കൊടുവള്ളിയില്‍ ചുറ്റിക അരിവാളിനെ കൈവിട്ട് സി.പി.എം; പലയിടത്തും മത്സരം ഗാസ് ടംബ്ലര്‍ ചിഹ്നത്തില്‍

കോഴിക്കോട്: കൊടുവള്ളി നഗരസഭയിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗം അടക്കമുള്ള നേതാക്കൾ മത്സരിക്കുന്നത് പിടിഎ റഹീമിന്റെ രാഷ്ട്രീയപ്പാർട്ടിയായ നാഷണൽ സെക്കുലർ കോൺഫറൻസിന്റെ (എൻഎസ്‌സി) ചിഹ്നത്തിൽ. എൽഡിഎഫ് സ്വതന്ത്രർ എന്ന് പറഞ്ഞാണ് മത്സരിക്കുന്നതെങ്കിലും നാമനിർദേശ പത്രിക നൽകിയത് നാഷണൽ സെക്കുലർ കോൺഫറൻസിന്റെ സ്ഥാനാർഥികളായാണ്.
15 വാർഡുകളിലാണ് കൊടുവള്ളിയിൽ സിപിഎം സ്ഥാനാർഥികളെ നിശ്ചയിച്ചത്. അതിൽ ആറിടങ്ങളിൽ മാത്രമേ പാർട്ടി ചിഹ്നമായ ചുറ്റിക അരിവാൾ നക്ഷത്രത്തിൽ മത്സരിക്കുന്നുള്ളു. സിപിഎം താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ നേതാവുമായ കളത്തിങ്ങൽ ജമീലയടക്കം ബാക്കി ഒൻപതുപേരും നാഷണൽ സെക്കുലർ കോൺഫറൻസിന്റെ ഗ്ലാസ് ടംബ്ലർ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഇതിനുപുറമെ ജനതാദൾ എസ് ജില്ലാപ്രസിഡന്റ് മാത്തോലത്ത് അബ്ദുള്ളയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖയിൽ നാഷണൽ സെക്കുലർ കോൺഫറൻസ് സ്ഥാനാർഥിയെന്നാണ്. പി.ടി.എ. റഹീം എംഎൽഎയുടെ മേഖലയായ കൊടുവള്ളി കേന്ദ്രീകരിച്ച് രൂപവത്കരിച്ച രാഷ്ട്രീയപ്പാർട്ടിയാണിത്. ഇപ്പോൾ ഐഎൻഎലിൽനിന്ന് വേർപിരിഞ്ഞ നാഷണൽ ലീഗും ഇവരുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.
കൊടുവള്ളി മുസ്‌ലിംലീഗിന്റെ ശക്തികേന്ദ്രമാണ്. അവിടെ സിപിഎം ചിഹ്നത്തിൽ അല്ലാതെ മത്സരിക്കുമ്പോൾ കൂടുതൽ വോട്ട് സമാഹരിക്കാൻ കഴിയുമെന്നതാണ് കാരണം. രണ്ട് വാർഡുകളിൽ എൽഡിഎഫിന് വിമതരുമുണ്ട്. അതേസമയം വെൽഫെയർപാർട്ടിയുമായുള്ള ധാരണ കോഴിക്കോട് തുറന്ന് സമ്മതിക്കാൻ യുഡിഎഫ് തയ്യാറാകുന്നില്ലെങ്കിലും രണ്ട് വാർഡുകളിൽ വെൽഫെയർ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥികളെയാണ് യുഡിഎഫ് പിന്തുണയ്ക്കുന്നത്.
Content Highlights: CPM leaders, including area committee members, are contesting under the National Secular Conference (NSC) symbol in Kozhikode`s Koduvalli municipality, defying party symbols. Learn why.