വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞെന്ന് സ്ഥാനാർഥിയുടെ പരാതി, പ്രതിഷേധം; കുട്ടികൾ പടക്കംപൊട്ടിച്ചതെന്ന് കണ്ടെത്തൽ

ചെറുപുഴ: എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിനുനേരെ പടക്കം എറിഞ്ഞത് രാഷ്ട്രീയപ്രശ്നമല്ലെന്ന് പ്രാഥമികാന്വേഷണത്തിൽ ബോധ്യമായി. ചെറുപുഴ പഞ്ചായത്ത് 18-ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥിയും പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തംഗവുമായ കെ. ദാമോദരന്റെ വീടിനുനേരെ വെള്ളിയാഴ്ച രാത്രി 11-ഓടെ സ്ഫോടകവസ്തു എറിഞ്ഞുവെന്നായിരുന്നു പരാതി.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. എറിഞ്ഞ് പൊട്ടിക്കുന്ന ചെറിയ പടക്കമാണ് കുട്ടികൾ പൊട്ടിച്ചതെന്ന് പറയുന്നു. ശബ്ദത്തോടൊപ്പം പുക ഉയരുന്നത് കണ്ടാണ് വീട്ടുകാർ വിവരം അറിയുന്നത്.
ഇതിന് മുൻപും വീടിനുനേരെ പടക്കം എറിഞ്ഞതായി ദാമോദരൻ പറഞ്ഞിരുന്നു. സ്ഥാനാർഥി നൽകിയ പരാതിയിൽ ചെറുപുഴ പോലീസ് കേസെടുത്തു. സ്ഥാനാർഥിയുടെ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞതിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ ചെറുപുഴ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു.
Content Highlights: Initial probe into Cherupuzha candidate`s home incident reveals minors, not political motive