വിവാദമായപ്പോള്‍ അന്ന് മാറ്റിനിര്‍ത്തി, ഇക്കുറി ചേര്‍ത്തുനിര്‍ത്തി; കൊടുവള്ളിയില്‍ ഫൈസല്‍ കാരാട്ട് LDF സ്ഥാനാര്‍ഥി

കൊടുവള്ളി: ഫൈസല്‍ കാരാട്ട് ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 2020-ല്‍ നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷനില്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ആദ്യം പരിഗണിക്കുകയും പിന്നീട് വിവാദമായതിനെ തുടര്‍ന്ന് മാറ്റിനിര്‍ത്തുകയും ചെയ്തയാളാണ് ഫൈസല്‍ കാരാട്ട്.
2013-ല്‍ എയര്‍ഹോസ്റ്റസുമാരെ ഉപയോഗപ്പെടുത്തി കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ ഉള്‍പ്പെട്ട് ഡിആര്‍ഐ ഫൈസല്‍ കാരാട്ടിനെ ചോദ്യംചെയ്യുകയും സ്വപ്നാ സുരേഷ് ഉള്‍പ്പെട്ട നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഫൈസല്‍ കാരാട്ടിനെ ചോദ്യംചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു. 2017-ല്‍ എല്‍ഡിഎഫ് സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രതയാത്രയ്ക്ക് സ്വീകരണം നല്‍കാന്‍ ഫൈസല്‍ കാരാട്ടിന്റെ മിനികൂപ്പര്‍ വാഹനം ഉപയാഗിച്ചതും ഏറെ വിവാദമായിരുന്നു. അന്ന് സ്ഥാനാര്‍ഥിത്വം വിവാദമായതോടെ അവസാന നിമിഷം എല്‍ഡിഎഫ് ഫൈസല്‍ കാരാട്ടിനെ മാറ്റിനിര്‍ത്തുകയായിരുന്നു. സ്ഥാനാര്‍ഥിപ്രഖ്യാപനം നടന്നശേഷം ഫൈസലിനെയുംകൊണ്ട് സിപിഎം ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രണ്ട് റൗണ്ട് വീടുകളില്‍ കയറി വോട്ടഭ്യര്‍ഥനയും നടത്തിയിരുന്നു. ഇതിനുശേഷമാണ് എല്‍ഡിഎഫ് ഫൈസലിനുള്ള പിന്തുണ പിന്‍വലിച്ച് എല്‍ഡിഎഫ് നേതാവും കൊടുവള്ളി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റുമായിരുന്ന ഒ.പി. റഷീദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഫൈസല്‍ കാരാട്ട് വിജയിക്കുകയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഒ.പി. റഷീദിന് ഒരുവോട്ടുപോലും ലഭിക്കാതിരിക്കുകയും ചെയ്തു. ഇത് എല്‍ഡിഎഫിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.
പാര്‍ട്ടി സംസ്ഥാനനേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ച് പ്രവര്‍ത്തിക്കുകയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 'പൂജ്യം' വോട്ട് ലഭിക്കുകയും ചെയ്തതോടെ കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി സിപിഎം ജില്ലാകമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച കൊടുവള്ളിയില്‍ നടന്ന എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബിന്റെ സാന്നിധ്യത്തില്‍ ഏരിയാ സെക്രട്ടറി കെ. ബാബുവാണ് സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തിയത്. നഗരസഭയിലെ ഡിവിഷന്‍ 24 സൗത്ത് കൊടുവള്ളിയിലാണ് ഫൈസല്‍ കാരാട്ട് മത്സരിക്കുന്നത്.
Content Highlights: LDF`s Faisal Karat nominated in Koduvalli, facing scrutiny over past gold smuggling allegations and controversies. Learn more about his political journey and the current election.