മുന്നണി സ്ഥാനാർഥികൾക്ക് ഭീഷണിയായി അപരന്മാരും അപരകളും; കൂടുതൽ അപരസാന്നിധ്യം ചിറക്കടവിൽ

#ഇലക്ഷൻ ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർഥികൾക്ക് ഭീഷണിയായി അപരന്മാരും അപരകളും. ചിറക്കടവിലാണ് ഏറ്റവും കൂടുതൽ അപരസാന്നിധ്യമുള്ളത്. ഒരേ പേര് വന്നത് യാദൃശ്ചികമാണെന്നും ആരെയും പ്രത്യേക ലക്ഷ്യത്തിൽ നേരിടാനല്ല മത്സരിക്കുന്നതെന്നുമാണ് സമാനപേരുള്ളവരുടെ വാദം.

ചിറക്കടവ് പഞ്ചായത്ത് നാലാംവാർഡ് ചിത്രാഞ്ജലിയിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ കെ.കെ. സന്തോഷ്‌കുമാറിനെതിരേ സ്വതന്ത്രനായി അപരൻ. സ്വതന്ത്രൻ സന്തോഷ് കുമാർ പി. മത്സരിക്കുന്നത് ആന്റിന ചിഹ്നത്തിൽ. കെ.കെ. സന്തോഷ്‌കുമാറിന്റെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തോട് സാദൃശ്യം തോന്നുന്നതാണിത്.

ചിറക്കടവ് അഞ്ചാംവാർഡ് മൂലകുന്നിൽ എൻഡിഎ സ്ഥാനാർഥി ബിജെപിയുടെ ആനന്ദ് ജി. നായർക്കെതിരേ ആനന്ദ് സന്തോഷ് എന്ന സ്വതന്ത്രൻ പൈനാപ്പിൾ ചിഹ്നത്തിലുണ്ട്. താമരയോട് സാദൃശ്യമുള്ള ചിഹ്നമാണ് പൈനാപ്പിൾ. ചിറക്കടവ് എട്ടാംവാർഡ് ഗ്രാമദീപത്തിൽ എൻഡിഎ സ്ഥാനാർഥി ബിജെപിയിലെ സൗമ്യാ പ്രസാദാണ്. സ്വതന്ത്രയായി കുട ചിഹ്നത്തിൽ സൗമ്യ ആർ. നായർ മത്സരിക്കുന്നു.

ചിറക്കടവ് 15-ാം വാർഡ് കൊട്ടാടിക്കുന്നിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ ജയകൃഷ്ണൻ വി.ജി.(ജയരാജ്) ആണ്. കുട ചിഹ്നത്തിൽ അതേ പേരിലൊരു സ്വതന്ത്രനുണ്ട്. ജയകൃഷ്ണൻ വി.ജി.ചിറക്കടവ് 17-ാം വാർഡ് തെക്കേത്തുകവലയിൽ എൻഡിഎ സ്ഥാനാർഥി ബിജെപിയിലെ വിഷ്ണു എസ്. നായർക്കെതിരേ വിഷ്ണു പി.ബി.എന്ന സ്വതന്ത്രനുണ്ട്. താമരയോട് സാദൃശ്യമുള്ള റോസാപ്പൂവ് ആണ് ചിഹ്നം.

പുതുപ്പള്ളി പഞ്ചായത്ത് 18-ാം വാർഡ് എള്ളുകാലായിൽ എൻഡിഎ സ്ഥാനാർഥി രാജിമോൾക്ക് അപര സ്ഥാനാർഥിയായി മറ്റൊരു രാജിമോൾ ഉണ്ട്. ചങ്ങനാശ്ശേരി 15-ാം വാർഡിൽ യുഡിഎഫ് സ്വതന്ത്ര സന്ധ്യാ മനോജിന്റെ അതേ പേരുള്ള അപര രംഗത്തുണ്ട്.