വാഴൂർ സോമൻ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പ്; പ്രചാരണച്ചൂടിൽ സജീവമായി സഖാവിന്റെ ജീപ്പ്

വാഴൂർ സോമൻ, ഔദ്യോഗിക വാഹനം | ഫോട്ടോ - മാതൃഭൂമി
വാഴൂർ സോമൻ, ഔദ്യോഗിക വാഹനം | ഫോട്ടോ - മാതൃഭൂമി

1977 മുതൽ 2025 ലെ ലോക്സഭ തിരഞ്ഞെടുപ്പ് വരെയും ഓരോ തിരഞ്ഞെടുപ്പ് പ്രചരണത്തിനും വാഴൂർ സോമൻ എന്ന തോട്ടം തൊഴിലാളികളുടെ സോമൻ സഖാവ് സജീവമായിട്ടുണ്ടായിരുന്നു. ഇന്ന് അദ്ദേഹമില്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പിന് തോട്ടം മേഖലയും ഒരുങ്ങുമ്പോൾ വാഴൂർ സോമൻ എന്ന തൊഴിലാളി നേതാവിന്റെ ജീപ്പ് തേയില ത്തോട്ടങ്ങൾക്ക് നടുവിലൂടെ കുന്നും മലകളും താണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്.

2000 മോഡൽ മഹിന്ദ്ര മേജർ ജീപ്പ്... അത് തൊഴിലാളികൾക്ക് എല്ലാ കാലത്തും സുപരിചിതമാണ്. അകലെ നിന്നും ആ ജീപ്പ് കണ്ടാൽ തൊഴിലാളികൾ വിളിച്ചു പറയും. സോമൻ സഖാവിന്റെ ജീപ്പ് വരുന്നു..... അതിവേഗം കടന്നുപോകില്ല ആ ജീപ്പ്. ഓരോ സ്ഥലത്തും നിർത്തി എല്ലാവരുടെയും വിശേഷങ്ങളും പ്രശ്നങ്ങളും ചോദിച്ചറിഞ്ഞ് സുഖദുഃഖങ്ങളിൽ അദ്ദേഹം ഒപ്പം നിന്നു. ജനങ്ങളെ കേൾക്കാതെ അദ്ദേഹത്തിന്റെ വാഹനം ഒരിക്കലും കടന്നുപോയിട്ടില്ല.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതുപക്ഷ സ്ഥാനാർഥികൾക്ക് വേണ്ടി ആ ജീപ്പ് മലയോരമണ്ണിന്റെ ഓരോ മുക്കിലും മൂലയിലുമെത്തി. 2005- ൽ ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചതിന് പിന്നാലെയാണ് വാഴൂർ സോമൻ മഹിന്ദ്ര മേജർ വാങ്ങുന്നത്. അതിന് മുൻപ് വില്ലീസ്, മാർഷൽ മോഡലുകളിലായിരുന്നു അദേഹത്തിന്റെ യാത്ര. മഹീന്ദ്ര വാങ്ങിയതിന് ശേഷം അത് തോട്ടം തൊഴിലാളികളുടെ പ്രിയ നേതാവിന്റെ ഐഡന്റിറ്റി ആയി മാറി. 2021- ൽ നിയമസഭയിലേക്ക് എത്തുമ്പോൾ ആ ജീപ്പിൽ തന്നെയായിരുന്നു തലസ്ഥാനനഗരിയിലേക്കുള്ള യാത്ര. എംഎൽഎ ഹൗസിൽ നിന്ന് സ്വയം ജീപ്പ് ഓടിച്ച് സഭയിലെത്തി. പ്രിയ സഖാവിന്റെ ആരോഗ്യം കണക്കിലെടുത്ത് കാനം രാജേന്ദ്രൻ അന്ന് സ്നേഹത്തോടെ ശാസിച്ചതിൽ പിന്നെ തിരുവനന്തപുരത്തേക്കുള്ള ജീപ്പ് യാത്രയ്ക്ക് അദ്ദേഹം വിരാമമിട്ടു. എന്നാൽ ഇടുക്കിയുടെ മണ്ണിൽ ആ ജീപ്പിൽ തന്നെ അദ്ദേഹം യാത്ര തുടർന്നു.

ഓരോ തിരഞ്ഞെടുപ്പ് കാലത്തും അതിരാവിലേ ആരംഭിക്കുന്ന വോട്ട് പ്രചരണം രാത്രി വൈകിയാണ് അവസാനിക്കുന്നത്. ഇത്തവണയും പീരുമേടിന്റെ എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ മഹീന്ദ്ര മേജർ സജീവമാണെങ്കിലും പ്രിയ സഖാവില്ലാത്തത് നികത്താനാവാത്ത വിടവുതന്നെയാണ്. ഭാര്യ ബിന്ദു സോമനും കുടുംബവും തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമാകുമ്പോൾ മകൻ സോബിൻ സോമനാണ് ജീപ്പിൽ ഇത്തവണ സാരഥി.

തോട്ടം തൊഴിലാളി സമരങ്ങളിൽ എല്ലാ കാലവും ചേർത്ത് വായിക്കപ്പെടുന്ന പേരാണ് സഖാവ് വാഴൂർ സോമൻ. ലോക്കപ്പ് മർദ്ദനങ്ങൾക്ക് മുന്നിൽ മുട്ടുമടക്കാത്ത നേതാവ്. മുതലാളിമാരോടും കൈയാളുകളോടും രമ്യമില്ലാതെ തൊഴിലാളികൾക്ക് വേണ്ടി ശബ്ദമുയർത്തിയ നേതാവ്. മരണം വരെയും തൊഴിലാളികൾക്കൊപ്പം നിലകൊണ്ട നേതാവ്. ഓരോ തിരഞ്ഞെടുപ്പും ഓരോ തൊഴിലാളി സമരവും അദേഹത്തിന്റെ ഓർമ്മകൾ ഇല്ലാതെ കടന്നുപോകുകയില്ല.

Content Highlights: Relive Vazhoor Soman`s legacy as his iconic jeep continues election campaigns. A symbol of worker`s rights, hear the stories and see the spirit.