വോട്ടർപട്ടികയാണ് വിശുദ്ധഗ്രന്ഥം, വോട്ടറാണ് ദൈവം-കുമ്മനം രാജശേഖരൻ

കോഴിക്കോട്: ‘വോട്ടർപട്ടികയാണ് വിശുദ്ധഗ്രന്ഥം, വോട്ടറാണ് ദൈവം’ -സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും ഒരു ചെറിയ ക്ലാസൊക്കെയെടുത്തിട്ടാണ് രാജേട്ടൻ എന്ന് പ്രവർത്തകർ വിളിക്കുന്ന കുമ്മനം രാജശേഖരൻ നഗരത്തിൽ ഗൃഹസമ്പർക്കത്തിനിറങ്ങുന്നത്.
വളയനാട് ക്ഷേത്രത്തിനടുത്തുള്ള വീടുകളിലാണ് കുമ്മനം ആദ്യം കയറിയത്. വഴിയിൽ കാണുന്നവരോടൊക്കെ സംസാരിച്ച്, ചിരിച്ച് മുന്നോട്ടുപോവുകയാണ് രീതി. എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ചിട്ടും സംസ്ഥാനത്ത് വികസനം വന്നില്ല. അഴിമതിയിൽ രണ്ടുകൂട്ടരും മത്സരിക്കുകയാണ്. സത്യമാണ് ഞങ്ങൾ പറയുന്നത്. ജിഎസ്ടി 28 ശതമാനത്തിൽനിന്ന് നാലുശതമാനമായി കുറച്ചില്ലേ? ഇതുമൂലം വിലകൾ കുറഞ്ഞില്ലേ? കേന്ദ്രസർക്കാർ പാവപ്പെട്ടവർക്ക് അഞ്ചുകിലോ അരി നൽകുന്നുണ്ട്. അഞ്ചുപേരുള്ള ഒരു കുടുംബത്തിന് മാസം 25 കിലോ അരി. ഇതൊക്കെ ജനങ്ങളോട് പറയണം -കൂടെയുള്ള സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ് ബാബുവിനോടും സംസ്ഥാനസമിതി അംഗം തിരുവണ്ണൂർ ബാലകൃഷ്ണനോടും നിർദേശം.
ചില വീട്ടുകാർക്ക് കുമ്മനത്തോടൊപ്പം ഫോട്ടോയെടുക്കണം. നേതാവിന് ചിരിയില്ല. പകരം ആ സ്ഥലത്തെ സ്ഥാനാർഥിയെ വിളിക്കും -ഇന്ദിരാകൃഷ്ണൻ വരൂ. മുഖത്ത് വല്ലാതെ വെയിലടിക്കുന്നുവെന്ന് ഫോട്ടോഗ്രാഫർമാർക്ക് പരാതി. അതൊന്നും സാരമില്ല. വെയിലേൽക്കുമ്പോഴാണല്ലോ താമരവിരിയുന്നത് എന്ന് കുമ്മനം.
മാറാത്തത് ഇനി മാറും. വികസിതകേരളമാണ് നമ്മുടെ ലക്ഷ്യം. കേന്ദ്രത്തോട് മുഖംതിരിച്ചുനിൽക്കുന്ന സംസ്ഥാനം ശരിയാവില്ല. ഇരട്ട എൻജിനോടെ രാജ്യം മുന്നോട്ടുകുതിക്കണം. മാലിന്യസംസ്കരണം മുതൽ ഹൈവേനിർമാണംവരെയുള്ള കാര്യങ്ങൾക്കായി മോദിസർക്കാർ ധാരാളം പണം ചെലവഴിച്ചു. ഇതിന്റെ സദ്ഫലങ്ങൾ നമുക്കുമാത്രമല്ല, വരുംതലമുറയ്ക്കും ലഭിക്കും. കുമ്മനം വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ മണ്ഡലം വൈസ് പ്രസിഡന്റ് മരക്കാട്ട് ബാബുവിന് തെല്ലുതിടുക്കം. ഈ വാർഡിൽത്തന്നെ ഇനിയും 10-വീടുകൾ കയറാനുണ്ട്.
