കോൺഗ്രസ് വിമതൻ പ്രസിഡന്റാകും; തിരുവമ്പാടിയിൽ ഭരണം തുടരാൻ യുഡിഎഫ്‌

#ഇലക്ഷന്‍ ഡെസ്‌ക്ക്‌
ജിതിന്‍ പുല്ലാട്ട്‌
ജിതിന്‍ പുല്ലാട്ട്‌

തിരുവമ്പാടി: എൽഡിഎഫും യുഡിഎഫും തുല്യനില കൈവരിച്ച തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫ് ഭരണം തുടരും. കോൺഗ്രസ് വിമതനെ കൂട്ടുപിടിച്ച് ഭരണം നിലനിർത്താൻ പാർട്ടിയിൽ ധാരണ. ഇതുപ്രകാരം പുന്നക്കൽ വാർഡിൽനിന്ന്‌ വിജയിച്ചുകയറിയ ജിതിൻ പല്ലാട്ട് പ്രസിഡന്റാകും. ആഴ്ചയോളംനീണ്ട അനിശ്ചിതത്വത്തിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. ഇന്ന് കോൺഗ്രസ് ജില്ലാ ഓഫീസിൽനിന്ന്‌ ഔദ്യോഗികപ്രഖ്യാപനമുണ്ടാകും.

തുടക്കത്തിൽ ജിതിന് നിശ്ചിതവർഷം പ്രസിഡന്റ് പദവി നൽകി ശേഷിക്കുന്ന വർഷം ബോസ് ജേക്കബിനെ പ്രസിഡന്റാക്കാനാണ് തീരുമാനം. ജില്ലാ, ഗ്രാമ പഞ്ചായത്ത് മുൻ അംഗമാണ് ബോസ് ജേക്കബ്. ഗ്രാമപ്പഞ്ചായത്തിൽ ആകെയുള്ള 19 വാർഡിൽ യുഡിഎഫിനും എൽഡിഎഫിനും ഒൻപതുസീറ്റുകൾ വീതമാണ് ലഭിച്ചത്. എന്നും കോൺഗ്രസിനൊപ്പമായിരിക്കുമെന്ന് തിരഞ്ഞെടുപ്പുഫലത്തിന് മുൻപ്‌ അറിയിച്ചിരുന്നെങ്കിലും അട്ടിമറിവിജയം നേടിയതോടെ ഏതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് ജിതിൻ വ്യക്തമാക്കിയിരുന്നില്ല. ഇരുമുന്നണികളും പിന്തുണ അഭ്യർഥിച്ച് പലതവണ സമീപിച്ചിരുന്നു.

പ്രസിഡന്റ് പദവി ഉറപ്പുലഭിച്ചതോടെയാണ് ഒടുവിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും കോൺഗ്രസ് തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡന്റും കർഷകകോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായിരുന്നു ജിതിൻ പല്ലാട്ട്. മുൻ ഗ്രാമപ്പഞ്ചായത്തംഗവും പാർട്ടി മുൻ മണ്ഡലംപ്രസിഡന്റുമായ ടോമി കൊന്നക്കലിനെ 535 വോട്ടിനാണ് പരാജയപ്പെടുത്തിയിരിക്കുന്നത്. എൽഡിഎഫ് പിന്തുണയില്ലാതെ മത്സരിച്ചാണ് കോൺഗ്രസ് സ്ഥാനാർഥിക്കെതിരേ ഇത്രയുംവലിയ ഭൂരിപക്ഷം നേടിയിരിക്കുന്നത്. വിമതസ്ഥാനാർഥിയായി പത്രിക നൽകിയതിനെത്തുടർന്ന് ഔദ്യോഗികഭാരവാഹിത്വങ്ങളിൽനിന്ന് നീക്കംചെയ്യുകയായിരുന്നു. പ്രധാന ഘടകകക്ഷിയായ മുസ്‌ലിംലീഗിൽ ഇത്തവണ ഏക അംഗമാണുള്ളത്. അമ്പലപ്പാറയിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട പി.ആർ. അജിത. വൈസ് പ്രസിഡന്റ് പദവി നൽകുന്നതുസംബന്ധിച്ച് ഇതുവരെ ചർച്ചനടന്നിട്ടില്ല. കക്ഷിനില ഭൂരിപക്ഷമാകണമെങ്കിൽ ലീഗ് പ്രാതിനിധ്യവും നിർണായകമാണ്‌.

Content Highlights: Thiruvambadi Grama Panchayat: UDF maintains control after a tie with LDF, securing support from a Congress rebel. Jithin Pallat to be President. Learn more about the power shift.