ദേലമ്പാടിയിൽ അതിർത്തികൾ മാറിയതോടെ പുതിയ പ്രതീക്ഷയിൽ മുന്നണികൾ

#ന്യൂസ് ഡെസ്ക്
ഒ. വത്സലഎൽഡിഎഫ്, പ്രേമാ അജക്കോട്, യുഡിഎഫ്, ബേബി ജി. മണിയൂർ, ബിജെപി
ഒ. വത്സലഎൽഡിഎഫ്, പ്രേമാ അജക്കോട്, യുഡിഎഫ്, ബേബി ജി. മണിയൂർ, ബിജെപി

കാസർകോട്: ആർക്കൊപ്പവും എല്ലാകാലവും ഉറച്ചുനിൽക്കാതെ ഇടതിനെയും വലതിനെയും ഒപ്പം ചേർത്തു. അതിർത്തികൾ മാറിയതോടെ സ്വഭാവം മാറിയെന്നും ഡിവിഷൻ തുണയ്ക്കുമെന്നുമുള്ള പ്രതീക്ഷയോടെയാണ് മുന്നണികൾ ദേലമ്പാടി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കുന്നത്.

ഇടതുമുന്നണിയും വലതുമുന്നണിയും ബലാബലം പോരാടുന്ന ഡിവിഷനിൽ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന പ്രഖ്യാപനവുമായി എൻഡിഎയുമുണ്ട്. ഫലത്തിൽ ത്രികോണപ്പോരിന്റെ ചൂടും ചൂരും ദേലമ്പാടിയുടെ അന്തരീക്ഷത്തിൽ നിറയുന്നുണ്ട്.

ദേലമ്പാടി, കാറഡുക്ക, മുളിയാർ, ബെള്ളൂർ, കുമ്പഡാജെ, ബേഡഡുക്ക ഗ്രാമപ്പഞ്ചായത്തുകളിലെ 49 വാർഡുകൾ ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്തിലെ ദേലമ്പാടി ഡിവിഷൻ. ബെള്ളൂർ പഞ്ചായത്തിലെ പള്ളപ്പാടി, ബസ്തി, ബെള്ളൂർ, നാട്ടക്കൽ, കായ്മല, നെട്ടണിഗെ വാർഡുകളും കുമ്പഡാജെയിലെ ചെറൂണി, ബെളിഞ്ച, ഗാഡിഗുഡ്ഡെ വാർഡുകളും ഡിവിഷനിൽ ഉൾപെടും. കാറഡുക്കയിലെ ഒന്ന്, രണ്ട് വാർഡുകൾ ഒഴികെയുള്ള 14 വാർഡുകളും ദേലമ്പാടിയിലെ മുഴുവൻ വാർഡുകളും ഡിവിഷനിലാണ്. മുളിയാർ പഞ്ചായത്തിലെ പാണൂർ, കാനത്തൂർ, ഇരിയണ്ണി, ബേപ്പ്, മുളിയാർ, ബോവിക്കാനം, പാത്തനടുക്കം, കോട്ടൂർ വാർഡും ബേഡഡുക്കയിലെ വട്ടംതട്ടയുമുണ്ട്. 52000-ഓളം വോട്ടർമാർ വിധിയെഴുതേണ്ട ഡിവിഷനിൽ വോട്ടുകണക്കിലാണ് മുന്നണികൾ കണ്ണ് വെക്കുന്നത്.

യുഡിഎഫ് കേന്ദ്രമായ മുളിയാറിലെ നല്ലൊരു ഭാഗം ഡീലിമിറ്റേഷനിൽ മറ്റൊരു ഡിവിഷനിലേക്ക് മാറിപ്പോയത് ഇടതുമുന്നണിക്ക് പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞ തവണ മുസ്‌ലിം ലീഗിലെ പി.ബി. ഷെഫീഖ് ഡിവിഷനിൽ വിജയിച്ചത് 263 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഈ ഭൂരിപക്ഷം മറികടക്കാൻ നിലവിലെ സാഹചര്യം അനുകൂലമെന്ന് എൽഡിഎഫ് നേതൃത്വം പറയുന്നു. അതായത് ആകെ വാർഡുകളിൽ 25 വാർഡുകളിൽ ഭൂരിപക്ഷമുണ്ടെന്ന് കണക്കുകൾ സഹിതം അവർ പറയുന്നു.

അതേസമയം ഡിവിഷൻ നിലനിർത്താൻ അടുക്കും ചിട്ടയോടെയും പ്രവർത്തിക്കുകയാണ് യുഡിഎഫ്. മുസ്‌ലിം ലീഗിന്റെ ഏണി ചിഹ്നത്തിൽ ദളിത് ലീഗിലെ പ്രവർത്തകയെ രംഗത്തിറക്കുന്നത് അനുകൂല ഘടകമായി മാറുമെന്നാണ് വിലയിരുത്തൽ. പൊവ്വൽ ഉൾപ്പെടെ ഡിവിഷനിൽനിന്ന് വേർപെട്ടെങ്കിലും സിപിഎമ്മിന്റെ സ്വാധീനമേഖലയായ ദേലമ്പാടി പഞ്ചായത്തിൽ പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ യുഡിഎഫിന് അനുകൂലമായ വോട്ടായി മാറുമെന്ന് നേതാക്കൾ പറയുന്നു. പ്രാദേശികവിഷയം ജില്ലാ ഡിവിഷൻ വോട്ടെടുപ്പിലും പ്രതിഫലിച്ചാൽ മണ്ഡലം പിടിക്കാനായി ശ്രമിക്കുന്ന സിപിഎമ്മിന് തിരിച്ചടിയാകും.

