മേയര്‍ സ്ഥാനാര്‍ഥി തോറ്റു, മേയറുടെ വാര്‍ഡിലും തോൽവി; കോഴിക്കോട്ടെ ശക്തികേന്ദ്രങ്ങളില്‍ സിപിഎമ്മിനേറ്റത് കനത്ത പ്രഹരം

#ഇലക്ഷന്‍ ഡെസ്‌ക്‌
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: 2010-ലാണ് എല്‍ഡിഎഫിന് ജില്ലയില്‍ ഇതിനുമുന്‍പ് കനത്ത തിരിച്ചടി നേരിട്ടത്. അന്ന് കോഴിക്കോട് കോര്‍പ്പറേഷനില്‍ 34 സീറ്റുകള്‍ നേടി യുഡിഎഫ് വന്‍മുന്നേറ്റം നടത്തിയെങ്കിലും എല്‍ഡിഎഫിനെ ജില്ലാപഞ്ചായത്ത് കൈവിട്ടിരുന്നില്ല. 75 ഗ്രാമപ്പഞ്ചായത്തുകളില്‍ 37 വീതം നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. പക്ഷേ, 15 വര്‍ഷം മുന്‍പ് ആഞ്ഞുവീശിയതിനെക്കാളും ശക്തമായ യുഡിഎഫ് കൊടുങ്കാറ്റാണ് ഇത്തവണയുണ്ടായത്. സമീപകാല ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫ് ഗ്രാമപ്പഞ്ചായത്തുകളില്‍ 24-ലേക്ക് ഒതുങ്ങി.

കോഴിക്കോട് കോര്‍പ്പറേഷനില്‍ 2020-ല്‍ സിപിഎമ്മിനുമാത്രം 45 വാര്‍ഡുകളാണ് ലഭിച്ചത്. അത് 32-ലേക്ക് ചുരുങ്ങി. മേയര്‍സ്ഥാനാര്‍ഥിയായ സി.പി. മുസാഫര്‍ അഹമ്മദ് തോറ്റതിന് പുറമെ മേയറുടെ വാര്‍ഡില്‍ എന്‍ഡിഎ ജയിച്ചതും വലിയ നാണക്കേടായി. മേയറുടെ വാര്‍ഡില്‍ 500 വോട്ടാണ് കഴിഞ്ഞതവണത്തെക്കാള്‍ സിപിഎമ്മിന് കുറഞ്ഞത്. ബ്ലോക്ക് പഞ്ചായത്തിലും കഴിഞ്ഞതവണത്തെ ആധിപത്യം കുറഞ്ഞു. കനത്ത തിരിച്ചടിയില്‍ പകച്ചുനില്‍ക്കുകയാണ് സിപിഎം. പരാജയത്തെക്കുറിച്ച് സിപിഎം ജില്ലാ നേതൃത്വം ഇതുവരെ പ്രതികരണത്തിനുപോലും തയ്യാറായിട്ടില്ല. ഒറ്റപ്പെട്ട നേതാക്കള്‍മാത്രമാണ് പ്രതികരിച്ചത്.

കോട്ടൂരിലേത് വലിയ ആഘാതം

നടുവണ്ണൂര്‍: ഗ്രാമപ്പഞ്ചായത്ത് രൂപംകൊണ്ടതുമുതല്‍ ഇടതിനൊപ്പംനിന്ന കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ യുഡിഎഫ് വന്‍മുന്നേറ്റം നടത്തി ഇത്തവണ തുല്യശക്തികളായി മാറി. എല്‍ഡിഎഫും യുഡിഎഫും 10 വാര്‍ഡുകള്‍ വീതംനേടിയാണ് തുല്യതനേടിയത്. പഞ്ചായത്ത് പ്രസിഡന്റ് അടക്കം ഇത്തവണ പരാജയപ്പെട്ടു.

തുറയൂരില്‍ സിപിഐയെ തഴഞ്ഞു; യുഡിഎഫ് പിടിച്ചു

പയ്യോളി: യുഡിഎഫിന്റെ കടന്നുകയറ്റത്തില്‍ തുറയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ എല്‍ഡിഎഫിന് അടിതെറ്റി. ഇടതുമുന്നണിയിലെ അനൈക്യം ചര്‍ച്ചയായ തിരഞ്ഞെടുപ്പുകൂടിയായിരുന്നു ഇത്. സിപിഐ എട്ടു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് പാര്‍ട്ടിചിഹ്നത്തില്‍ മത്സരിച്ചത് സംസ്ഥാനതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എല്‍ഡിഎഫ് കണ്‍വീനറുടെ നിയോജകമണ്ഡലമായ പേരാമ്പ്രയില്‍ പെടുന്ന സ്ഥലമാണ് തുറയൂര്‍ എന്നതിനാലായിരുന്നു ഇത്. നിലവില്‍ അഞ്ചുസീറ്റ് ഉണ്ടായിരുന്ന യുഡിഎഫ് ഇത്തവണ ഒന്‍പത് സീറ്റാണ് പിടിച്ചത്. എട്ട് സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് അഞ്ചിലൊതുങ്ങി.

യുഡിഎഫ് വിജയിച്ചതെല്ലാം വന്‍ ഭൂരിപക്ഷത്തിലാണ്. എല്‍ഡിഎഫില്‍ ഒരാള്‍ക്കുമാത്രമേ ഭൂരിപക്ഷം 100 കടത്താന്‍ കഴിഞ്ഞുള്ളൂ. എല്‍ഡിഎഫില്‍ ഒരാള്‍ ജയിച്ചത് അഞ്ചുവോട്ടിനാണ്. നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡും സിപിഎം പയ്യോളി ഏരിയാ സെക്രട്ടറിയുടെ വാര്‍ഡും നഷ്ടപ്പെട്ടു.

Content Highlights: CPM faces significant defeat in Kozhikode`s strongholds, including the Mayor`s ward. LDF`s dominance erodes in grama panchayats.