നഗരസഭകള്‍ പിടിച്ചടക്കി UDF തേരോട്ടം; മെലിഞ്ഞ് LDF, രണ്ടിടത്ത് BJP മുന്നില്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ നഗരസഭകളില്‍ യുഡിഎഫിന്റെ തേരോട്ടം. 2020-ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ അലയടിച്ച എല്‍ഡിഎഫ് തരംഗത്തിനിടയിലും യുഡിഎഫ് ബലാബലം നിന്നത് നഗരസഭകളിലായിരുന്നു. തിരഞ്ഞെടുപ്പ് നടന്ന 86 നഗരസഭകളില്‍ 55 നഗരസഭകളിലാണ് ഇത്തവണ യുഡിഎഫ് അധികാരം പിടിച്ചിരിക്കുന്നത്. 28 ഇടങ്ങളില്‍ എല്‍ഡിഎഫ് മുന്നിലെത്തിയപ്പോള്‍ രണ്ടിടങ്ങളില്‍ ബിജെപിക്ക് ഏറ്റവും വലിയ ഒറ്റ കക്ഷിയാകാന്‍ സാധിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കാത്തതിനാല്‍ അധികാരം ആര്‍ക്കെന്ന് സ്വതന്ത്രര്‍ തീരുമാനിക്കും. 42 വീതം നഗരസഭകളിലാണ് എല്‍ഡിഎഫും യുഡിഎഫും നിലവില്‍ അധികാരത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കാത്ത മട്ടന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്.
2020-ല്‍ പന്തളം,പാലക്കാട് നഗരസഭകളില്‍ അധികാരമുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ രണ്ടിടങ്ങളില്‍ മുന്നിലെത്താനായിട്ടുണ്ട് എന്നത് മാത്രമാണ് നേട്ടം. തൃപ്പൂണിത്തുറയിലും പാലക്കാടുമാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടുള്ളത്. രണ്ടിടത്തും ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടില്ല. നേരത്തെ എല്‍ഡിഎഫിന്റെ കൈവശമുണ്ടായിരുന്ന നഗരസഭയാണിത്. ബിജെപിക്ക് നഷ്ടമായ പന്തം നഗരസഭയില്‍ എല്‍ഡിഎഫാണ് ഏറ്റവും വലിയ ഒറ്റ കക്ഷി.
പത്തനംതിട്ട, അടൂര്‍,പട്ടാമ്പി, പാല, ചങ്ങാനാശ്ശേരി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, സുല്‍ത്താന്‍ ബത്തേരി, കരുഗാനപ്പള്ളി, ചിറ്റൂര്‍ തത്തമംഗലം, ഏലൂര്‍, കൂത്താട്ടുകുളം, പിറവം, കോതമംഗലം, കായംകുളം, ആലപ്പുഴ എന്നീ നഗരസഭകള്‍ എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
പെരിന്തല്‍മണ്ണ നഗരസഭ മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് എല്‍ഡിഎഫിന് നഷ്ടമായത്. നിലമ്പൂരും ഇടതിനെ കൈവിട്ടപ്പോള്‍ മലപ്പുറത്ത് പൊന്നാനി നഗരസഭയില്‍ മാത്രമാണ് എല്‍ഡിഎഫിന് അധികാരത്തിലേറാനായത്.
സംസ്ഥാന തലത്തിലെ തിരിച്ചടികള്‍ക്കിടയില്‍ പരവൂര്‍, കല്‍പറ്റ നഗരസഭകള്‍ യുഡിഎഫില്‍നിന്ന് എല്‍ഡിഎഫിന് പിടിച്ചെടുക്കാനായി എന്നതും ശ്രദ്ധേയമാണ്.
Content Highlights: UDF secures majority in 55 out of 86 municipalities in Kerala local body elections