തദ്ദേശ തിരഞ്ഞെടുപ്പ്: കാസർകോട് യുഡിഎഫിന് 57,595 വോട്ട് കൂടുതൽ

കാസർകോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജില്ലയിൽ എൽഡിഎഫിനേക്കാൾ അധികം നേടിയത് 57,595 വോട്ടുകൾ. ജില്ലാ പഞ്ചായത്ത്, നഗരസഭകൾ എന്നിവയിലെ വോട്ടുകൾ കണക്കാക്കുമ്പോഴാണിത്. യുഡിഎഫ് ആകെ 3,57,478 വോട്ട് നേടിയപ്പോൾ എൽഡിഎഫിന് 2,99,883 വോട്ടാണ് ലഭിച്ചത്. എൻഡിഎയ്ക്ക് ലഭിച്ചത് 1,66,868 വോട്ട്. മംഗൽപ്പാടിയിൽ യുഡിഎഫ് സ്ഥാനാർഥിയും മടിക്കൈയിൽ എൽഡിഎഫ് സ്ഥാനാർഥിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഒാരോ വാർഡുകളിൽ മൂന്ന് മുന്നണിക്കുമുള്ള വോട്ടർമാർ ഇതിൽ ഉൾപ്പെടുന്നില്ല.
ജില്ലയിൽ ആകെ 11,12,190 വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽ 8,32,923 പേർ വോട്ട് ചെയ്തു. 74.89 ആണ് പോളിങ് ശതമാനം. ആകെ പോൾചെയ്ത വോട്ടിന്റെ 42.92 ശതമാനം യുഡിഎഫിന് ലഭിച്ചു. 36 ശതമാനം വോട്ട് എൽഡിഎഫിനും. 20.03 ശതമാനം വോട്ട് എൻഡിഎയ്ക്കും ലഭിച്ചു. മറ്റു പാർട്ടികൾക്കും സ്വതന്ത്രൻമാർക്കുംകൂടി 1.05 ശതമാനം വോട്ടാണ് ലഭിച്ചത്.
ഗ്രാമങ്ങളിലും നഗരങ്ങളിലും യുഡിഎഫ് മുന്നിൽ
ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ വോട്ടുനിലയിൽ മുന്നിലെത്താൻ യുഡിഎഫിനായി. ജില്ലാ പഞ്ചായത്തിലെ കണക്കനുസരിച്ച് ഗ്രാമീണ മേഖലയിൽ 3,12,634 വോട്ടാണ് യുഡിഎഫിന് ലഭിച്ചത്. എൽഡിഎഫിന് ലഭിച്ചത് 2,62,587 വോട്ട്. എൻഡിഎയ്ക്ക് 1,51,649 വോട്ടും. എൽഡിഎഫ് ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്തിയെങ്കിലും യുഡിഎഫിന് 50,047 വോട്ടുകൾ കൂടുതലാണ്.
യുഡിഎഫ് നിലനിർത്തിയ കാസർകോട് നഗരസഭയിലും എൽഡിഎഫ് ഭരണത്തിലെത്തിയ കാഞ്ഞങ്ങാട് നഗരസഭയിലും വോട്ട് നിലയിൽ യുഡിഎഫാണ് മുന്നിൽ. എന്നാൽ നീലേശ്വരം നഗരസഭയിൽ എൽഡിഎഫ് മുൻതൂക്കം നിലനിർത്തി. കാസർകോട് നഗരസഭയിൽ എൽഡിഎഫ് മൂന്നാംസ്ഥാനത്താണ്. യുഡിഎഫിന് 14,161ഉം എൽഡിഎഫിന് 5643ഉം എൻഡിഎയ്ക്ക് 7166 വോട്ടും ലഭിച്ചു. എൽഡിഎഫിനേക്കാൾ 8518 വോട്ട് അധികമുണ്ട് യുഡിഎഫിന്. എൻഡിഎയേക്കാൾ 6995 വോട്ടും.
കാഞ്ഞങ്ങാട് നഗരസഭയിൽ യുഡിഎഫിന് 20,111 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിന് 19,399 വോട്ടേ ലഭിച്ചുള്ളു. നഗരസഭാ ഭരണം പിടിക്കുന്നതിന് നടന്ന ഇഞ്ചോടിഞ്ച് മത്സരത്തിലേക്ക് വെളിച്ചംവീശുന്നതാണീ വോട്ട് കണക്ക്. യുഡിഎഫിന് 712 വോട്ട് അധികമാണ്. നഗരസഭയിൽ എൽഡിഎഫിനും എൻഡിഎയ്ക്കും കഴിഞ്ഞതവണ ലഭിച്ചതിനേക്കാൾ രണ്ടുവീതം സീറ്റ് കുറഞ്ഞപ്പോൾ യുഡിഎഫ് പുതുതായിവന്ന നാലുൾപ്പെടെ എട്ട് സീറ്റുകൾ പിടിച്ചു. ഫലത്തിൽ എൽഡിഎഫിന് കേവലഭൂരിപക്ഷമില്ല. നീലേശ്വരം നഗരസഭയിൽ എൽഡിഎഫിന് 1682 വോട്ട് അധികമുണ്ട്.
എൽഡിഎഫിന് 12,254 വോട്ട് ലഭിച്ചപ്പോൾ യുഡിഎഫിന് 10,572 വോട്ടേ ലഭിച്ചുള്ളു. 2432 വോട്ടാണ് എൻഡിഎയുടെ വിഹിതം.
വോട്ട് കണക്ക്
ആകെ വോട്ട്: 1112190
പോൾ ചെയ്തത്: 832923
Content Highlights: Kasargod Local Body Elections: UDF Surpasses LDF by Over 57,000 Votes