പോലീസുകാരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജയിലില്‍; പയ്യന്നൂരിൽ സിപിഎം സ്ഥാനാർഥിക്ക് ജയം

തളിപ്പറമ്പ്: പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ജയിലിൽ കഴിയുന്ന സിപിഎം സ്ഥാനാർഥിക്ക് ജയം. പയ്യന്നൂർ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിയും ഡിവൈഎഫ്ഐ നേതാവുമായ വെള്ളൂർ കാറമേലിലെ വി.കെ.നിഷാദാണ് ജയിച്ചത്. പയ്യന്നൂർ നഗരസഭ 46-ാം വാർഡ് മൊട്ടമ്മലിൽനിന്നാണ് ജയിച്ചത്.
നിഷാദ് ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയും നിലവിൽ പയ്യന്നൂർ കാറമേൽ വെസ്റ്റ് കൗൺസിലറുമാണ്. പത്രിക നല്കുന്ന സമയത്ത് ശിക്ഷ വിധിക്കാത്തതിനാൽ മത്സരിക്കുന്നതിന് തടസ്സമുണ്ടായിരുന്നില്ല. കേസിൽ ഇരുവരും കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. വിവിധ വകുപ്പുകളിലായി 20 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എന്നാൽ പത്ത് വർഷം ശിക്ഷ അനുഭവിച്ചാൽ മതി. നിഷാദിന്റെ അഭാവത്തിൽ സിപിഎം പ്രവർത്തകരാണ് വോട്ടുതേടിയിറങ്ങിയത്.
ഇവിടെ ഡമ്മി സ്ഥാനാർഥിയായി പത്രിക നൽകിയ സിപിഎം വെള്ളൂർ നോർത്ത് ലോക്കൽ കമ്മറ്റിയംഗം എം.ഹരീന്ദ്രൻ പത്രിക പിൻവലിച്ചിരുന്നില്ല. നിഷാദിന് മത്സരിക്കാൻ തടസ്സമുണ്ടായാൽ സ്ഥാനാർഥിയില്ലാതാകുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഇത്.
2012 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. അരിയിലെ എംഎസ്എഫ് നേതാവ് ഷൂക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി.ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയായിരുന്നു ബോംബേറ്.
നിഷാദ് 16 കേസുകളിൽ പ്രതിയാണ്. 2009 മുതൽ 2016 വരെ പയ്യന്നൂർ പോലീസ് സ്റ്റേഷനിലാണ് ഇത്രയും കേസുകൾ രജിസ്റ്റർചെയ്തിട്ടുള്ളത്. 2009-ൽ ഒരു കേസാണുള്ളത്. എന്നാൽ, 2010-ൽ രണ്ടും തൊട്ടടുത്ത വർഷം മൂന്നും കേസ് നിഷാദിന്റെ പേരിൽ രജിസ്റ്റർചെയ്തു. 2012-ൽ മാത്രം പൊതുമുതൽ നശിപ്പിച്ചതും സ്ഫോടകവസ്തുക്കൾ കൈയിൽ കരുതിയതുമുൾപ്പെടെ എട്ടു കേസുകളുണ്ട്. 2013-ലും 2016-ലും ഓരോ കേസും രജിസ്റ്റർചെയ്തിട്ടുണ്ട്. പോലീസിനുനേരേ ബോംബെറിഞ്ഞ കേസിലെ കൂട്ടുപ്രതി അന്നൂരിലെ ടി.സി.വി. നന്ദകുമാറിന്റെ പേരിൽ പയ്യന്നൂർ സ്റ്റേഷനിൽ കൊലപാതകമുൾപ്പെടെ എട്ടു കേസാണുള്ളത്.
Content Highlights: payyanur cpm candidate accused in multiple cases won