ചെങ്കോട്ട തകര്‍ന്നു; കാൽ നൂറ്റാണ്ടിൻ്റെ കണക്കുതീർത്ത് യുഡിഎഫ്, കൊല്ലം കോർപ്പറേഷനിൽ അട്ടിമറി വിജയം

രണ്ടായിരമാണ്ടില്‍ രൂപികൃതമായ അന്നുമുതല്‍ ഇതുവരെയും ചെങ്കൊടി പാറിച്ച ചരിത്രമേ കൊല്ലം കോര്‍പറേഷന് പറയാനുള്ളൂ. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ മാറിമറിഞ്ഞു. ഏത് കൊടുങ്കാറ്റിലും ഉലയില്ലെന്ന് എല്‍ഡിഎഫ് ഉറച്ചുവിശ്വസിച്ച കൊല്ലം കൂറുമാറി. ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ ചെങ്കോട്ട തരിപ്പണമായി.
കൊല്ലം കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളില്‍ 26-ഉം പിടിച്ചെടുത്ത് യുഡിഎഫ് മുന്നിലെത്തി. എല്‍ഡിഎഫ് 17 സീറ്റുകളില്‍ ഒതുങ്ങി. എന്‍ഡിഎ 11 സീറ്റുകള്‍ നേടി. എസ്ഡിപിഐ ഒരു സീറ്റിലും വിജയിച്ചു. സിറ്റിങ് മേയറും സിപിഐ നേതാവുമായ ഹണി ബെഞ്ചമിനും മുന്‍ മേയറും മുതിര്‍ന്ന സിപിഎം നേതാവുമായ വി. രാജേന്ദ്രബാബുവും പരാജയപ്പെട്ടതും എല്‍.ഡി.എഫിന് വന്‍തിരിച്ചടിയായി. കോര്‍പ്പറേഷന്‍ ഉളിയക്കോവില്‍ ഈസ്റ്റ് ഡിവിഷനില്‍ സ്ഥാനാര്‍ഥിയായിരുന്ന വി.രാജേന്ദ്രബാബു ബിജെപി സ്ഥാനാര്‍ഥി അഭിലാഷിനോട് 293 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. വടക്കുംഭാഗം ഡിവിഷനില്‍ ഹണി ബെഞ്ചമിനെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് കുരുവിള പരാജയപ്പെടുത്തിയത് 355 വോട്ടുകള്‍ക്കും.
ഒരിക്കലും ഇളകില്ലെന്ന് സിപിഎമ്മിന് ആത്മവിശ്വാസമുണ്ടായിരുന്ന കോര്‍പ്പറേഷനുകളില്‍ പ്രധാനപ്പെട്ടതായിരുന്നു കൊല്ലം ആ ആത്മവിശ്വാസമാണ് തകര്‍ന്നുവീണത്. മുന്‍കാലങ്ങളില്‍ നിന്ന് ഇത്തവണ യുഡിഎഫ് നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്കു മുമ്പ് തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളേയും സജ്ജരാക്കി. ശബരിമല സ്വര്‍ണക്കൊള്ള കേസ് അടക്കമുള്ളവയിലെ ഭരണവിരുദ്ധവികാരവും യുഡിഎഫിന് ഗുണം ചെയ്തു എന്നുവേണം കരുതാന്‍. മാത്രമല്ല, സര്‍ക്കാര്‍ ജീവനക്കാരുടേയും വിരുദ്ധ വോട്ടുകള്‍ പെട്ടിയില്‍ വീഴുമെന്ന പ്രതീക്ഷയും യുഡിഎഫിനുണ്ടായിരുന്നു. താഴേത്തട്ടിലെ സംഘടനാ സംവിധാനം ദുര്‍ബലമാണെന്ന ആക്ഷേപമുയര്‍ന്നതും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യുമായി ബന്ധപ്പെട്ട വിവാദങ്ങളും തിരിച്ചടിയാകുമെന്ന ആശങ്കയുര്‍ന്നെങ്കിലും അത് ഏശിയില്ല.
ശബരിമല സ്വര്‍ണപ്പാളി കേസടക്കമുള്ളവ സൃഷ്ടിച്ച ഭരണവിരുദ്ധവികാരം ജില്ലയിലാകെ തിരിച്ചടിയായിട്ടുണ്ടായേക്കാം. കൂടാതെ പ്രബലമായ സിപിഎം-സിപിഐ പോരും തിരഞ്ഞെടുപ്പിനെ ബാധിച്ചുവെന്നാണ് ഉയരുന്ന അഭിപ്രായം.
Content Highlights: Kollam Corporation election results reveal a historic UDF victory after 25 years. LDF faces a major setback, with key leaders losing. Explore the results and analysis.