നീലേശ്വരത്ത് പോര് നഗരസഭ പിടിക്കാൻ

നീലേശ്വരം: ജില്ലയിൽ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭയാണ് നീലേശ്വരം. 2010-ൽ നഗരസഭയായി ഉയർന്നശേഷം കഴിഞ്ഞ 15 വർഷമായി ഇടതുപക്ഷമാണ് ഭരിക്കുന്നത്. 32 വാർഡുകൾ ഉണ്ടായിരുന്ന നഗരസഭയിൽ വാർഡ് പുനർവിഭജനത്തോടെ രണ്ട് വാർഡുകൾ കൂടി 34 ആയി. നീലേശ്വരം സെൻട്രൽ, രാങ്കണ്ടം എന്നിവയാണ് പുതുതായി വന്ന വാർഡുകൾ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കക്ഷിനില സിപിഎം-19, സിപിഐ-01, ഐഎൻഎൽ-01, കോൺഗ്രസ്-07, ലീഗ്-02, കോൺഗ്രസ് വിമത-01, എസ്ഡിപിഐ-01 എന്നിങ്ങനെ ആയിരുന്നു. ഇത്തവണ മത്സരം കടുക്കും. വാർഡ് പുനർവിഭജനം എൽഡിഎഫിന് അനുകൂലമല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ചില വാർഡുകളിൽ ഫലം പ്രവചനാതീതമാണ്.
എൽഡിഎഫിന് അനുകൂലമായ പടിഞ്ഞാറ്റംകൊഴുവൽ വെസ്റ്റ്, പട്ടേന, കരുവാച്ചേരി, കൊയാമ്പുറം, കൊട്രച്ചിൽ എന്നീ വാർഡുകളിൽ ശക്തമായ മത്സരമാണ്.
ഈ വാർഡുകളാണ് നീലേശ്വരം നഗരസഭയുടെ വിധി നിർണയിക്കുന്നത്. ഇവ പിടിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമം. എന്നാൽ ഈ വാർഡുകൾ കൈവിട്ടുപോകില്ലെന്നാണ് എൽഎഡിഎഫിന്റെ പ്രതീക്ഷ.
അതേസമയം കഴിഞ്ഞ തെരഞ്ഞടുപ്പിൽ മൂന്ന് വോട്ടിന് പരാജയപ്പെട്ട പടിഞ്ഞാറ്റംകൊഴുവൽ ഈസ്റ്റും ചത്തമത്തും ഉൾപ്പെടെ മൂന്ന് വാർഡുകൾ പിടിച്ചെടുത്ത് നഗരസഭയിൽ അക്കൗണ്ട് തുറക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കഴിഞ്ഞതവണ 16 വാർഡുകളിൽ സ്ത്രീ സംവരണമായിരുന്നെങ്കിൽ ഇത്തവണ അത് 17 ആണ്. അഞ്ചാം വാർഡായ പാലക്കാട്ട് പട്ടികജാതി സംവരണ വാർഡാണ്.
Content Highlights: Nileshwaram Municipality Elections: A Deep Dive into Ward Dynamics and Political Forecasts