പയ്യന്നൂരിൽ എൽഡിഎഫിനെ വിറപ്പിച്ച് മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ ജയം; ഇടതുമുന്നണി സ്ഥാനാർഥി മൂന്നാമത്

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

പയ്യന്നൂർ: പയ്യന്നൂരിൽ പാർട്ടി തീരുമാനിച്ച എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ മത്സരിച്ച ബ്രാഞ്ച് സെക്രട്ടറി വിജയിച്ചു. സിപിഎം പയ്യന്നൂർ നോർത്ത് ലോക്കലിലെ കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി. വൈശാഖാണ് വിജയിച്ചത്. പയ്യന്നൂർ നഗരസഭയിലെ കാര വാർഡിൽ നിന്നാണ് ജയം. പത്രിക നൽകിയതിന് പിന്നാലെ സംഘടനാവിരുദ്ധ പ്രവർത്തനത്തിന് പാർട്ടിയിൽ നിന്ന് വൈശാഖിനെ പുറത്താക്കിയിരുന്നു.

എൽഡിഎഫ് ഘടകകക്ഷിയായ കോൺഗ്രസ് എസിന് നൽകിയ വാർഡാണിത്. കോൺഗ്രസ് എസ് മണ്ഡലം പ്രസിഡന്റ് പി.ജയനാണ് ഇവിടെ സ്ഥാനാർഥി. എൽഡിഎഫ് ഔദ്യോഗിക പാനലിനെതിരേ സ്വതന്ത്ര സ്ഥാനാർഥിയായാണ് വൈശാഖ് മത്സരിച്ചത്. ഈ വാർഡിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ സംബന്ധിച്ച് യുഡിഎഫിലും തർക്കമുണ്ടായിരുന്നു. ചില കോൺഗ്രസ് നേതാക്കൾ പരസ്പരവും മുസ്‌ലിം ലീഗുമായിട്ടായിരുന്നു സീറ്റിനുവേണ്ടിയുള്ള തർക്കം. ഒടുവിൽ സീറ്റ് ലീഗിന് നല്കി. ബിജെപിയും കാര വാർഡിൽ മത്സരിച്ചിരുന്നു. ലീഗ് രണ്ടാമതെത്തിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി മൂന്നാമതായി.

കാര പ്രദേശത്ത് സിപിഎമ്മിൽ നിലനില്ക്കുന്ന വിഭാഗീയതയാണ് വിമതസ്ഥാനാർഥിയുടെ രംഗപ്രവേശത്തിന് കാരണം.വിഷയം പരിഹരിക്കാൻ കാരയിലെത്തി സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി പ്രതിനിധികൾ വൈശാഖുമായി സംസാരിച്ചെങ്കിലും മത്സരിക്കുകയായിരുന്നു. കാര ഭാഗത്തെ മൂന്ന് ബ്രാഞ്ചുകളിലായി മുപ്പതോളം പാർട്ടി അംഗങ്ങൾ ഉണ്ട്. ഇവർ പാർട്ടിയുമായി ഇടഞ്ഞുനില്ക്കുകയാണ്. ഇവരുടെ പിന്തുണയോടെയാണ് വൈശാഖ് മത്സരത്തിനിറങ്ങാൻ തീരുമാനിച്ചത്.

Content Highlights: payyanur former cpm branch secretary won