രണ്ടില വാടി, പാലാ കോട്ട വീണു; ശക്തികേന്ദ്രങ്ങളില്‍ അടിപതറി കേരള കോണ്‍ഗ്രസ്(എം); തിരിച്ചടിയായി പുളിക്കക്കണ്ടം ബ്രദേഴ്സിന്റെ ജയവും

#Election Desk
പാലായിലെ വീട്ടില്‍ തിരഞ്ഞെടുപ്പുഫലം ടിവിയില്‍ കാണുന്ന കേരള കോൺഗ്രസ് എം ചെയര്‍മാൻ ജോസ് കെ. മാണി(ഇടത്ത്) പാലാ നഗരസഭയില്‍ വിജയിച്ച സ്വതന്ത്രസ്ഥാനാര്‍ഥികളായ ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവര്‍ ആഹ്ലാദപ്രകടനത്തില്‍(വലത്ത്) | ഫോട്ടോ: ജി. ശിവപ്രസാദ്
പാലായിലെ വീട്ടില്‍ തിരഞ്ഞെടുപ്പുഫലം ടിവിയില്‍ കാണുന്ന കേരള കോൺഗ്രസ് എം ചെയര്‍മാൻ ജോസ് കെ. മാണി(ഇടത്ത്) പാലാ നഗരസഭയില്‍ വിജയിച്ച സ്വതന്ത്രസ്ഥാനാര്‍ഥികളായ ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവര്‍ ആഹ്ലാദപ്രകടനത്തില്‍(വലത്ത്) | ഫോട്ടോ: ജി. ശിവപ്രസാദ്

കോട്ടയം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തുടര്‍ച്ചയായി തദ്ദേശത്തിലും കേരള കോണ്‍ഗ്രസ് എമ്മിന് കനത്ത തിരിച്ചടി. അരനൂറ്റാണ്ട് കെ.എം. മാണിയിലൂടെ അടയാളപ്പെട്ട പാലാപട്ടണം അവരെ കൈവിട്ടു.

ജില്ലാപഞ്ചായത്തിലും പ്രതീക്ഷിച്ച നേട്ടമില്ല.2020-ലെ തദ്ദേശത്തിലും 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിലും മിന്നുന്ന പ്രകടനമാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണയോടെ ഇടതുമുന്നണി കോട്ടയത്ത് നടത്തിയത്.

നിയമസഭയിലേക്ക് മാണി ഗ്രൂപ്പിന്റെ വിജയമണ്ഡലങ്ങളായ കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പൂഞ്ഞാര്‍ എന്നിവിടങ്ങളിലെ ശക്തികേന്ദ്രങ്ങളില്‍ അടിപതറി. ജോസ് കെ. മാണിയുടെ പിന്‍ബലത്തില്‍ 2020-ല്‍ ചരിത്രത്തിലാദ്യമായി പാലാ നഗരസഭ ചുവന്നിരുന്നു. ഇടതുമുന്നണിയില്‍ കഴിഞ്ഞതവണത്തെക്കാള്‍ കൂടുതല്‍ സീറ്റ് ചോദിച്ചുവാങ്ങിയിട്ടും അതിനനുസരിച്ച് വിജയം കൊണ്ടുവരാന്‍ കഴിയാത്തത് കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയവിലപേശല്‍ ശേഷിക്ക് ക്ഷീണമാകും. ജോസ് കെ. മാണി മറുപക്ഷത്തായാലും യുഡിഎഫിന് ജയിക്കാന്‍ കഴിയുമെന്നത് കോണ്‍ഗ്രസിന് കരുത്താവും.

മുന്നണിമാറ്റം തള്ളി ജോസ്

''തിരിച്ചടിയുണ്ടായ മേഖലകളില്‍ എന്താണുണ്ടായതെന്ന് പരിശോധിക്കും. തോല്‍വിയും ജയവും അടിസ്ഥാനമാക്കിയല്ല മുന്നണിമാറ്റം തീരുമാനിക്കുന്നത്. രാഷ്ട്രീയമായ നിലപാടെടുത്താണ്. പാലാമേഖലയില്‍ മൊത്തം തിരിച്ചടി എന്ന് പറയാന്‍ കഴിയില്ല. മുത്തോലി പഞ്ചായത്തിലുംമറ്റും പാര്‍ട്ടി തിരിച്ചുവന്നു'' -ജോസ് കെ. മാണി പ്രതികരിച്ചു.

സ്റ്റാറാണ്, ബിനു പുളിക്കക്കണ്ടം ബ്രദേഴ്‌സ്

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ രാഷ്ട്രീയശത്രുവായ മുന്‍ സിപിഎം നേതാവ് ബിനു പുളിക്കക്കണ്ടം നേടിയ വന്‍വിജയമാണ് ജോസിന്റെ പാര്‍ട്ടിക്കേറ്റ വലിയ തിരിച്ചടി. ബിനു, മകള്‍ ദിയ, ബിനുവിന്റെ സഹോദരന്‍ ബിജു എന്നിവര്‍ സ്വതന്ത്രരായി വിജയം നേടി. കഴിഞ്ഞ കൗണ്‍സിലില്‍ ബിനു സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായിരുന്നു. ജോസ് കെ. മാണിയെ വിമര്‍ശിച്ചതിനാല്‍ അദ്ദേഹത്തിന് നഗരസഭാ ചെയര്‍മാന്‍ സ്ഥാനംനല്‍കുന്നത് കേരള കോണ്‍ഗ്രസ് എം എതിര്‍ത്തു. വിമര്‍ശനം ശക്തമാക്കിയ ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു. യുഡിഎഫിന് 10 സീറ്റാണ് ഇക്കുറി പാലാ നഗരസഭയില്‍. ബിനു യുഡിഎഫിനൊപ്പമാവുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസ് വിമതയായി ജയിച്ച ഒരു വനിത, യുഡിഎഫ് പക്ഷത്തേക്ക് വന്നിട്ടുണ്ട്. ഭരണം യുഡിഎഫിന് ഉറപ്പായി.

Content Highlights: Kerala Congress (M) suffers significant losses in Kottayam local body elections, including the historic Pala municipality, impacting its political bargaining power. Analysis and Jose K. Mani`s response.