പാലയിൽ പുളിക്കക്കണ്ടം തരംഗം; നഗരസഭയിൽ സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും മകളും സഹോദരനും വിജയിച്ചു

#ഇലക്ഷൻ ഡെസ്ക്
പാലാ നഗരസഭയിൽ സ്വതന്ത്രരായി മത്സരിക്കുന്ന ബിജു പുളിക്കക്കണ്ടം, ദിയ ബിനു, അച്ഛൻ ബിനു പുളിക്കക്കണ്ടം
പാലാ നഗരസഭയിൽ സ്വതന്ത്രരായി മത്സരിക്കുന്ന ബിജു പുളിക്കക്കണ്ടം, ദിയ ബിനു, അച്ഛൻ ബിനു പുളിക്കക്കണ്ടം

പാലാ: പാലാ നഗരസഭയിൽ സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും മകൾ ദിയയും ബിനുവിന്റെ സഹോദരൻ ബിജുവും വിജയിച്ചു. ബിനു പുളിക്കക്കണ്ടം 14-ലും ബിജു പുളിക്കക്കണ്ടം 13-ലും ബിനുവിന്റെ മകൾ 21-കാരിയായ ദിയ 15-ലുമാണ് ജനവിധി തേടിയത്. ഈ മൂന്ന് വാർഡുകളിലും യുഡിഎഫിന് സ്ഥനാർഥികളുണ്ടായിരുന്നില്ല. മൂന്നു വാർഡുകളിലും ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്മയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.

ബിനു പുളിക്കക്കണ്ടം കോൺഗ്രസ് നേതാവായാണ് ആദ്യം നഗരസഭാംഗമായത്. പിന്നീട് സ്വതന്ത്രനായി വിജയിച്ചു. 2015-ൽ ബിജെപി ടിക്കറ്റിൽ വിജയിച്ച് പാലായിൽ ആദ്യമായി താമര വിരിയിച്ചു. അന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സഹോദരൻ ബിജുവായിരുന്നു പ്രധാന എതിരാളി. 2020-ൽ സിപിഎം പ്രതിനിധിയായി പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചു. സിപിഎമ്മിന്റെ ചിഹ്നത്തിൽ വിജയിച്ച ഏക ഇടതുപക്ഷ അംഗമായിരുന്നു ബിനു. ജോസ് കെ.മാണിയെ പരസ്യമായി വിമർശിച്ചിരുന്ന ബിനുവിന് കേരള കോൺഗ്രസിന്റെ സമ്മർദംമൂലം ചെയർമാൻ സ്ഥാനം നൽകാൻ സിപിഎം തയ്യാറായില്ല. ഇക്കുറി വീണ്ടും സ്വതന്ത്രനായി രംഗത്തിറങ്ങുകയായിരുന്നു.

ബിജു പുളിക്കക്കണ്ടം ദീർഘനാൾ കേരള കോൺഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. സിനിമാരംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന ബിജു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സന്തത സഹചാരിയും ഉറ്റ സുഹൃത്തുമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിയുടെ വിജയത്തിനായി തൃശ്ശൂരിൽ ഒപ്പമുണ്ടായിരുന്നു. ദിയ മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദമെടുത്തശേഷം എംബിഎ പഠനത്തിനൊരുങ്ങുമ്പോഴാണ് ദിയ മത്സരരംഗത്ത് ഇറങ്ങിയത്.