മലപ്പുറമാകെ പച്ചപ്പ്, തദ്ദേശം തൂത്തുവാരി യുഡിഎഫ്, ഇടതിനെ കാത്തത് പൊന്നാനി മാത്രം

#ഇലക്ഷൻ ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം : മലപ്പുറത്താകെ യുഡിഎഫിന്റെ തേരോട്ടമാണ്. എല്‍ഡിഎഫ് അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശായി. കോട്ടകള്‍ തകര്‍ന്നു. പഞ്ചായത്തുകളും നഗരസഭയും ബ്ലോക്കും ജില്ലാ പഞ്ചായത്തുമടക്കം എല്ലാം യുഡിഎഫ് പിടിച്ചടക്കി. തെരഞ്ഞെടുപ്പുകളില്‍ മലപ്പുറത്തെ ട്രെന്‍ഡ് എന്തായിരിക്കും എന്നത് എല്ലായിപ്പോഴും പ്രവചനീയമാണെങ്കിലും പ്രതീക്ഷകള്‍ക്കുമപ്പുറമുള്ള വിജയഗാഥയാണ് യുഡിഎഫ് ജില്ലയിലുടനീളം എഴുതിയത്.

കഴിഞ്ഞ തവണ 94 ഗ്രാമപഞ്ചായത്തുകളില്‍ 70 എണ്ണം യുഡിഎഫിനും 24 എണ്ണം എല്‍ഡിഎഫിനുമായിരുന്നു. 15 ബ്ലോക്ക് പഞ്ചായത്തില്‍ 12 എണ്ണം യുഡിഎഫും മൂന്ന് എണ്ണം എല്‍ഡിഎഫും നേടി. ജില്ലാ പഞ്ചായത്ത് എക്കാലത്തേയും പോലെ യുഡിഎഫ് തുടര്‍ന്നു. 12 നഗരസഭകളില്‍ ഒമ്പതിടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫും ആയിരുന്നു. എന്നാല്‍ ഇത്തവണ കഥയാകെ മാറി.

ഗ്രാമ പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ 70 ആയിരുന്നെങ്കില്‍ ഇത്തവണ 87 ഇടങ്ങളിലാണ് യുഡിഎഫ് മുന്നിലുള്ളത്. ഏലംകുളം, നിറമരുതൂർ, വാഴയൂര്‍, വെളിയങ്കോട് എന്നിങ്ങനെ നാലിടത്ത് മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചത്. ഇടത് പിന്തുണയുള്ള ജനകീയ മുന്നണി പൊൻമുണ്ടത്തും വിജയിച്ചു. എടപ്പാളിലും പുലാമന്തോളിലും ആര്‍ക്കും ഭൂരിപക്ഷമില്ല. ബ്ലോക്ക് പഞ്ചായത്തില്‍ 15 എണ്ണത്തില്‍ 14 ലും യുഡിഎഫാണ്. ജില്ലാ പഞ്ചായത്തില്‍ 33 ല്‍ 32 ലും യുഡിഎഫ് സ്ഥാനമുറപ്പിച്ചു. നഗരസഭകള്‍ ഒന്നൊഴികെ മറ്റെല്ലാം യുഡിഎഫിനൊപ്പം പോയി. മേലാറ്റൂര്‍, അമരമ്പലം, വള്ളിക്കുന്ന്, മാറഞ്ചേരി ഉള്‍പ്പടെയുള്ള പഞ്ചായത്തുകള്‍ പഞ്ചായത്തുകള്‍ യുഡിഎഫ് തിരിച്ചുപിടിച്ചു.  

[object Object]

