ഹരിത ചട്ടലംഘനം; കോട്ടയത്ത് പിഴയായി ഈടാക്കിയത് 7.5 ലക്ഷം രൂപ

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്കായി തടിമില്ലിൽ പ്രചരണ ബോർഡുകൾ തയ്യാറാക്കുന്നു | ഫോട്ടോ: മാതൃഭൂമി
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്കായി തടിമില്ലിൽ പ്രചരണ ബോർഡുകൾ തയ്യാറാക്കുന്നു | ഫോട്ടോ: മാതൃഭൂമി

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഹരിത ചട്ടലംഘനത്തിൽ ഇതുവരെ പിഴയായി ഈടാക്കിയത് 7.5 ലക്ഷം രൂപ. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്തിയതോടെയാണിത്. 265 പരിശോധനകളിലായി 93 നിയമലംഘനങ്ങൾ കണ്ടെത്തിയാണ് പിഴ ഈടാക്കിയത്. 

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ മേൽനോട്ടത്തിലാണ് എൻഫോഴ്‌സ്‌മെന്റ് സംഘം. പ്ലാസ്റ്റിക്-പിവിസി ഫ്ളക്സ് എന്നിവ പൂർണ്മായും പ്രചാരണങ്ങളിൽ നിരോധിച്ചിട്ടുണ്ട്.

ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ തുടങ്ങിയവ നിർമിക്കാൻ പേപ്പറോ മലിനീകരണ നിയന്ത്രണബോർഡ് സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടൺ, പുനഃചംക്രമണം ചെയ്യാവുന്ന പോളിഎത്തിലീൻ പോലുള്ളവ ഉപയോഗിക്കാം. പോളിഎത്തിലീൻ ഷീറ്റുകളിൽ പിസിബി അംഗീകൃത ക്യുആർ കോഡ്, പിവിസി ഫ്രീ റീസൈക്ലബിൾ ലോഗോ, പ്രിന്ററുടെ വിശദാംശങ്ങൾ എന്നിവ നിർബന്ധമായും വേണം.