കാറഡുക്ക ബ്ലോക്കിൽ നില മെച്ചപ്പെടുത്തി എൽഡിഎഫ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബന്തടുക്ക: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ നില മെച്ചപ്പെടുത്തി എൽഡിഎഫിന് തുടർഭരണം. 14 ഡിവിഷനുകളിൽ ഒൻപതിടങ്ങളിലാണ് എൽഡിഎഫ് ജയിച്ചത്. യുഡിഎഫ് മൂന്ന്, ബിജെപി രണ്ട് ഡിവിഷനുകളിലും ജയിച്ചു. ബെള്ളൂർ, അഡൂർ, കുറ്റിക്കോൽ, പടുപ്പ്, മുന്നാട്, കുണ്ടംകുഴി, കൊളത്തൂർ, മുളിയാർ, കാറഡുക്ക എന്നിവിടങ്ങളിലാണ് എൽഡിഎഫ് ജയിച്ചത്. ആദൂർ, ദേലമ്പാടി, പൊവ്വൽ എന്നിവിടങ്ങളിൽ യുഡിഎഫ് ജയിച്ചു. മൊവ്വാർ, കുംബഡാജെ എന്നിവിടങ്ങളിൽ ബിജെപിയും ജയിച്ചു.

ബിജെപി 14 ഡിവിഷനിലും മത്സരിച്ചിരുന്നു. എൽഡിഎഫിന് 12 ഡിവിഷനുകളിൽ സിപിഎം സ്ഥാനാർഥികളായിരുന്നു. മൊവ്വാർ, പൊവ്വൽ എന്നിവിടങ്ങളിൽ സിപിഐ സ്ഥാനാർഥികളാണ് മത്സരിച്ചത്. ഇതിൽ മൊവ്വാറിൽ സിപിഐ മൂന്നാംസ്ഥാനത്തായി. യുഡിഎഫിന് 12 ഇടങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളാണ് മത്സരിച്ചത്.

യുഡിഎഫ് ഘടകകക്ഷികളായ കോൺഗ്രസും ലീഗും പടുപ്പ് ഡിവിഷനിൽ പരസ്പരം മത്സരിച്ചത് ഇത്തവണ കാറഡുക്കയുടെ പ്രത്യേകതയായി. പടുപ്പിനെ കൂടാതെ ബെള്ളൂരിലും മുളിയാറിലും ലീഗ് സ്ഥാനാർഥികൾ മത്സരിച്ചിരുന്നു. ലീഗ് മത്സരിച്ച മൂന്നിടങ്ങളിലും യുഡിഎഫിന് ജയിക്കാനായില്ല.

കുംബഡാജെ ഡിവിഷനിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി എച്ച്. നരേന്ദ്രകുമാർ 1221 വോട്ട് നേടി മൂന്നാം സ്ഥാനം നേടി. 1002 വോട്ട് നേടിയ എൽഡിഎഫ് ഇവിടെ നാലാംസ്ഥാനത്തായി. കുറ്റിക്കോൽ, ബേഡഡുക്ക, ദേലമ്പാടി, മുളിയാർ, കുംബഡാജെ, കാറഡുക്ക, ബെള്ളൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് കാറഡുക്ക ബ്ലോക്ക്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റാണ് എൽഡിഎഫിന് ലഭിച്ചിരുന്നത്. യുഡിഎഫ്, ബിജെപി എന്നിവ മൂന്നുവീതം സീറ്റുകൾ നേടിയിരുന്നു.

പുനർവിഭജനത്തിന് മുൻപുണ്ടായിരുന്ന ഡിവിഷനുകളായ ദേലമ്പാടി, അഡൂർ, കുറ്റിക്കോൽ, ബേഡകം, കുണ്ടംകുഴി, പെർളടുക്കം, കാറഡുക്ക എന്നിവിടങ്ങളിലാണ് എൽഡിഎഫ് വിജയിച്ചിരുന്നത്. ആദൂർ, ബന്തടുക്ക, മുളിയാർ എന്നിവിടങ്ങളിലാണ് യുഡിഎഫ് ജയിച്ചത്. മൊവ്വാർ, കുംബഡാജെ, ബെള്ളൂർ എന്നിവിടങ്ങളിൽ ബിജെപിയുമായിരുന്നു ജയിച്ചത്.

Content Highlights: LDF Secures Consecutive Victory in Karadukka Block Panchayat Elections