മാവോവാദി സാന്നിധ്യമില്ലാതായിട്ടും ബൂത്തുകൾക്ക് 'ഭീഷണി'; കണ്ണൂർ ജില്ലയിൽ 50 പോളിങ് സ്റ്റേഷനുകൾക്ക് അധിക സുരക്ഷ

കണ്ണൂർ: സംസ്ഥാനത്ത് മാവോവാദി സാന്നിധ്യമില്ലാതായിട്ടും പോളിങ് ബൂത്തുകൾക്ക് 'മാവോവാദി ഭീഷണി'. കണ്ണൂർ ജില്ലയിൽ 50 ബൂത്തുകളിലാണ് ഭീഷണിയുള്ളതായി കണക്കാക്കുന്നത്. ഇതിൽ 21 എണ്ണം ഇരിട്ടി സബ്ഡിവിഷനിലാണ്. നേരത്തേ മാവോവാദി സാന്നിധ്യമുണ്ടായിരുന്ന വയനാട്, പാലക്കാട് അട്ടപ്പാടി മേഖല എന്നിവിടങ്ങളിലും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് മാവോവാദി സാന്നിധ്യം ഇല്ലാതായെന്ന് വിലയിരുത്തിയ കേന്ദ്രസർക്കാർ ഇടതു തീവ്രവാദബാധിത (മാവോയിസ്റ്റ് മേഖല) സംസ്ഥാനങ്ങളുടെ പട്ടികയിൽനിന്ന് കേരളത്തെ ഒഴിവാക്കിയിരുന്നു. പട്ടികയിൽനിന്ന് കണ്ണൂരിനെയും വയനാടിനെയും ഒഴിവാക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നക്‌സൽവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രഫണ്ട് നഷ്ടപ്പെടുമെന്ന വിലയിരുത്തലുകളെ തുടർന്നാണ് പട്ടികയിൽ കണ്ണൂരിനെയും വയനാടിനെയും നിലനിർത്താൻ കേരളം ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് മാവോവാദി സാന്നിധ്യമില്ലെന്നുതന്നെയാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. 2024 മാർച്ചിലാണ് അവസാനമായി ഇവരെ കണ്ടതായി റിപ്പോർട്ട് ചെയ്തത്. കണ്ണൂർ-വയനാട് അതിർത്തിമേഖലയിലായിരുന്നു അത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ സജീവമായിരുന്ന മാവോവാദികൾ അവസാനം കണ്ണൂർ, വയനാട് ജില്ലാ അതിർത്തിയാണ് താവളമാക്കിയിരുന്നത്.
നേതാക്കൾ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുകയും മറ്റുള്ളവർ കീഴടങ്ങുകയും ചെയ്തതോടെയാണ് കേരളത്തിൽ സിപിഐ മാവോയിസ്റ്റ് സംഘടനയുടെ വേരറ്റത്. വിവിധ കാലങ്ങളിൽ നാടുകാണി, കബനി, ബാണാസുര, ശിരുവാണി, ഭവാനി ദളങ്ങളായി തിരിഞ്ഞായിരുന്നു പ്രവർത്തനം. 2021-ൽ തമിഴ്നാട്ടുകാരനായ രാഘവേന്ദ്രയെ കണ്ണൂരിൽനിന്ന് എൻഐഎ അറസ്റ്റ്‌ചെയ്തതോടെയാണ് കേരളത്തിൽ മാവോവാദികളുടെ പതനം തുടങ്ങിയത്. 2024 ഓഗസ്റ്റിൽ സി.പി. മൊയ്തീന്റെ നേതൃത്വത്തിൽ നാലുപേർ പിടിയിലാവുകയും വയനാട് സ്വദേശിനി ജിഷ ഉൾപ്പെടെയുള്ളവർ കർണാടകയിൽ കീഴടങ്ങുകയും ചെയ്തതോടെ സംഘടനയുടെ പശ്ചിമഘട്ട സോണൽ കമ്മിറ്റിതന്നെ ഇല്ലാതായി. കിഴക്കൻ സംസ്ഥാനങ്ങളിൽ പോലീസ് നടപടി ശക്തമാക്കിയതോടെ മാവോവാദി നേതാക്കളും സായുധസംഘാംഗങ്ങളും കേരളത്തിലെത്തുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ സംശയിച്ചെങ്കിലും വനമേഖലകൾ കേന്ദ്രീകരിച്ച് തമ്പടിക്കാനുള്ള സാഹചര്യമില്ലെന്നുതന്നെയാണ് വിലയിരുത്തൽ.
Content Highlights: Despite no Maoist presence, 50 polling stations in Kannur district receive enhanced security. Learn why these booths are marked as `threatened` and the security measures taken.