അന്ന് സ്ഥാനാർഥി, ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിപ്പുകാരി

കൊല്ലം: അന്നത്തേപ്പോലെ ഇപ്പോഴും തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ് സൗമ്യ ഗോപാലകൃഷ്ണൻ. അന്ന് വോട്ടുചോദിച്ച് നാടുചുറ്റുന്ന തിരക്കിലായിരുന്നെങ്കിൽ, ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിപ്പിനുള്ള ഓട്ടപ്പാച്ചിലാണ്. ശനിയാഴ്ച രാവിലെ ഏറ്റുമാനൂരിലെ വെയർഹൗസിൽ നിന്നെത്തിച്ച വോട്ടിങ് യന്ത്രങ്ങൾ ഏറ്റുവാങ്ങി. ബൂത്തുകൾ ക്രമീകരിക്കാനുള്ള യാത്രകളായിരുന്നു പിന്നെ. ഉദ്യോഗസ്ഥ യോഗങ്ങളും.… തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സൗമ്യ ഗോപാലകൃഷ്ണൻ ശരിക്കും വോട്ടുത്സവം ആഘോഷിക്കുകയാണ്. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറായ സൗമ്യയാണ് ചങ്ങനാശ്ശേരി നഗരസഭയിലെ തിരഞ്ഞെടുപ്പ് നടത്തിപ്പുകാരി.
ഇനി നമുക്ക് 20 വർഷം പിന്നിലേക്ക് പോകാം. 2005-ൽ കൊല്ലം ജില്ലാ പഞ്ചായത്ത് കരവാളൂർ ഡിവിഷനില് സിപിഎം ഒരു കന്നിക്കാരിയെ സ്ഥാനാർഥിയാക്കി. പാർട്ടി പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ ഗോപാലകൃഷ്ണന്റെ മകൾ സൗമ്യയെ. നാമനിർദേശ പത്രിക സമർപ്പിച്ച്, തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ആ 23 കാരി നാടിന്റെ നായികയായായി. 6,840 വോട്ടുകളഉടെ ഭൂരിപക്ഷത്തിൽ വിജയം. അങ്ങനെയൊരു പൊതുപ്രവർത്തക കൂടി പിറവിയെടുത്തു. കിഴക്കൻ മലയോരത്ത് നിന്ന് കൊല്ലം ജില്ലാ ആസ്ഥാനത്തേക്ക് വണ്ടികയറിയ ഭാരതീപുരം നഭസിൽ സൗമ്യ പിന്നീട് യുവജന, മങിളാ പ്രസ്ഥാനങ്ങളുടെ നേതൃനിരയിലേക്ക് വന്നു.
പഠിത്തത്തിൽ കേമിയായിരുന്ന സൗമ്യ പൊതുപ്രവർത്തനത്തിന്റെ തിരക്കുകകൾക്കിടയില്, പിന്നെയും പഠിച്ചുകൊണ്ടിരുന്നു. ഡിവിഷനിലെ പ്രവർത്തനങ്ങൾക്കൊപ്പം പിഎസ്സി കോച്ചിങ്ങിന് ചേർന്നു. ആദ്യം ഹൈസ്കൂൾ അധ്യാപികയായി. ജില്ലാ പഞ്ചായത്തംഗം എന്ന നിലയിൽ കാലാവധി പൂർത്തിയാക്കിയ ശേഷം 2011-ലാണ് നിയമനം കിട്ടിയത്. മെമ്പറിയിരിക്കെ മൂന്നു പിഎസ്സി പരീക്ഷകൾ എഴുതി. മൂന്നിലും പട്ടികയിൽ വന്നു. അതുകൊണ്ട് തന്നെ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരത്തിന് നിന്നില്ല. അധ്യാപികയായി ചേർന്നയുടൻ പഞ്ചായത്ത് സെക്രട്ടറിയായി നിയമനം. തൊട്ടു പിന്നാലെ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസറായി(ബിഡിഒ) നിയമനം കിട്ടി.തദ്ദേശ വകുപ്പ് ഏകീകരണത്തിന് ശേഷം ഡെപ്യൂട്ടി ഡയറക്ടറായി. ‘ജനപ്രതിനിധിയായി അഞ്ചുവർഷം പ്രവർത്തിച്ചപ്പോഴത്തെ അനുഭവവും പരിചയവും വിലമതിക്കാനാവാത്തതാണ്. അതേ വകുപ്പിലെ ജോലിയിൽ അതെനിക്ക് വലിയ സഹായമാണെപ്പോഴും.’-സൗമ്യ പറഞ്ഞു.