പുനലൂര്‍ നഗരസഭയില്‍ ബിജെപിക്ക് 13 ഇടത്ത് സ്ഥാനാര്‍ഥികളില്ല; സാങ്കേതികവും സമ്മര്‍ദ്ദവും കാരണമെന്ന് നേതൃത്വം

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

പുനലൂര്‍ : കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന ബിജെപി നേതാവ് കൊല്ലപ്പെട്ട വാര്‍ഡില്‍ ഉള്‍പ്പെടെ പുനലൂര്‍ നഗരസഭയിലെ 13 വാര്‍ഡില്‍ ബിജെപിക്കു വേണ്ടി മത്സരിക്കാന്‍ ആളില്ല. കൂടുതലും സംവരണ, വനിതാ വാര്‍ഡുകളിലാണ് സ്ഥാനാര്‍ഥികളില്ലാത്തത്. 35 വാര്‍ഡ് ഉണ്ടായിരുന്ന കഴിഞ്ഞതവണയിലെ കൗണ്‍സിലിലേക്ക് എന്‍ഡിഎ സഖ്യം 26 സീറ്റില്‍ മത്സരിച്ചപ്പോള്‍ ഒരു വാര്‍ഡ് വര്‍ധിച്ച ഇപ്പോഴത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് 23 ബിജെപി സ്ഥാനാര്‍ഥികള്‍ മാത്രം. ചിലയിടത്ത് സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലവും മറ്റു ചിലയിടത്ത് പ്രാദേശിക സമ്മര്‍ദ്ദം മൂലവും ആദ്യം നിശ്ചയിക്കപ്പെട്ട സ്ഥാനാര്‍ഥികള്‍ പിന്‍വാങ്ങുകയായിരുന്നെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

കക്കോടിനു പുറമേ തുമ്പോട്, പേപ്പര്‍മില്‍, കാഞ്ഞിരമല, മണിയാര്‍, ചാലക്കോട്, ചെമ്മന്തൂര്‍, മുസാവരി, ഗ്രേസിങ്ങ് ബ്ലോക്ക്, നെല്ലിപ്പള്ളി, കല്ലാര്‍, വിളക്കുവെട്ടം, നെടുങ്കയം വാര്‍ഡുകളിലാണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ലാത്തത്.

2020-ലെ തിരഞ്ഞെടുപ്പില്‍ കക്കോട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എസ്. സുമേഷ് 2023-ലുണ്ടായ പ്രാദേശിക സംഘര്‍ഷത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെ ആറ് സിപിഎം നേതാക്കള്‍ അറസ്റ്റിലാവുകയും ചെയ്തു. ഈ വാര്‍ഡില്‍ ഇക്കുറി ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെ 1043 വോട്ടുകള്‍ പോള്‍ ചെയ്ത ഈ വാര്‍ഡില്‍ പാര്‍ട്ടിയുടെ പുനലൂര്‍ ഈസ്റ്റ് ഏരിയ കമ്മിറ്റി അംഗം കൂടിയായിരുന്ന സുമേഷ് 138 വോട്ട് നേടിയിരുന്നു. തൊട്ടടുത്ത ഐക്കരക്കോണം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായാണ് രണ്ടാം സ്ഥാനത്തെത്തിയിരുന്നത്.

അരനൂറ്റാണ്ട് പിന്നിടുന്ന പുനലൂര്‍ നഗരസഭയുടെ ചരിത്രത്തില്‍ ആദ്യകാലത്തെ ചില സ്വതന്ത്ര സഖ്യങ്ങള്‍ ഒഴിച്ചാല്‍ ഏറിയ പങ്കും ഇടതുമുന്നണിയാണ് ഭരിച്ചിട്ടുള്ളത്. നാലരകൊല്ലം മാത്രമേ യുഡിഎഫ് ഭരിച്ചിട്ടുള്ളൂ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 21 സീറ്റും യുഡിഎഫിന് 14 സീറ്റുമാണ് ലഭിച്ചത്.

Content Highlights: BJP struggles to find candidates for 13 wards in Punalur Municipality elections