് യുഡിഎഫ് വിലയിരുത്തൽ. അഞ്ചിടത്തു വെൽഫെയർ പാർട്ടി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയാൽ വോട്ടുകൾ നഷ്ടപ്പെടുമെന്ന ഭയം ഇതോടെ മുസ്ലിം ലീഗിനുണ്ടായി. തുടർന്നു നടന്ന ചർച്ചയിലാണ് മുതുവത്തുപറമ്പും കോട്ടപ്പടിയും നൽകാൻ തീരുമാനിച്ചത്.
മുതുവത്തുപറമ്പിൽ നേരത്തേ സൗദത്ത് തയ്യിലിനെ ലീഗ് പ്രഖ്യാപിച്ചതാണ്. ഇവർ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്ന് പ്രചാരണം ആരംഭിച്ചപ്പോഴാണ് ഇടിത്തീപോലെ സീറ്റ് മാറി നൽകാൻ അറിയിപ്പ് വന്നത്. കോട്ടപ്പടിയിലാണെങ്കിൽ സ്ഥാനാർഥിയെ കിട്ടാതെ കോൺഗ്രസ് വലയുമ്പോഴായിരുന്നു യുഡിഎഫ് നേതൃത്വം ഒരു സീറ്റ് നൽകണമെന്ന ആവശ്യവുമായി വന്നത്. സന്തോഷത്തോടെ കോൺഗ്രസ് അക്കാര്യം നിറവേറ്റി. എന്നാൽ വെൽഫെയർ പാർട്ടിക്ക് സീറ്റ് നൽകിയതിൽ മലപ്പുറത്തെ ഇകെ സുന്നി വിഭാഗത്തിനു എതിർപ്പുണ്ട്.
Content Highlights: Malappuram UDF resolves seat-sharing conflicts between Muslim League and Welfare Party after intense negotiations. Learn about the compromises and the impact.