മലപ്പുറത്ത് നഗരക്കോട്ടകള്‍ നഷ്ടപ്പെട്ട് ഇടതുപക്ഷം; പെരിന്തല്‍മണ്ണയും നിലമ്പൂരും യുഡിഎഫ്, ഇടതിനൊപ്പം പൊന്നാനി മാത്രം

#Election Desk
പ്രതീകാത്മക ചിത്രം | Mathrubhumi
പ്രതീകാത്മക ചിത്രം | Mathrubhumi

മലപ്പുറം: യുഡിഎഫിന്റെ പ്രത്യേകിച്ചും മുസ്ലീം ലീഗിന്റെ സര്‍വാധിപത്യമുള്ള മലപ്പുറം ജില്ലയില്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും മേല്‍ക്കയ്യുള്ള ഇടങ്ങളായിരുന്നു നിലമ്പൂരും പെരിന്തല്‍മണ്ണയും പൊന്നാനിയും. 2020 ല്‍ 12 നഗരസഭകളില്‍ എല്‍ഡിഎഫിനൊപ്പം നിന്ന മൂന്നിടങ്ങള്‍. എന്നാല്‍ അത് ഇത്തവണ ഒന്നായി ചുരുങ്ങി. പൊന്നാനി മാത്രം.

പെരിന്തല്‍മണ്ണയില്‍ നഗരസഭ രൂപീകരിച്ച് മൂന്ന് പതിറ്റാണ്ടായി ഇടതുപക്ഷത്തിനൊപ്പം നിന്ന പെരിന്തല്‍മണ്ണയാണ് ആദ്യം എല്‍ഡിഎഫിന് നഷ്ടമായത്. കോട്ടതകര്‍ക്കുക എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന യുഡിഎഫ് മുന്നേറ്റം. 37 വാര്‍ഡുകളില്‍ 21 ഇടത്ത് യുഡിഎഫ് ജയിച്ചു. 16 വാര്‍ഡുകള്‍ മാത്രമാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. 1995 ല്‍ നഗരസഭ രൂപീകരിച്ചതിന് ശേഷം നടന്ന ആറ് തിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് തന്നെയായിരുന്നു. ആ നഗരസഭയാണ് ഇന്നിപ്പോള്‍ എല്‍ഡിഎഫിനെ കൈവിട്ടത്.

നിലമ്പൂരിലും സ്ഥിതി മറ്റൊന്നല്ല. 36 സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടും എല്‍ഡിഎഫിന് നേട്ടമുണ്ടായില്ല. 28 ഇടങ്ങളില്‍ വിജയിച്ച് യുഡിഎഫ് നിലമ്പൂര്‍ നഗരസഭ തിരിച്ചുപിടിച്ചു.

പൊന്നാനി മാത്രമാണ് ഇത്തവണ മലപ്പുറത്ത് എല്‍ഡിഎഫിന് ഒപ്പം നിന്നത്. 2015 ലും, 2020 ലും നേടിയ വിജയം ഇത്തവണയും ആവര്‍ത്തിച്ച് ഹാട്രിക് നേടിയിരിക്കുകയാണ് എല്‍ഡിഎഫ് 53 വാര്‍ഡുകളില്‍ 30 ഇടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു. 18 ഇടങ്ങളില്‍ യുഡിഎഫും രണ്ടിടത്ത് ബിജെപിയും ജയിച്ചു. ഒരു എസ്ഡിപിഐ സ്ഥാനാര്‍ഥിയും വിജയിച്ചു.

Content Highlights: Explore the Malappuram municipal election results. UDF makes significant gains, breaking LDF strongholds in Nilambur & Perinthalmanna. Ponnani remains with LDF.