തദ്ദേശതിരഞ്ഞെടുപ്പ്: കണ്ണൂരിലെ വോട്ടുകണക്ക് ഇങ്ങനെ, എൽഡിഎഫ് ഏറെ മുന്നിൽ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽഡിഎഫിന് 85,592 വോട്ടിന്റെ മേൽക്കൈ. ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കണ്ണൂർ കോർപ്പറേഷൻ എന്നിവിടങ്ങളിൽ കിട്ടിയ വോട്ടിന്റെ കണക്ക് പ്രകാരമാണിത്. എൽഡിഎഫ് 7,17,003 വോട്ട് നേടിയപ്പോൾ യുഡിഎഫ് 6,31,411 വോട്ട് നേടി. 1,57,277 വോട്ടാണ് എൻഡിഎയുടെ സമ്പാദ്യം. എന്നാൽ മുന്നണികളുടെ ഭാഗമായ സ്വതന്ത്രർ നേടിയ വോട്ട് മുന്നണികളുടെ വോട്ടിൽ ചേർത്തിട്ടില്ല. സ്വതന്ത്രരെ മറ്റുള്ളവർ എന്ന വിഭാഗത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടുത്തിയിട്ടുള്ളത്.
കോർപ്പറേഷനിൽ യുഡിഎഫ് 44.88 ശതമാനം വോട്ട് സ്വന്തമാക്കി. ആകെ പോൾ ചെയ്ത 1,36,695 വോട്ടിൽ 61,354 വോട്ടാണ് യുഡിഎഫ് സ്വന്തമാക്കിയത്. 43,315 വോട്ടാണ് എൽഡിഎഫ് നേടിയത്. എൽഡിഎഫിനേക്കാൾ 18,039 വോട്ടിന്റെ മേൽക്കൈയാണ് കോർപ്പറേഷൻ നിലനിർത്തിയ യുഡിഎഫിനുള്ളത്. 31.69 ശതമാനമാണ് കോർപ്പറേഷനിൽ എൽഡിഎഫിന്റെ വോട്ട് വിഹിതം. 14.06 ശതമാനമാണ് 19,219 വോട്ട് നേടിയ എൻഡിഎയുടെ വോട്ട് വിഹിതം. മറ്റുള്ളവർ 12,807 വോട്ട് നേടി. 9.37 ശതമാനം.
ഗ്രാമപ്പഞ്ചായത്തുകളിൽ എൽഡിഎഫാണ് കൂടുതൽ വോട്ട് നേടിയത്. 45.91 ശതമാനമാണ് വോട്ട് വിഹിതം. 5,57,981 വോട്ടാണ് 71 ഗ്രാമപ്പഞ്ചായത്തുകളിൽനിന്ന് എൽഡിഎഫ് നേടിയത്. 12,15,506 വോട്ടാണ് ആകെയുള്ളത്. 4,74,236 വോട്ട് യുഡിഎഫ് നേടി. 39.02 ശതമാനം. 83,745 വോട്ടിന്റെ മേൽക്കൈയാണ് പഞ്ചായത്ത് വോട്ടുനിലയിൽ ജില്ലയിൽ എൽഡിഎഫിനുള്ളത്. പഞ്ചായത്തുകളിൽനിന്ന് 1,04,752 വോട്ടാണ് എൻഡിഎ നേടിയത്. 8.62 ശതമാനം. മറ്റുള്ളവർ 78,537 വോട്ടുനേടി. 6.46 ശതമാനം.
നഗരസഭകളിലും എൽഡിഎഫ് തന്നെയാണ് ജില്ലയിൽ കൂടുതൽ വോട്ട് നേടിയത്. 44.53 ശതമാനമാണ് നഗരസഭകളിൽ മുന്നണിയുടെ വോട്ട് വിഹിതം. 1,15,707 വോട്ടാണ് എൽഡിഎഫ് നേടിയത്. 95,821 വോട്ട് യുഡിഎഫ് നേടി. 36.88 ശതമാനം. നഗരസഭകളിൽ എൽഡിഎഫിനുള്ളത് 19,886 വോട്ടിന്റെ മേൽക്കൈ. 33,306 വോട്ടാണ് എൻഡിഎയ്ക്കുള്ളത്. 12.82 ശതമാനം. 14,979 വോട്ട് മറ്റുള്ളവരെല്ലാം ചേർന്ന് നേടി. ഇത് 5.77 ശതമാനം വരും. 2,59,813 വോട്ടാണ് നഗരസഭകളിൽ ആകെയുള്ളത്.
മൂന്ന് ഡിവിഷനുകളിൽ 60 ശതമാനത്തിലേറെ വോട്ട്
ജില്ലാ പഞ്ചായത്തിൽ മൂന്ന് ഡിവിഷനുകളിൽ ജയിച്ചവർ 60 ശതമാനത്തിലേറെ വോട്ട് നേടി. കതിരൂർ ഡിവിഷനിൽ സിപിഎമ്മിലെ എ.കെ. ശോഭ 62.58 ശതമാനം, കുഞ്ഞിമംഗലം ഡിവിഷനിൽ സിപിഎമ്മിലെ പി.വി. ജയശ്രീ 60.15 ശതമാനം, മാട്ടൂലിൽ മുസ്‌ലിം ലീഗിലെ എസ്‌കെപി സക്കറിയ 60.99 ശതമാനം.
Content Highlights: kannur local body election ldf udf votes