മുഖ്യമന്ത്രി ‘രാജാവ്’, മന്ത്രി എം.ബി. രാജേഷ് ‘ഭൃത്യൻ’; AI വീഡിയോ; കമ്മിഷൻ നിർദേശത്തിന് പുല്ലുവില

#എം.ഷമീർ
പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെയും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷിനെയും ആക്ഷേപഹാസ്യ കഥാപാത്രങ്ങളാക്കി തയ്യാറാക്കിയ നിർമിതബുദ്ധി (എഐ) വീഡിയോ ഉപയോഗിച്ച് സാമൂഹിക മാധ്യമത്തിൽ പ്രചാരണം. മുഖ്യമന്ത്രിയെ രാജാവിനോട് ഉപമിച്ചും മന്ത്രി രാജേഷിനെ ഭൃത്യനായും ചിത്രീകരിച്ചാണ് 'പട്ടിയുണ്ട് സൂക്ഷിക്കുക' എന്ന വിവരണത്തോടെ സാമൂഹികമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. സറ്റയർ/പാരഡി എന്ന വിഭാഗത്തിൽ ഫെയ്‌സ്ബുക്കിൽ തയ്യാറാക്കിയ പേജിലാണീ വീഡിയോ.

സംസ്ഥാനത്തെ തെരുവുനായശല്യം പ്രമേയമാക്കി തയ്യാറാക്കിയതാണ് വീഡിയോ. ഭൃത്യനായ മന്ത്രി രാജേഷിന്റെ കഥാപാത്രം രാജാവായി ചിത്രീകരിച്ചിരിക്കുന്ന പിണറായി വിജയനോട് സംസ്ഥാനത്തെ തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റവരുടെയും മരിച്ചവരുടെയും കണക്ക് പറയുന്നതും അതിന് പിണറായി മറുപടി പറയുന്നതുമാണ് ദൃശ്യത്തിലുള്ളത്. ഇംഗ്ലീഷിലുള്ള ഉപശീർഷകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പേജിന്റെ കമന്റ് ബോക്സിൽ ഇരുമുന്നണികളുടെയും പ്രവർത്തകരും പരസ്പരം കൊമ്പുകോർക്കുന്നുണ്ട്.

തദ്ദേശതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ നിൽക്കെ, എഐ ടൂളുപയോഗിച്ചുള്ള ദൃശ്യങ്ങളുടെ നിർമാണത്തിനും പ്രചാരണത്തിനും തിരഞ്ഞെടുപ്പ് കമ്മിഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് വിരുദ്ധമായാണ് ദൃശ്യങ്ങളെന്നും പരാതി ഉയർന്നിട്ടുണ്ട്. ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ തെറ്റിദ്ധരിപ്പിക്കുന്നരീതിയിൽ മാറ്റിയും അനുമതിയില്ലാതെയും പ്രചരിപ്പിക്കുന്നതും പൂർണമായും നിരോധിച്ചെന്ന കമ്മിഷൻ നിർദേശത്തിന് എതിരാണ് വീഡിയോ എന്നാണ് സാമൂഹിക മാധ്യമങ്ങളിലുയർന്നിരിക്കുന്ന വിമർശനം.

എഐ, അല്ലെങ്കിൽ ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും ‘എഐ ജനറേറ്റഡ്, ഡിജിറ്റലി എൻഹാൻസ്‌ഡ്, സിന്തറ്റിക് കണ്ടന്റ് എന്നീ വ്യക്തമായ ലേബലുകൾ ഉൾക്കൊള്ളണമെന്നും കമ്മിഷൻ നിർദേശിച്ചിരുന്നു. വീഡിയോയിൽ സ്‌ക്രീനിന് മുകളിലായി, ചിത്രങ്ങളിൽ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും ഓഡിയോയിൽ ആദ്യ 10 ശതമാനം സമയദൈർഘ്യത്തിലും ലേബൽ വ്യക്തമായി ഉണ്ടാകണം. ഇതും സാമൂഹ്യമാധ്യങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ പാലിച്ചിട്ടില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

തെരുവുനായശല്യം പ്രമേയമാക്കി നിർമിച്ച വീഡിയോ പ്രത്യക്ഷപ്പെട്ട പേജിന്റെ കമന്റ് ബോക്സിൽ കൊമ്പുകോർത്ത് അനുഭാവികളും പ്രവർത്തകരും

Content Highlights: AI Satire Targets CM & Minister Amidst Kerala's Stray Dog Debate