ആയുർവേദ ഡോക്ടർ മുതൽ നിയമ വിദ്യാർഥിനിവരെ; കാസർകോട് ജില്ലയിൽ വോട്ടുതേടുന്നത് 1466 സ്ത്രീകൾ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

തൃക്കരിപ്പൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതാ സംവരണം ഏർപ്പെടുത്തിയപ്പോൾ സംശയത്തോടും പരിഹാസത്തോടും കണ്ട കാലമൊക്കെ മാറി. കാസർകോട്ടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നയിക്കാൻ 1,466 സ്ത്രീകളാണ് വോട്ടുതേടുന്നത്. ആകെ സ്ഥാനാർഥികളുടെ 52 ശതമാനം വരുമിത്. 2,815 സ്ഥാനാർഥികളാണ് ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും മത്സരിക്കുന്നത്. സംവരണ സീറ്റിൽ മാത്രമല്ല ജനറൽ സീറ്റിലും വിവിധ രാഷ്ട്രീയപ്പാർട്ടികൾ സ്ത്രീകൾക്ക് സ്ഥാനാർഥിത്വം നൽകിയിട്ടുണ്ട്.

22 മുതൽ 71 വയസ്സുവരെയുള്ളവർ

22 വയസ്സുകാരികൾ മുതൽ 71 കാരികൾവരെ തിരഞ്ഞെടുപ്പ് ഗോദയിലുണ്ട്. ആയുർവേദ ഡോക്ടർ, നിയമ വിദ്യാർഥിനി, നഴ്സ്, മുൻ അധ്യാപികമാർ, അങ്കണവാടി വർക്കർ തുടങ്ങി വിവിധ മേഖലയിലുള്ള സ്ത്രീകളാണ് വോട്ടുതേടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ജില്ലാ പഞ്ചായത്തിലേക്കുള്ള 62 സ്ഥാനാർഥികളിൽ 30 പേർ സ്ത്രീകളാണ്. 23 കാരികളായ ചിറ്റാരിക്കൽ ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി കവിതാ കൃഷ്ണനും ചെറുവത്തൂർ ഡിവിഷൻ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി.എം. സാന്ദ്രയുമാണ് കൂട്ടത്തിലെ പ്രായംകുറഞ്ഞ സ്ഥാനാർഥികൾ. കവിത തളിപ്പറമ്പിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി -കിലയിൽ എംഎ സോഷ്യൽ ഓൺട്രപ്രെനേർഷിപ്പ് വിദ്യാർഥിനിയാണ്. സാന്ദ്ര ആലുവ ഭാരതമാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അവസാനവർഷ ബിഎ എൽഎൽബി വിദ്യാർഥിനിയും.

ചിറ്റാരിക്കൽ ഡിവിഷൻ ആം ആദ്മി പാർട്ടി സ്ഥാനാർഥി 71കാരി മറിയാമ്മയാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന പ്രായംകൂടിയ വനിതാ സ്ഥാനാർഥി. ബ്ലോക്ക് പഞ്ചായത്തുകളിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ചെങ്കള ഡിവിഷനിൽനിന്ന്‌ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി എ.കെ. നാസിഫ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മഡിയൻ ഡിവിഷനിൽനിന്ന്‌ മത്സരിക്കുന്ന പി.കെ. മഞ്ജിഷ എന്നിവരാണ് പ്രായംകുറഞ്ഞ സ്ഥാനാർഥികൾ. ഇരുവർക്കും 22 വയസ്സാണ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പെരിയ ഡിവിഷനിൽനിന്ന്‌ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി 71കാരി ശാരദ എസ്. നായരാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന പ്രായംകൂടിയ സ്ഥാനാർഥി.

മുൻപന്തിയിൽ 'വനിതകൾ'

കഴിഞ്ഞ അഞ്ചുവർഷം കാസർകോട്ടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നയിച്ച വനിതകളുടെ മികച്ച പദ്ധതികളും പ്രവർത്തനങ്ങളും തന്നെയാണ് സംവരണ സീറ്റിന് പുറമേ ജനറൽ സീറ്റിലും സ്ത്രീകളെ പരിഗണിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് പ്രേരണയായത്. സ്ഥാനാർഥിത്വത്തിൽ 'ജെൻസി'ക്കും വലിയതോതിൽ പ്രാതിനിധ്യം നൽകി.

സ്ഥാനാർഥികളുടെ എണ്ണത്തിൽ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും നേരിയ വ്യത്യാസത്തിൽ ഒന്നാം സ്ഥാനം നഷ്ടമായെങ്കിലും ഗ്രാമപ്പഞ്ചായത്തിലും നഗരസഭയിലും സ്ത്രീകൾ ബഹുദൂരം മുന്നിലാണ്. ബഹുഭൂരിപക്ഷം ഗ്രാമപ്പഞ്ചായത്തുകളിലും പകുതിയിലധികം സ്ഥാനാർഥികളും സ്ത്രീകളാണ്. ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 62 സ്ഥാനാർഥികളിൽ 30 പേർ സ്ത്രീകളാണ്. കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിൽ ആകെ മത്സരിക്കുന്ന 330 സ്ഥാനാർഥികളിൽ 175 പേരും ആറ് ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് ആകെ മത്സരിക്കുന്ന 294 സ്ഥാനാർഥികളിൽ 143 പേരും 2,129 ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥികളിൽ 1,118 പേരും സ്ത്രീകളാണ്.

Content Highlights: Women Lead the Charge: Record Female Candidates Vie for Power in Kasaragod Local Body Elections