അരനൂറ്റാണ്ടായി പ്രതിപക്ഷത്ത്, ജീവശ്വാസം തേടി യുഡിഎഫ്; കോഴിക്കോട് കോര്‍പ്പറേഷനില്‍ ഷാഫി-ഹൈബി പ്ലാന്‍ വിജയം കാണുമോ?

കോഴിക്കോട് : കോഴിക്കോട് നോര്‍ത്ത്, സൗത്ത്, എലത്തൂര്‍, ബേപ്പൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ കൂടിച്ചേരുന്നതാണ് കോഴിക്കോട് കോര്‍പ്പറേഷന്‍. വാര്‍ഡ് വിഭജനത്തോടെ വാര്‍ഡുകളുടെ എണ്ണം 75-ല്‍ നിന്നും 76 ആയി ഉയര്‍ന്നു. കണക്കും പാരമ്പര്യവും നോക്കിയാല്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫിന്റെ കയ്യില്‍ ഭദ്രം. 1962-ല്‍ രൂപവത്കരിക്കപ്പെട്ട കോഴിക്കോട് കോര്‍പ്പറേഷനില്‍ 1975-ന് ശേഷം യുഡിഎഫിന് വിജയിക്കാനായിട്ടില്ല. നിലവില്‍ എല്‍ഡിഎഫിന് ഉള്ളതാവട്ടെ മൃഗീയ ഭൂരിപക്ഷവും. ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫും പിടിച്ചെടുക്കാന്‍ യുഡിഎഫും സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ബിജെപിയും ഇറങ്ങുമ്പോള്‍ അട്ടിമറി വിജയത്തിന് സാധ്യതയുണ്ടോ?
നയിക്കാന്‍ ഷാഫി പറമ്പിലും ഹൈബി ഈഡനും; വിജയം കാണുമോ യുഡിഎഫ് തന്ത്രങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷനില്‍ അട്ടിമറി വിജയത്തില്‍ കുറഞ്ഞതൊന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നില്ല. മേയര്‍ സ്ഥാനാര്‍ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസോ സര്‍പ്രൈസ് സ്ഥാനാര്‍ഥിയോ എത്തുമെന്നാണ് കോണ്‍ഗ്രസ് കാമ്പില്‍ നിന്നും പുറത്തുവരുന്ന വിവരം. മുന്‍ ഡിസിസി പ്രസിഡന്റ് കെ സി. അബുവും മത്സരരംഗത്തുണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡുകളില്‍ വലിയ ഭൂരിപക്ഷം നേടാന്‍ കഴിയുമ്പോഴും തദ്ദേശ തിരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ ഈ വിജയം ആവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നതാണ് യുഡിഎഫിന്റെ പ്രതിസന്ധി. 2015-ലും 2020-ലും പതിനെട്ട് സീറ്റുകള്‍ മാത്രം നേടിയ കോണ്‍ഗ്രസിന് ഭൂരിപക്ഷത്തിലേക്ക് എത്താന്‍ നന്നായി വിയര്‍ക്കേണ്ടി വരും.
ജില്ലയുടെ ചുമതലയുള്ള ഹൈബി ഈഡനും ഉത്തരമേഖലയുടെ ചുമതലയുള്ള ഷാഫി പറമ്പിലും തിരഞ്ഞെടുപ്പ് നയിക്കാന്‍ എത്തുകയും ലീഗിന്റെ പിന്തുണയും കൂടി ചേരുമ്പോള്‍ അട്ടിമറി സാധ്യമെന്നാണ് യുഡിഎഫ് കാമ്പിന്റെ വിലയിരുത്തല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായ വിമത സ്ഥാനാര്‍ഥികള്‍ ഇത്തവണ തലപൊക്കാതിരിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
കോഴിക്കോട് കോര്‍പ്പറേഷനിലെ ഭരണവീഴ്ചകളും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി ഒരു വര്‍ഷത്തിലേറെയായി യുഡിഎഫ് സമരത്തിലാണ്. ഇതും അനുകൂലമാകുമെന്നാണ് കരുതുന്നത്.
സുരക്ഷാവീഴ്ചകള്‍ മൂലമുണ്ടാകുന്ന ആവര്‍ത്തിക്കുന്ന തീപ്പിടിത്തങ്ങള്‍, കെട്ടിട നമ്പര്‍ ക്രമക്കേട്, പാളയം മാര്‍ക്കറ്റ് മാറ്റിയതിലും ഫുഡ് സ്ട്രീറ്റിലും തെളിഞ്ഞ സ്വജന പക്ഷപാതം, പാര്‍ക്കിങ് പ്ലാസ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയക്കൊപ്പം വോട്ടര്‍പട്ടിക ക്രമക്കേട് കൂടി ഉയര്‍ത്തിയാണ് കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫ് പ്രചാരണം നടത്തുന്നത്. വോട്ടര്‍ പട്ടിക ക്രമക്കേടില്‍ സമരമുഖത്തുളള യുഡിഎഫിന് ഹൈക്കോടതി ഉത്തരവും അനുകൂലമാണ്.
