വി.എം. വിനുവിന് വോട്ട് ചേർക്കാനാകില്ല; വോട്ടർ എന്നനിലയിൽ ഉത്തരവാദിത്വം കാട്ടിയില്ലെന്ന് തദ്ദേശവകുപ്പ്

#ന്യൂസ് ഡെസ്ക്
വി.എം വിനു| ഫോട്ടോ: പി.കൃഷ്ണപ്രദീപ് \ മാതൃഭൂമി
വി.എം വിനു| ഫോട്ടോ: പി.കൃഷ്ണപ്രദീപ് \ മാതൃഭൂമി

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ മേയർ സ്ഥാനാർഥിയായി യുഡിഎഫ് അവതരിപ്പിച്ച സംവിധായകൻ വി.എം. വിനുവിന് വോട്ട് ചേർക്കാനാകില്ല. വോട്ടർ എന്ന നിലയിൽ വി.എം. വിനു ഉത്തരവാദിത്വം കാട്ടിയില്ലെന്ന് തദ്ദേശ വകുപ്പ് വ്യക്തമാക്കി.

ഈ മാസം 12 വരെ സമയം അനുവദിച്ചിട്ടും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയിരുന്നില്ല. സമയം കഴിഞ്ഞതിനാൽ ഇനി പേര് ചേർക്കുന്നത് അസാധ്യമാണ്. രേഖകൾപ്രകാരം 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും വിഎം വിനു വോട്ട് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ കോഴിക്കോട് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് കൈമാറി. റിപ്പോർട്ടിന്മേൽ കളക്ടർ തീരുമാനം എടുക്കും.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ മലാപ്പറമ്പ് ഡിവിഷനിൽ വിനു വോട്ട് ചെയ്തിട്ടുണ്ടെന്നും പേര് വെട്ടിയതിനുപിന്നിൽ സിപിഎം ഗുഢാലോചനയാണെന്നും കോൺഗ്രസ് പറഞ്ഞിരുന്നു. എന്നാൽ, ഇത് തള്ളുന്നതാണ് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ട്.

പുതുതായി വോട്ടുചേർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ അസാധാരണ വിജ്ഞാപനം ഇറക്കിയാൽ മാത്രമേ വി.എം. വിനുവിന് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവൂ. തിരുവനന്തപുരം കോർപ്പറേഷനിലെ എസ്.എൽ. വൈഷ്ണയെ വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്തതിനെതിരേ ഹൈക്കോടതി നടത്തിയ ഇടപെടൽ വിനുവിന്റെ കേസിലുമുണ്ടാവുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ഹൈക്കോടതി കളക്ടറോട്‌ ഹിയർ ചെയ്ത്‌ തീരുമാനമെടുക്കാൻ നിർദേശം നൽകിയാൽ സാധ്യതയുണ്ടെന്ന്‌ നിയമവിദഗ്‌ധർ പറയുന്നു.

Content Highlights: Kozhikode Mayor Candidacy: Director V.M. Vinod's Vote Eligibility Under Scrutiny