താങ്കളുടെ പഞ്ചായത്തേതാ ?; നാരായണന്റെ കാതില്‍ ഇന്നും മുഴങ്ങുന്നു രാഷ്ട്രപതിയുടെ ചോദ്യം

കരിവെള്ളൂർ: സാധാരണക്കാരനായ ബീഡിത്തൊഴിലാളിയിൽനിന്ന് വളർന്ന് രാജ്യത്തിന്റെ പ്രഥമപൗരനിൽനിന്ന് ശുചിത്വത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ കരിവെള്ളൂർ അയത്രവയലിലെ കെ.നാരായണന് പഞ്ചായത്തീരാജ് സംവിധാനം ഇന്നും ആവേശമാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് നാടൊരുങ്ങുന്പോൾ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾകലാമിന്റെ ചോദ്യവും ഉത്തരവും തിരയടിക്കുകയാണ് നാരായണന്റെയുള്ളിൽ.
2007 മേയ് നാലിന് ഡൽഹിയിലെ അംബേദ്കർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. സമ്പൂർണ ശുചിത്വത്തിനുള്ള നിർമൽ ഗ്രാമപുരസ്കാരം ലഭിച്ച കേരളത്തിലെ പഞ്ചായത്തുകൾക്കുവേണ്ടി പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾകലാം ശുദ്ധമലയാളത്തിൽ ചോദിച്ചു -താങ്കളുടെ പഞ്ചായത്തേതാ? കരിവെള്ളൂർ-പെരളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നാരായണൻ ആദ്യമൊന്ന് അമ്പരന്നു. മറുപടി പറഞ്ഞയുടൻ അടുത്ത വാചകമെത്തി -കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളെയും നിർമൽ ഗ്രാമമാക്കാനുള്ള ചുമതല താങ്കളെ ഏല്പിക്കുന്നു. രണ്ടുമിനുട്ട് മാത്രം അനുവദിച്ച പുരസ്കാരവിതരണ ചടങ്ങിൽ നാരായണനുമായി ഏഴുമിനുട്ടാണ് രാഷ്ട്രപതി സംസാരിച്ചത്. 18 വർഷത്തിനുശേഷവും 78-കാരനായ നാരായണന്റെ മനസ്സിലെ തിളക്കമുള്ള ഓർമ്മയും ജനാധിപത്യത്തിന്റെ സൗന്ദര്യവുമാണത്.
2000 മുതൽ 2010 വരെ രണ്ടുതവണയായി കരിവെള്ളൂർ-പെരളം പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു നാരായണൻ. 2005 മുതൽ 2010 വരെ കേരള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായിരുന്നു. 2009-ൽ ലണ്ടൻ സന്ദർശിച്ച ഇന്ത്യയിൽനിന്നുള്ള 10 പേരിൽ നാരായണനുമുണ്ടായിരുന്നു. അവിടെ കാറൽ മാർക്സിന്റെ ശവകുടീരത്തിൽ അഭിവാദ്യം അർപ്പിക്കാൻ കഴിഞ്ഞത് മറക്കാനാകില്ലെന്ന് നാരായണൻ.
2009-ൽ സംസ്ഥാനത്തെ മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള ഭാരതരത്ന രാജീവ്‌ഗാന്ധി ബെസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് പുരസ്കാരം നാരായണനായിരുന്നു. പഞ്ചായത്തിന്റെയോ സർക്കാറിന്റെയോ സാമ്പത്തികസഹായമില്ലാതെ ഭിന്നശേഷികുട്ടികൾക്കായി സ്ഥാപിച്ച ക്ഷേമാലയം ബഡ്സ് സ്കൂളിനുള്ള അംഗീകാരമായാണ് അവാർഡ് ലഭിച്ചത്.
Content Highlights: K. Narayanan, a former bidi worker who received a sanitation award from the President of India.