ചരിത്രനഗരത്തെ സാഹിത്യനഗരമാക്കിയ അഞ്ച് വര്‍ഷങ്ങള്‍
നേരത്തെ കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളില്‍ മാത്രമായിരുന്നു കോഴിക്കോട് കോര്‍പ്പറേഷന്‍. ആകെയുണ്ടായിരുന്നത് 55 വാര്‍ഡുകള്‍. പിന്നീട് എലത്തൂര്‍, നല്ലളം, ചെറുവണ്ണൂര്‍, ബേപ്പൂര്‍, പഞ്ചായത്ത് എന്നിവ കൂടി കൂട്ടിച്ചേര്‍ത്തു. അതോടെയാണ് എല്‍ഡിഎഫ് കോഴിക്കോട് കോര്‍പ്പറേഷനില്‍ സര്‍വാധിപത്യം നേടിയത്. വാര്‍ഡ് വിഭജനത്തോടെ ഒരു വാര്‍ഡ് കൂടി 76 ആയെങ്കിലും കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് മുന്നണി.
നിലവിലെ ഭൂരിപക്ഷമായ 50 സീറ്റുകളില്‍ 46-ഉം സിപിഎം ഒറ്റയ്ക്ക് നേടിയതാണെന്നതും കോര്‍പ്പറേഷന്റെ ഭാഗമായ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും ഉള്ളത് ഇടത് എംഎല്‍എമാരാണെന്നതും എല്‍ഡിഎഫിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. ഒപ്പം നിലവിലെ ഭരണസമിതിയുടെ വികസന നേട്ടങ്ങള്‍ കൂടിയായാല്‍ ഈ തിരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷം സാധ്യമെന്നാണ് കണക്കുകൂട്ടല്‍.
യുനസ്‌കൊ സാഹിത്യനഗര പദവി, കല്ലുത്താന്‍ കടവിലെ ഹൈടെക് പഴം പച്ചക്കറി മാര്‍ക്കറ്റ്, ബീച്ച് നവീകരണം, ഫുഡ് സ്ട്രീറ്റ്, മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍, വയോജന സൗഹൃദ നഗരം, സുരക്ഷിത നഗരം പദവി തുടങ്ങി നിരവധി നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് എല്‍ഡിഎഫ് വോട്ട് തേടി ഇറങ്ങുന്നത്.
മേയര്‍ പദവി ജനറലിലേക്ക് മാറിയതോടെ നിലവിലെ ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദിനെ മേയര്‍ സ്ഥാനത്തേക്ക് മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫിന്റെ പ്രചരണം. പാര്‍ട്ടിയില്‍ ഉന്നത പദവി വഹിക്കുന്നവരുടെ മക്കള്‍ ഉള്‍പ്പടെ മത്സരരംഗത്തുണ്ടാകുമെന്നാണ് വിവരം.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നേരത്തെ തുടങ്ങി; സീറ്റ് ഇരട്ടിയാക്കാന്‍ ബിജെപി
നിലവില്‍ ഏഴ് കൗണ്‍സിലര്‍മാരുള്ള ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 22 ഇടങ്ങളിലാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. 2015-ലും 2020-ലും നേടിയത് ഏഴ് സീറ്റുകളാണെങ്കിലും 2015-ല്‍ ഏഴിടത്ത് രണ്ടാമതായിരുന്ന പാര്‍ട്ടിക്ക് 2020-ല്‍ 22 ഇടത്ത് രണ്ടാമത് എത്താനായി. ഈ മികവ് ആവര്‍ത്തിക്കുമ്പോള്‍ ഇത്തവണ 20 ല്‍ കുറയാതെ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ടി. റനീഷിന്റെ നേതൃത്വത്തില്‍ ബിജെപി കടുത്ത മത്സരത്തിന് ഇറങ്ങുമ്പോള്‍ മഹിളാമോര്‍ച്ച അധ്യക്ഷയും രണ്ടു തവണയായി കൗൺസിലറായ നവ്യാ ഹരിദാസ് മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കാനാണ് സാധ്യത.
വികസന മുരടിപ്പും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി വളരെ നേരത്തെ തന്നെ മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കി ബിജെപി മത്സരരംഗത്തുമുണ്ട്. ഇതെല്ലാം വോട്ടായാല്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ പ്രധാന ശക്തിയാകാന്‍ ഈ തിരഞ്ഞെടുപ്പോടെ ബിജെപിക്ക് കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
Content Highlights: Explore the upcoming Kozhikode Corporation election. Will LDF maintain its stronghold or can UDF surprise with new strategies? Get insights into BJP`s ambitions and key issues.