നഗരസഭകള്‍ പിടിച്ചടക്കി യുഡിഎഫ്

മലപ്പുറത്ത് യുഡിഎഫ് ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയ ഒരിടം പെരിന്തല്‍ മണ്ണ നഗരസഭയാണ്. ചരിത്രത്തില്‍ ആദ്യമായി യുഡിഎഫ് പെരിന്തല്‍മണ്ണ നഗരസഭയില്‍ അധികാരത്തിലെത്തി. നഗരസഭ പിറവിയെടുത്തതിന് ശേഷം നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും വിജയം നേടിയ ഇടതുപക്ഷത്തിന്റെ കുത്തകയാണ് യുഡിഎഫ് ഇക്കുറി പൊളിച്ചത്. 37 വാര്‍ഡുകളില്‍ 21 ഇടത്ത് യുഡിഎഫ് ജയിച്ചു. 16 സീറ്റുകള്‍ എല്‍ഡിഎഫും നേടി. പെരിന്തല്‍ മണ്ണ കാലങ്ങളായി എല്‍ഡിഎഫിന്റെ പക്ഷത്താണെങ്കിലും ഇത്തവണ ചരിത്രം വഴിമാറുമെന്ന് യുഡിഎഫ് നേതാക്കള്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. 10 വര്‍ഷമായി ഒരുമിച്ച് ഇടതുപക്ഷം ഭരിച്ചിട്ടും നഗരസഭയില്‍ വികസന മുന്നേറ്റമുണ്ടായില്ലെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം.

കഴിഞ്ഞ തവണ വിജയം നേടിയ നിലമ്പൂരിന്റെ നഷ്ടവും വലിയ ഇടതുപക്ഷത്തിന് ആഘാതമായി. 36 വാര്‍ഡുകളില്‍ യുഡിഎഫ് 28 വാര്‍ഡുകളിലും എല്‍ഡിഎഫ് 7 ഇടങ്ങളിലും വിജയിച്ചു. അംഗത്വം കൂട്ടാനുള്ള ബിജെപിയുടെ ശ്രമം ഫലം കണ്ടില്ല. എങ്കിലും ഒരംഗത്തെ നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചു. എല്‍ഡിഎഫുമായി തെറ്റി സ്വതന്ത്രരായി മത്സരിച്ച പിവി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഞ്ചംഗ സംഘവും മത്സരിച്ച എല്ലാ വാര്‍ഡുകളിലും പരാജയപ്പെട്ടു.

12 നഗരസഭകളിൽ ഒമ്പതിടങ്ങളിൽ പത്തിൽ താഴെ അംഗങ്ങൾ മാത്രമാണ് എൽഡിഎഫിനുള്ളത് മഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി എന്നിവിടങ്ങളിൽ മാത്രമാണ് പത്ത് കടന്നത്. 

ഇടതിനൊപ്പം നിന്ന പൊന്നാനി

നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും പൊന്നാനി മാത്രമാണ് ഇത്തവണ മലപ്പുറത്ത് എല്‍ഡിഎഫിന് ഒപ്പം നിന്നത്. പൊന്നാനി നഗരസഭയില്‍ 2015 ലും, 2020 ലും നേടിയ വിജയം ഇത്തവണയും ആവര്‍ത്തിച്ച് ഹാട്രിക് നേടിയിരിക്കുകയാണ് എല്‍ഡിഎഫ്. 53 വാര്‍ഡുകളില്‍ 30 ഇടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു. 18 ഇടങ്ങളില്‍ യുഡിഎഫും രണ്ടിടത്ത് ബിജെപിയും ജയിച്ചു ഒരു എസ് ഡിപിഐ സ്ഥാനാര്‍ഥിയും വിജയിച്ചു. എന്നാല്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ താരതമ്യേന ഇടത് മുന്നേറ്റമുണ്ടായെങ്കിലും അവിടെ ആര്‍ക്കും ഭൂരിപക്ഷമില്ല. 14 വാര്‍ഡുകളില്‍ ഏഴിടത്ത് എല്‍ഡിഎഫ് ജയിച്ചപ്പോള്‍ ആറിടത്ത് യുഡിഎഫും ഒരിടത്ത് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയും ജയിച്ചു. നറുക്കെടുപ്പിലായിരിക്കും ഇവിടെ അധികാരം ലഭിക്കുക.

കേരളത്തിലുടനീളമുള്ള ട്രെന്‍ഡ് ഇതിനകം തന്നെ യുഡിഎഫ് കോട്ടയായ മലപ്പുറത്തും അലയടിച്ചു എന്ന വേണം വിലയിരുത്താന്‍. ഇടതിന്റെ ശക്തിയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നഷ്ടമായത് അതിനുള്ള തെളിവാണ്. ഭരണവിരുദ്ധ വികാരം ഇതിനകം ശക്തമാണെന്നതിന്റെ തെളിവായി ഈ വിജയം യുഡിഎഫ് എടുത്തുകാണിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ഫലം നിര്‍ണായകമാണ്.

Content Highlights: UDF achieves a massive victory in Malappuram local body elections, capturing panchayats, municipalities, and block panchayats. LDF faces a significant defeat.