വോട്ടു കണക്കാക്കിയതിൽ അപാകമുണ്ടെന്ന് പരാതി; വീണ്ടും എണ്ണി, ഒടുവിൽ ആശ്വാസം

കാഞ്ഞങ്ങാട്: പ്രതീക്ഷയോടെയായിരുന്നു യുഡിഎഫ് പ്രവർത്തകർ. ഇടതുപ്രവർത്തകരിൽ ആശങ്കയും. എല്ലാമൊഴിഞ്ഞു ആ ഒന്നേകാൽ മണിക്കൂറിൽ. ദുർഗാ സ്കൂളിന്റെ അകത്തളത്തിൽനിന്ന് ആദ്യമിറങ്ങിയത് ഇടതുമുന്നണി പ്രവർത്തകർ. ‘വേണ്ടാത്ത ഓരോ പരാതികൾ’ -അവരുടെ ഈയൊരു വാക്കിൽ ഒരു മാറിമറിയലുമുണ്ടായിരുന്നില്ലെന്ന് വ്യക്തമായി. പിന്നാലെ പുറത്തേക്കിറങ്ങിയ യുഡിഎഫുകാരുടെ കമന്റ് 'സംശയം തീർക്കണം, അത് തീർന്നു’.
ജില്ലാ പഞ്ചായത്തിലേക്കുള്ള ബേക്കൽ ഡിവിഷന്റെ ചില ബൂത്തുകളിൽ വോട്ടു കണക്കാക്കിയതിൽ അപാകമുണ്ടെന്ന പരാതിയിലാണ് കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറി സ്‌കൂളിൽ വീണ്ടും എണ്ണിയത്. കളക്ടർ കെ. ഇമ്പശേഖറിന്റെ സാന്നിധ്യത്തിൽ 29 യന്ത്രങ്ങളും തുറന്ന് വോട്ടുകൾ എഴുതിവെച്ച് ഒടുവിൽ കൂട്ടി. കഴിഞ്ഞ ദിവസം കൂട്ടിയതിൽ തലനാരിഴയ്ക്കുള്ള വ്യത്യാസമുണ്ടായിരുന്നില്ല.
ഇടതുമുന്നണി സ്ഥാനാർഥി ടി.വി. രാധികയ്ക്ക് 9945, യുഡിഎഫ് സ്ഥാനാർഥി ഷഹീദ റാഷിദിന് 5735. എൻഡിഎ സ്ഥാനാർഥി മാലതി രാഘവന് 2530. ആകെ 18,210. അസാധുവായത് 40 വോട്ടുകൾ.
വരണാധികാരി കൂടിയായ കാഞ്ഞങ്ങാട് ആർഡിഒ കെ. ബാലഗോപാലൻ, ഉപ വരണാധികാരിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുമായ എസ്. ഹരികൃഷ്ണൻ, ഉദ്യോഗസ്ഥർ എം.പി.ഷനിജ്, ടി.വി. സജീവൻ, പി. ഗോപാലകൃഷ്ണൻ, അനിൽ വർഗീസ്, വി.വി. ശശി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു റീക്കൗണ്ടിങ്. ചീഫ് ഏജന്റും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പി.മണിമോഹൻ, കെ.രവീന്ദ്രൻ, കെ.അജയകുമാർ, പി.വി.പദ്മരാജൻ, പി.അനിൽകുമാർ, കെ.വി.ഭാസ്‌കരൻ, വി.സൂരജ് എന്നിവർ ഇടതുമുന്നിക്കു വേണ്ടിയും ചീഫ് ഏജന്റും ഡിസിസി വൈസ് പ്രസിഡന്റുമായ സാജിദ് മൗവ്വൽ, സുകുമാരൻ പൂച്ചക്കാട്, കെ.ഇ.എ.ബക്കർ, അബ്ദുൾബഷീർ,സിദ്ദിഖ് പള്ളിപ്പുഴ, അബ്ദുൾ സത്താർ,കെ.ഷർഫുദീൻ എന്നിവർ യുഡിഎഫിനു വേണ്ടിയും ഹാജരായി. ബേക്കൽ ഡിവിഷനിലെ പള്ളിക്കരപ്പഞ്ചായത്തിൽ ഉൾപ്പെട്ട അരവത്ത്,തച്ചങ്ങാട്, പനയാൽ,പെരിന്തട്ട,കരിച്ചേരി, കൂട്ടപ്പുന്ന,ബങ്കാട്,കുന്നൂച്ചി, വെളുത്തോളി, കരുവാക്കോട്, പാക്കം, ആലക്കോട്, കൂട്ടക്കനി, കീക്കാൻ,പൂച്ചക്കാട്,കല്ലിങ്കാൽ,പള്ളിക്കര എന്നീ ബൂത്തുകളിലാണ് റീകൗണ്ടിങ് നടന്നത്. സിപിഎമ്മിലെ ടി.വി.രാധിക 267 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
Content Highlights: Bekal Division election re-counting held at Kanhangad Durga Higher Secondary School.