മലപ്പുറത്ത് നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫിന് വ്യക്തമായ മേൽക്കൈ

#ഇലക്ഷൻ ഡെസ്ക്
Photo: special arrangement
Photo: special arrangement

മലപ്പുറം: ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിൽ 15 ഇടത്തും യുഡിഎഫ് ശക്തമായ മേൽക്കൈ പുലർത്തുന്നു. ഇടതുമുന്നണിക്ക് ഒരളവോളമെങ്കിലും ശക്തി നിലനിർത്താൻ കഴിഞ്ഞിട്ടുള്ളത് ശക്തികേന്ദ്രമായ പൊന്നാനിയിൽ മാത്രമാണ്. മലപ്പുറം ജില്ലയിലെ 12 നഗരസഭകളിൽ പൊന്നാനി മാത്രമാണ് എൽഡിഎഫിന് നിലനിർത്താനായത്. ആകെയുള്ള 53-ൽ 32 വാർഡും എൽഡിഎഫിനാണ്. കഴിഞ്ഞതവണ 38 അംഗങ്ങളുണ്ടായിരുന്നു. 10 വാർഡിൽ മുസ്‍ലിംലീഗും എട്ടിടത്ത് കോൺഗ്രസും. മൂന്ന് അംഗങ്ങളുണ്ടായിരുന്ന ബിജെപിക്ക് ഒരു സീറ്റ് കുറഞ്ഞു. മണ്ഡലത്തിലെ വെളിയങ്കോട് പഞ്ചായത്തും എൽഡിഎഫിനൊപ്പമാണ്. ആലങ്കോട്, മാറഞ്ചേരി, നന്നംമുക്ക് പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു. നന്നംമുക്കിൽ ഇടതുമുന്നണി സംവിധാനം ഉണ്ടായിരുന്നില്ല. സിപിഎം ഒറ്റയ്ക്കാണ് ഇവിടെ മത്സരിച്ചത്. ഇടതുമുന്നണിയിലെ മറ്റുകക്ഷികൾ യുഡിഎഫുമായിച്ചേർന്നാണ് തിരഞ്ഞെടുപ്പ്‌ നേരിട്ടത്. മുതിർന്ന സിപിഎം നേതാവ് പി. നന്ദകുമാറാണ് പൊന്നാനി എംഎൽഎ.

മന്ത്രി വി. അബ്ദുറഹിമാന്റെ മണ്ഡലമായ താനൂരിൽ നിറമരുതൂർ പഞ്ചായത്തു മാത്രമാണ് എൽഡിഎഫിനൊപ്പമുള്ളത്. അത് യുഡിഎഫിൽനിന്ന് പിടിച്ചെടുത്തതാണ്. ഒപ്പം പൊന്നാനിയിലെ വെളിയങ്കോട്, കൊണ്ടോട്ടിയിലെ വാഴയൂർ പഞ്ചായത്തുകളും ഈ ക്ഷീണത്തിനിടയിൽ എൽഡിഎഫ് പിടിച്ചെടുത്തു. താനൂർ നഗരസഭയും ചെറിയമുണ്ടം, നിറമരുതുരൂർ, ഒഴൂർ, പൊന്മുണ്ടം, താനാളൂർ പഞ്ചായത്തുകളുമാണ് താനൂർ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. പൊന്മുണ്ടത്ത് ലീഗ് ഒറ്റയ്ക്കാണ് ഭരിച്ചിരുന്നത്. കോൺഗ്രസും ഇടതുമുന്നണിയിലെ കക്ഷികളുംചേർന്ന ജനകീയ മുന്നണി ഇത്തവണ ലീഗിലെ നാലു സീറ്റുകളിലേക്ക് ഒതുക്കി ഭരണം പിടിച്ചെടുത്തിരിക്കുകയാണ്.

മുൻമന്ത്രി കെ.ടി. ജലീലിന്റെ മണ്ഡലമായ തവനൂരിലെ കാലടി, എടപ്പാൾ, തവനൂർ, പുറത്തൂർ, വട്ടംകുളം, മംഗലം, തൃപ്രങ്ങോട് പഞ്ചായത്തുകളെല്ലാം യുഡിഎഫിനൊപ്പമാണ്. ഇതിൽ തവനൂരും എടപ്പാളും തൃപ്രങ്ങോടും പുറത്തൂരും എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തതാണ്. സിപിഎം ശക്തികേന്ദ്രമായ പുറത്തൂർ എൽഡിഎഫിന് നഷ്ടപ്പെടുന്നത് ദശാബ്ദങ്ങൾക്കു ശേഷമാണ്.

Content Highlights: Malappuram district`s election results show UDF`s strong lead in 15 of 16 constituencies. LDF retains only Ponnani. Detailed breakdown of municipal and panchayat wins.