എൻഡിഎക്കും പ്രാദേശികമായി ഏറെ സ്വാധീനമുണ്ട്. കാറഡുക്ക, ബെള്ളൂർ, കുമ്പഡാജെ പഞ്ചായത്തുകളിൽ വോട്ടുകണക്കിൽ മുൻപിലാണ് ബിജെപി. ദേലമ്പാടി പഞ്ചായത്തിലും ചെറുതല്ലാത്ത മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ടെന്ന് നേതാക്കൾ പറയുന്നു. കാലേക്കൂട്ടി പ്രവർത്തനമാരംഭിച്ചത് വോട്ടായി മാറുമെന്ന പ്രതീക്ഷ അവർക്കുണ്ട്.

സിപിഎമ്മിൽ വത്സല

സിപിഎമ്മിലെ ഒ. വത്സലയെയാണ് സിപിഎം രംഗത്തിറക്കിയിട്ടുള്ളത്. ആദ്യം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതിനാൽ പ്രചരണത്തിൽ ഏറെ മുന്നോട്ട് പോകാനായി. മഹിളാ അസോസിയേഷന്റെ ഏരിയാ പ്രസിഡന്റെന്ന നിലയിൽ ഡിവിഷനിലാകെ പരിചയമുള്ളയാളാണ് വത്സല. തൊഴിലുറപ്പ് മേറ്റെന്ന നിലയിലും കുടുംബശ്രീ സിഡിഎസ് അംഗമെന്ന നിലയിലും വർഷങ്ങളായി പൊതുരംഗത്തുണ്ട്. നേരത്തെ 2015-20 കാലയളവിൽ ബ്ലോക്ക് പഞ്ചായത്തംഗമായി മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചിരുന്നു. ഡിവിഷനിലെ വോട്ടറെന്ന നിലയിൽ നാടിന്റെ പിന്തുണയും അനുകൂല ഘടകമാണെന്ന വിലയിരുത്തലിലാണ് സിപിഎം.

ലീഗിൽ പ്രേമ

ദളിത് ലീഗ് പ്രവർത്തകയായ പ്രേമാ അജക്കോടിനെ സംവരണ വാർഡിലല്ലാതെ മത്സരിപ്പിച്ച് ഡിവിഷൻ നിലനിർത്തുകയെന്ന ദൗത്യത്തിലാണ് യുഡി

എഫ് പ്രവർത്തകർ. ലീഗിലെ പി.ബി. ഷെഫീഖിന്റെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകുമെന്ന് അവർ ഉറപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാൻ ദേലമ്പാടി നിലനിർത്തേണ്ടതിന്റെ അനിവാര്യതയിൽ നേതാക്കൾ അധികവും ഇവിടെ കേന്ദ്രീകരിക്കുന്നുമുണ്ട്. ഡിവിഷന് പുറത്ത് നിന്നുള്ളയാളാണെങ്കിലും നല്ല സ്വീകാര്യതയുണ്ടെന്ന് പ്രേമ പറഞ്ഞു. ആദ്യമായാണ് മത്സരിക്കുന്നത്. ഇതിനകം മൂന്ന് തവണ ഡിവിഷൻ പൂർണമായും സഞ്ചരിച്ചു. കൺവെൻഷനുകൾക്ക് പിന്നാലെ പൊതുപര്യടനത്തിലേക്ക് കടക്കും.

ബിജെപിയിൽ ബേബി

കാസർകോട് സാരീസിൽ നെയ്ത്തു ജോലിചെയ്യുന്ന ബേബി ജി. മണിയൂരാണ് ഡിവിഷനിൽ താമര വിരിയിക്കുന്നതിനുള്ള മത്സരത്തിലുള്ളത്. രണ്ട് പഞ്ചായത്തുകളിലെ വ്യക്തമായ മുന്നേറ്റം ഇക്കുറി ഗുണം ചെയ്യുമെന്ന് സ്ഥാനാർഥി.

നാട്ടുകാരിയായതിനാൽ ദേലമ്പാടി പഞ്ചായത്തിൽ സുപരിചിതയാണ്. കഴിഞ്ഞതവണ ബ്ലോക്ക് ഡിവിഷനിലേക്ക് മത്സരിച്ചിട്ടുണ്ട്. അതിർത്തികൾ മാറിയത് അനുകൂലമായി പ്രതീക്ഷയും അവർ പങ്കുവെക്കുന്നു.

Content Highlights: Kasaragod District Panchayat Elections: A Fierce Triangular Contest Unfolds in Delampadi Division