2020-ലെ പട്ടികയിലും പേരില്ല; വോട്ട് ചെയ്‌തെന്ന് ആവര്‍ത്തിച്ച് വി.എം.വിനു, കോൺഗ്രസ് വാദം പൊളിയുന്നു

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ വി.എം. വിനുവിന്റെ പേര് 2020-ലെ വോട്ടര്‍ പട്ടികയിലുമില്ല. വിനുവിന്റെ പേര് ഒഴിവാക്കിയതില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന കോണ്‍ഗ്രസിന്റെ വാദം ഇതോടെ പൊളിയുകയാണ്.
2020-ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയിട്ടും 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുണ്ടെന്ന വാദം ആവര്‍ത്തിക്കുകയാണ് വിനുവും കോണ്‍ഗ്രസും. കോര്‍പ്പറേഷനിലെ എട്ടാം ഡിവിഷനില്‍ നാലാം നമ്പര്‍ ബൂത്തില്‍ താന്‍ വോട്ട് ചെയ്തിട്ടുണ്ടെന്നാണ് വിനു പറയുന്നത്. ഇക്കാര്യം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെ സ്ഥിരീകരിക്കുന്നുമുണ്ട്. 20 കൊല്ലമായി അവിടെ താമസിക്കുന്നുണ്ട് എന്നും അന്നേദിവസം എറണാകുളത്തേക്ക് പോകുന്നതിന് തൊട്ടുമുമ്പായി വോട്ട് രേഖപ്പെടുത്തി എന്നുമാണ് വിനു പറയുന്നത്. സ്ഥലത്തെ കൗണ്‍സിലറായ രാജേഷും ഇക്കാര്യം സ്ഥിരീകരിച്ചു. തിരക്ക് കുറവായതിനാല്‍ രാവിലെ നേരത്തെ വന്ന് വോട്ട് ചെയ്തെന്നും കൗണ്‍സിലര്‍ പറയുന്നു.
2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വി.എം. വിനുവിന് വോട്ടുണ്ടായിരുന്നില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് ആരോപിച്ചു. വിനു വോട്ട് ചെയ്തിട്ടില്ല. എന്നാൽ, വിനു കള്ളവോട്ട് ചെയ്തോ എന്ന് തനിക്ക് പറയാനാകില്ല. സിപിഎം അല്ല വി.എം. വിനുവിന്റെ വോട്ട് പരിശോധിക്കേണ്ടതെന്നും മെഹബൂബ് വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിലാകെ കോൺഗ്രസിൽ അടിയാണ്. കോൺഗ്രസ് ആൾക്കൂട്ടവും ബഹളവുമായി മാറി. കോർപറേഷൻ കോൺഗ്രസ് പിടിക്കുന്നത് വോട്ടില്ലാത്ത മേയർ സ്ഥാനാർഥിയെ വെച്ചാണോ? വോട്ട് ഉണ്ടെന്നു ഉറപ്പാക്കാൻ കോൺഗ്രസ് തയ്യാറാകണമായിരുന്നെന്നും നിയമപ്രകാരം അല്ലാതെ വോട്ട് ചേർത്താൽ എതിർക്കുമെന്നും മെഹബൂബ് പറഞ്ഞു.
വോട്ടര്‍ പട്ടിക പരിശോധിക്കാതെയാണോ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോൺഗ്രസ് മറുപടി നൽകുന്നില്ല. 18 വയസ്സ് കഴിഞ്ഞ ഒരാള്‍ക്ക് വോട്ടുണ്ടാവില്ലെന്ന് ഇത് വരെ ചിന്തിച്ചിട്ടില്ല എന്നും ഇനി ചിന്തിക്കേണ്ട സമയമായി എന്നുമാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിന്റെ വാദം.
Content Highlights: UDF`s Kozhikode Mayor candidate VM Vinu`s name not found in the 2020 voter list. Congress faces allegations of a political conspiracy and negligence.