ജോസ് കെ.മാണി ഫാക്ടർ തുണച്ചില്ല!; കോട്ടയം ജില്ലാ പഞ്ചായത്ത് തിരിച്ചുപിടിച്ച് യുഡിഎഫ്

കോട്ടയം: കേരള കോൺഗ്രസ് (എം)-ന്റെ പിൻബലത്തിൽ കോട്ടയം ജില്ലാ പഞ്ചായത്തിൽ ഭരണത്തുടർച്ചയെന്ന എൽ.ഡി.എഫിന്റെ ലക്ഷ്യത്തിന് തിരിച്ചടി. ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് കോൺഗ്രസും യുഡിഎഫും. 23-ൽ 17 സീറ്റുകൾ നേടി ആധികാരിമായാണ് കോൺഗ്രസിന്റെ വിജയം. എൽഡിഎഫ് 6 സീറ്റിൽ ഒതുങ്ങി. ജനപക്ഷത്തിന്റെ വരവോടെ കഴിഞ്ഞ തവണ ലഭിച്ച ഏക സ്ഥാനം എൻഡിഎയ്ക്ക് നിലനിർത്താനും സാധിച്ചില്ല.
കേരള കോൺഗ്രസ് എമ്മിനെ പ്രതിരോധിക്കാൻ കഴിഞ്ഞ തവണ ഘടകകക്ഷികൾക്ക് നൽകിയ രണ്ട് സീറ്റുകൾ തിരിച്ചെടുത്ത് 16 സീറ്റികളിൽ സ്വന്തം സ്ഥാനാർഥികളെ കളത്തിലിറക്കിയാണ് കോൺഗ്രസ് ഇത്തവണ മത്സരിച്ചത്. സീറ്റ് ചർച്ചകളിൽ ആദ്യം 23-ൽ എട്ട് സീറ്റുകൾ കേരള കോൺഗ്രസിനെന്ന് ധാരണയായെങ്കിലും ഒന്ന് തിരിച്ചെടുത്തു. മുസ്ലീം ലീഗിന് മുണ്ടക്കയം സീറ്റ് നൽകാമെന്ന തരത്തിൽ ചർച്ചകൾ നടന്നെങ്കിലും നൽകിയില്ല.
മറുവശത്ത്, എൽഡിഎഫിലേക്കുള്ള മാണി വിഭാഗത്തിന്റെ വരവ് കഴിഞ്ഞതവണ ഭരണംകിട്ടാൻ കാരണമായെന്ന വിലയിരുത്തലിൽ അർഹമായ പരിഗണന നൽകിയാണ് എൽഡിഎഫ് സീറ്റ് വിഭജനം നടത്തിയത്. അധികമുണ്ടായ ഒരു സീറ്റിൽ പൊതു സ്വതന്ത്രനാണെങ്കിലും സ്‌ഥാനാർഥി കേരള കോൺഗ്രസ് എമ്മിൽ നിന്നാണുണ്ടായിരുന്നത്. എന്നാൽ അത്തരം പരീക്ഷണങ്ങൾക്കൊന്നും ഫലം നൽകാനായില്ല.
ജനപക്ഷം ലയിച്ചതോടെ എൻഡിഎക്ക് ഷോൺ ജോർജിലൂടെ കഴിഞ്ഞ തവണ ആദ്യമായി ഒരു അംഗത്തെ ജില്ലാപഞ്ചായത്തിൽ കിട്ടിയെങ്കിലും ഇത്തവണ അത് നിലനിർത്താനായില്ല. പഴയ ജനപക്ഷത്തിന് സ്വാധീനമുള്ള പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര മേഖലകളിൽ സഹായകമാകുമെന്ന വിലയിരുത്തലിലായിരുന്നു എൻഡിഎ. പുതുമുഖങ്ങളും വനിതകളുമാണ് മത്സരരംഗത്ത് ഏറെയുമുണ്ടായിരുന്നത്. എല്ലാവരും തോറ്റു.
ജില്ലാ പഞ്ചായത്തിന്റെ ചരിത്രമെടുത്താൽ ഭരണം യുഡിഎഫിന്റെ കൈപ്പത്തിയിൽ ഭദ്രമായിരുന്നു. 2020-ലെ തിരഞ്ഞടുപ്പിലാണ് ആദ്യമായി കേവല ഭൂരിപക്ഷത്തോടെ എൽഡിഎഫിന് ജില്ലാ പഞ്ചായത്തിൽ ഭരണത്തിലെത്താനായത്. 2005-ൽ ഉപതിരഞ്ഞെടുപ്പിൽ സിപിഐ വിജയിച്ചപ്പോഴാണ് കെ.പി. സുഗുണൻ പ്രസിഡന്റായി ആദ്യ ഭരണം എൽഡിഎഫിന് ലഭിക്കുന്നത്. 2015-20 ടേമിന്റെ അവസാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദത്തെച്ചൊല്ലി കേരള കോൺഗ്രസ് മാണി-ജോസഫ് ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കമാണ് എൽഡിഎഫിലേക്ക് മാണി വിഭാഗത്തിനുള്ള വാതിൽ തുറന്നത്. ഇതോടെയാണ് യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ഇടത്തേക്ക് ചാഞ്ഞത്.