ഇടതുമുന്നണി സ്ഥാനാർഥിയുടെ വീട്ടുവളപ്പിൽ നാടൻബോംബ് പൊട്ടി; വളർത്തുനായ ചത്തു, അന്വേഷണം ആരംഭിച്ചു

പ്രകാശൻ കുമ്പഡാജെയുടെ വീട്ടുവളപ്പിൽനിന്ന്‌ പൊട്ടാതെ കിട്ടിയ ബോംബ്
പ്രകാശൻ കുമ്പഡാജെയുടെ വീട്ടുവളപ്പിൽനിന്ന്‌ പൊട്ടാതെ കിട്ടിയ ബോംബ്

ബദിയഡുക്ക: കുമ്പഡാജെയിൽ സ്ഥാനാർഥിയുടെ വീടിനു സമീപത്തുണ്ടായ നാടൻബോംബ് സ്ഫോടനത്തിൽ വളർത്തുനായ ചത്തു. വിവരമറിഞ്ഞെത്തിയ ബദിയഡുക്ക പോലീസ് പൊട്ടാതെകിടന്ന മൂന്നു നാടൻബോംബുകൾ കസ്റ്റഡിയിലെടുത്തു. ജില്ലാ പഞ്ചായത്ത് ബദിയടുക്ക ഡിവിഷനിലെ ഇടതുമുന്നണി സ്ഥാനാർഥി സിപിഐയിലെ പ്രകാശൻ കുമ്പഡാജെയുടെ വീടിനുസമീപത്തെ തോട്ടത്തിലാണ് വ്യാഴാഴ്ച രാവിലെ ഏഴോടെ ഉഗ്രശബ്ദത്തോടെ സ്ഫോടനം നടന്നത്.

ശബ്ദം കേട്ട് ആളുകൾ സ്ഥലത്തെത്തിയപ്പോൾ പ്രകാശന്റെ വളർത്തുനായ ചത്തുകിടക്കുന്നതാണ് കണ്ടത്. സമീപത്തു മറ്റു മൂന്നുബോംബുകൾ കൂടി കണ്ടെത്തിയതോടെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്ത് കാട്ടുപന്നിശല്യം രൂക്ഷമാണ്. പന്നികളെ കൊല്ലാൻ വെച്ച പന്നിപടക്കമാണ് പൊട്ടിയതെന്നു സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: bomb blast near candidates house