വളയനാട് ദേവീകൃപയിൽ പുരുഷുവിന്റെയും പുഷ്പലതയുടെയും വീട്ടിലെത്തിയപ്പോൾ കുമ്മനം പറഞ്ഞു. നമുക്ക് കാഴ്ചപ്പാടുണ്ട്, പദ്ധതിയുണ്ട്, നയരേഖയുണ്ട്. ബിജെപി വെറും വാഗ്ദാനങ്ങൾ നൽകാറില്ല. പറയുന്നത് നടപ്പാക്കും. നമ്മുടെ ആരാധനാലയങ്ങൾപോലും കട്ടുമുടിക്കുകയാണ്. അവ സംരക്ഷിക്കപ്പെടണം. പ്രവർത്തകർ തിടുക്കംകൂട്ടുമ്പോൾ കുമ്മനം കാറിൽ കയറും. ഗോവിന്ദപുരം ലൈബ്രറിക്കടുത്തുള്ള സണ്ണിയുടെ വീട്ടിലേക്ക്...
കുതിരവട്ടത്തും മൈലമ്പാടിയിലും ദേശപോഷിണി ജങ്‌ഷനിലും ചാലപ്പുറത്തുംമറ്റും പ്രചാരണം നടത്തിയെത്തിയിട്ടും കുമ്മനത്തിന് ക്ഷീണമില്ല. ചാലപ്പുറത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം. ‘ബോലോ ഭാരത് മാതാ കീ ജയ്’ വിളികൾ നിർത്താതെ മുഴങ്ങി. പ്രവർത്തകർ ചായയും ബിസ്‌കറ്റും ഉണ്ണിയപ്പവുമൊക്കെ കൊണ്ടുവന്നെങ്കിലും കുമ്മനം സ്നേഹപൂർവം നിരസിച്ചു. 20 മിനിറ്റ് നീണ്ട പ്രസംഗത്തിൽ മുഖ്യമന്ത്രിക്കെതിരായ ഇഡി നോട്ടീസും കിഫ്ബിയിലെ ക്രമക്കേടുകളുമൊക്കെ വിഷയമായി. മോദിജി ന്യൂനപക്ഷവിരുദ്ധനല്ല എന്ന് താൻ പറയുന്നത് വിശ്വസിക്കേണ്ട, ഈ കുട്ടിതന്നെ അക്കാര്യം പറയട്ടെ എന്നായി കുമ്മനം. ഉടനെ ന്യൂനപക്ഷമോർച്ച മലപ്പുറം ജില്ലാ ഉപാധ്യക്ഷ ഖമറുന്നിസ കാടാമ്പുഴയുടെ തീപ്പൊരി പ്രസംഗം. വൈകീട്ട് ബിസിനസുകാരുൾപ്പെടെ സമൂഹത്തിലെ വിവിധതലങ്ങളിലുള്ളവരുമായി ചർച്ച.
കുമ്മനത്തിന്റെ പോക്കറ്റിൽ ഈ നേരമത്രയും നാലായിമടക്കിയ ഒരു ചെറിയ നോട്ടീസുണ്ട്. അതിലെ കണക്കുകൾ ഇടയ്ക്കിടെ നോക്കും. മോദിസർക്കാർ കേരളത്തിനുനൽകിയ വിവിധ പദ്ധതികൾക്കുള്ള തുകയുടെ കണക്കാണ്. തിരികെപ്പോകുമ്പോൾ ഞാൻ ട്രെയിനിൽ അടുത്തിരിക്കുന്നവരോടും ഈ കണക്കുകൾ പറയും -തന്റെ രാഷ്ട്രീയസമീപനം ക്രിയാത്മകമാണെന്ന് കുമ്മനംതന്നെ വ്യക്തമാക്കി. സംസ്ഥാനത്ത് വിശ്വഹിന്ദുപരിഷത്തിലും ഹിന്ദു ഐക്യവേദിയിലും ജനസംഘത്തിലും ബിജെപിയിലുമൊക്കെ പ്രധാന സ്ഥാനങ്ങൾ വഹിച്ച നേതാവിന് വിശ്രമമില്ലാത്ത ദിവസം.
Content Highlights: See how Kummanam Rajasekharan engages voters in Kochi, emphasizing development and central government schemes during his campaign. A close look at his voter-centric approach.