വടകര ലോക്സഭാ മണ്ഡലത്തിൽ അരലക്ഷം വോട്ടിന് മുന്നിലെന്ന് LDF, യോഗത്തിൽ തോൽവി ചർച്ചയായില്ല

കോഴിക്കോട്: തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിൽ വടകര ലോക്‌സഭാമണ്ഡലത്തിലെ കണക്ക് പരിശോധിച്ചാൽ അരലക്ഷത്തിനടുത്ത് വോട്ടിന് ഇടതുമുന്നണി മുന്നിലാണെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മേൽക്കൈ നേടിയ കോഴിക്കോട്, വടകര ലോക്‌സഭാമണ്ഡലങ്ങളിൽ എൽഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. ജില്ലാപഞ്ചായത്തിലെ രാഷ്ട്രീയവോട്ടുകൾ പരിശോധിച്ചാൽ യുഡിഎഫിന്റെ പ്രചാരവേലയുടെ പൊള്ളത്തരം മനസ്സിലാവുമെന്നും നേതാക്കൾ പറഞ്ഞു. യുഡിഎഫിന് മേൽക്കെ ലഭിച്ചു എന്നത് വസ്തുതയാണ്. പക്ഷേ, മുഖ്യധാരാ മാധ്യമങ്ങളെയും പിആർ ഏജൻസികളെയും ഉപയോഗിച്ച് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയുണ്ടായെന്ന് വസ്തുതകൾക്ക് നിരക്കാത്ത പ്രചാരവേല നടത്തുകയാണ്. വസ്തുതകളെ അജ്ഞതയിൽ നിർത്തിക്കൊണ്ട് എൽഡിഎഫിനെതിരേ നടത്തുന്ന നുണപ്രചാരണങ്ങളെ ജനം തിരിച്ചറിയും. ബിജെപിയുമായും ന്യൂനപക്ഷ വർഗീയശക്തികളുമായും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാക്കിയ ധാരണകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കെയുണ്ടാക്കാനായത്. ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തി എൽഡിഎഫിനുണ്ടായ തിരിച്ചടികളെ ആത്മവിമർശനപരമായി പരിശോധിച്ച് തിരുത്തി മുന്നോട്ടുപോവുമെന്നും നേതാക്കൾ പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, സംസ്ഥാനകമ്മിറ്റിയംഗം പി. മോഹനൻ, എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, ആർജെഡി ജില്ലാപ്രസിഡന്റ് എം.കെ. ഭാസ്കരൻ, സിപിഐ ജില്ലാ സെക്രട്ടറി പി. ഗവാസ് എന്നിവർ പങ്കെടുത്തു.
തോൽവി ചർച്ചചെയ്യാതെ എൽഡിഎഫ്
ഇടതുമുന്നണിക്ക് ജില്ലയിലുണ്ടായ കനത്ത തിരിച്ചടി തിരഞ്ഞെടുപ്പുഫലത്തിനുശേഷം ചേർന്ന ആദ്യ എൽഡിഎഫ് യോഗം ചർച്ചചെയ്തില്ല. അതത് പാർട്ടികളിലെ അവലോകനത്തിനുശേഷം എൽഡിഎഫിൽ ചർച്ചചെയ്യാമെന്നാണ് തീരുമാനമായത്. ആർജെഡിയടക്കം പല പാർട്ടികൾക്കും പരാതിയുണ്ടായിരുന്നു. സിപിഎമ്മിന്റെ പ്രാദേശികനേതാക്കൾ തോൽപ്പിച്ചെന്നാരോപിച്ച് ആർജെഡി, സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ കമ്മിറ്റികൾക്ക് പരാതി നൽകിയിരുന്നു.
പക്ഷേ, ഇക്കാര്യം എൽഡിഎഫിൽ ചർച്ചയ്ക്കെടുത്തില്ല. പരാതികൾ മാധ്യമങ്ങളിലല്ല, മുന്നണിയിലാണ് പരിശോധിക്കുകയെന്ന് സിപിഎം സംസ്ഥാനകമ്മിറ്റിയംഗം പി. മോഹനൻ പറഞ്ഞു.
Content Highlights: Local Body Election Analysis: LDF Claims Significant Lead in Vadakara Constituency