‘വോട്ടിനായി സ്ത്രീകളെ കാഴ്ചവെക്കരുത്’; ലോക്കല്‍ സെക്രട്ടറിയുടെ വിവാദപ്രസ്താവന തള്ളി സിപിഎം, പരാതിനല്‍കി വനിതാ ലീഗ്

#Election Desk

തിരൂരങ്ങാടി: വനിതാ ലീഗിനെ അധിക്ഷേപിച്ച് സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയ തെന്നല ലോക്കല്‍ സെക്രട്ടറി കെ.വി. സയ്യിദലി മജീദ് നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയെ സിപിഎം പൂര്‍ണമായും തള്ളിക്കളയുന്നതായി സിപിഎം തിരൂരങ്ങാടി ഏരിയാ സെക്രട്ടറി തയ്യില്‍ അലവി പ്രതികരിച്ചു.

വോട്ടിനുവേണ്ടി കല്യാണം കഴിച്ചുകൊണ്ടുവന്ന സ്ത്രീകളെ അന്യപുരുഷന്മാര്‍ക്കുമുന്നില്‍ കാഴ്ചവെക്കരുതെന്നാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പറഞ്ഞത്. ആണത്തവും ഉളുപ്പുമുള്ളവന്‍ പെണ്ണുങ്ങളെ രാഷ്ട്രീയത്തില്‍ ഇറക്കിയാല്‍ മതി. അല്ലെങ്കില്‍ പെണ്ണുങ്ങള്‍ വീട്ടിലിരിക്കട്ടെയെന്നും മജീദ് പറഞ്ഞിരുന്നു.

എന്നാല്‍, ലോക്കല്‍ സെക്രട്ടറി നടത്തിയ പ്രസ്താവന അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ തിരൂരങ്ങാടി ഏരിയാ സെക്രട്ടറി, സംഭവത്തില്‍ വിശദീകരണം ചോദിക്കുമെന്ന് വ്യക്തമാക്കി. സ്ത്രീകള്‍ പൊതുരംഗത്തേക്ക് കടന്നുവരേണ്ടവരാണ്. കല്യാണം കഴിച്ച് കൊണ്ടുവരുന്ന സ്ത്രീകളെക്കുറിച്ചും തറവാടിനെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ സിപിഎമ്മിന്റെതല്ല. സംവരണം നല്‍കി സ്ത്രീകളെ പൊതുരംഗത്ത് സജീവമാക്കണമെന്നാണ് സിപിഎം നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനിതാലീഗ് പരാതി നല്‍കി

തിരൂരങ്ങാടി: സിപിഎം തെന്നല ലോക്കല്‍ സെക്രട്ടറിയുടെ സ്ത്രീ അധിക്ഷേപ പരാമര്‍ശത്തിനെതിരേ തെന്നലയിലെ വനിതാലീഗ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി, ഡിജിപി, തിരഞ്ഞെടുപ്പ് കമ്മീഷന്‍, തിരൂരങ്ങാടി പോലീസ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. തിങ്കളാഴ്ച വൈകുന്നരം കൊടക്കല്ലില്‍ പ്രതിഷേധസംഗമവുംനടത്തുന്നുണ്ട്.

Content Highlights: CPM rejects controversial and sexist statement by local secretary K.V. Sayyidali Majeed