സിപിഎം സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; ആന്തൂരിലെ 3593 പേർക്ക് വോട്ടിന് അവസരമില്ല

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ധർമശാല: ആന്തൂർ നഗരസഭയിലെ അഞ്ച്‌ വാർഡുകളിൽ സിപിഎം സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ ഈ വാർഡുകളിലെ വോട്ടർമാർക്ക് സമ്മതിദാനവകാശം വിനിയോഗിക്കാനുള്ള അവസരമില്ല. നഗരസഭയായതിനാൽ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവ ബാധകമല്ലാത്തതിനാൽ നഗരസഭയിലേക്കുള്ള ഒരു വോട്ട് മാത്രമാണ് ഉള്ളത്. ആ വോട്ടും ചെയ്യാനുള്ള അവസരമാണ് നഗരസഭയിലെ 3593 പേർക്ക് ഇല്ലാതായത്.

രണ്ടാം വാർഡായ മൊറാഴയിലെ 858, 13-ാം വാർഡായ കോടല്ലൂരിലെ 685, വാർഡ് 18 തളിയിലെ 705, സമീപത്തെ 19-ാം വാർഡായ പൊടിക്കുണ്ടിലെ 607, 26-ാം വാർഡായ അഞ്ചാംപീടികയിലെ 738 എന്നങ്ങനെയാണ് ഈ വാർഡുകളിലെ വോട്ടർമാരുടെ എണ്ണം. ഈ വോട്ടർമാർക്ക് നാടെങ്ങും തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പോളിങ് ബൂത്തിൽ പോകാതെ കാഴ്ചക്കാരായി കഴിയേണ്ടി വരും. കഴിഞ്ഞ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ ആറ് വാർഡുകളിലായി നാലായിരത്തിലധികം പേർക്കും ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകാനുള്ള അവസരമുണ്ടായില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുൻ നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമള അടക്കമുള്ളവർ താമസിക്കുന്ന മൊറാഴയിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകളിലും എതിരാളികൾ ഇല്ലാത്തതിനാൽ വോട്ട് ചെയ്യേണ്ടി വന്നില്ല.

Content Highlights: anthoor election cpm candidates won