പാർട്ടി മുഖംതിരിച്ചു; ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് സിപിഎംവിട്ട് സ്വതന്ത്രനായി മത്സരിക്കും, വനിതാ നേതാവ് കോൺഗ്രസ് സ്ഥാനാർത്ഥി

ഉപ്പുതറ: പഞ്ചായത്ത് പ്രസിഡൻറ് ജെയിംസ് കെ.ജേക്കബ് സ്വതന്ത്രനായി മത്സരിക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വളകോട് ഡിവിഷനിൽ നിന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞ ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ യുഡിഎഫിനായിരുന്നു ഭരണസമിതിയിൽ ഭൂരിപക്ഷം ലഭിച്ചത്. എന്നാൽ ഈ വിഭാഗത്തിൽനിന്ന് യുഡിഎഫിന് ആരേയും ജയിപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് സിപിഎം പ്രതിനിധിയായ ജെയിംസ് കെ. ജേക്കബ് പ്രസിഡൻറായത്.
തുടക്കം മുതൽ അനുകൂലമായ സാഹചര്യം ഉണ്ടായിരുന്നിട്ടും ജെയിംസിനോട് പാർട്ടി നേതൃത്വം സഹകരിച്ചില്ല. മൂന്ന് വർഷം കഴിഞ്ഞപ്പോൾ യുഡിഎഫ് അംഗം പാർട്ടിവിട്ട് വന്നതോടെ എൽഡിഎഫിന് ഭൂരിപക്ഷമാകുകയും ചെയ്തു. എന്നിട്ടും വികസന പ്രവർത്തനങ്ങളിൽ പാർട്ടി മുഖംതിരിച്ചെന്ന് ജെയിംസ് ആരോപിച്ചു. ഏരിയ-ജില്ലാ-സംസ്ഥാന കമ്മിറ്റികൾക്ക് പരാതി നൽകിയിട്ടും ഒരന്വേഷണവും പാർട്ടി നടത്തിയില്ലെന്നും ജെയിംസ് പറഞ്ഞു. സിപിഐ, കോൺഗ്രസ്, ബിജെപി എന്നീ പാർട്ടിയിലെ ഏതാനും അംഗങ്ങളാണ് സഹകരിച്ചത്. രേഖകളിൽ കൃത്രിമം കാട്ടുകയും നിർമാണത്തിൽ അഴിമതി നടത്തിയ അക്കൗണ്ടിനെ പിരിച്ചുവിടാനുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിനെതിരേയും പാർട്ടി എതിരായ നിലപാടാണ് സ്വീകരിച്ചത്. മറ്റു പാർട്ടികളിലെ അംഗങ്ങളുടെ സഹകരണംകൊണ്ടാണ് കുറേയേറെ വികസന പദ്ധതികൾ നടപ്പാക്കാനായത്. പല പാർട്ടികളും സ്ഥാനാർഥിയാക്കാൻ സമീപിച്ചു. എന്നാൽ തന്റെ പോരാട്ടം പാർട്ടിയുടെ നിലപാടിനെതിരേയായതുകൊണ്ടാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. ജനങ്ങളോട് എല്ലാം തുറന്നുപറയുമെന്നും വിജയിച്ചാൽ മനസ്സിലുള്ള വികസന പ്രവർത്തനങ്ങൾ നാടപ്പാക്കുമെന്നും ജെയിംസ് കെ. ജേക്കബ് പറഞ്ഞു.
സീറ്റ് നൽകിയില്ല; സിപിഎം വനിതാ നേതാവ് കോൺഗ്രസ് സ്ഥാനാർഥിയായി
സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് സിപിഎം വനിതാ നേതാവ് ചപ്പാത്ത് തോട്ടുവശത്ത് ജാൻസി ചെറിയാൻ അയ്യപ്പൻകോവിൽ പഞ്ചായത്തിലെ പത്താംവാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. പഞ്ചായത്ത് പ്രസിഡന്റും ലോക്കൽ കമ്മിറ്റി അംഗവുമായ ജയ്‌മോൾ ജോൺസന് എതിരേയാണ് ജാൻസി മത്സരിക്കുന്നത്. വ്യാഴാഴ്ച ജാൻസി പങ്കെടുത്ത യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ. ജയിംസ് കാപ്പൻ ജാൻസിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു.
22 വർഷമായി സിപിഎമ്മിൽ അംഗമായ ജാൻസി രണ്ടുതവണ അയ്യപ്പൻകോവിൽ പഞ്ചായത്തംഗമായിട്ടുണ്ട്. ചപ്പാത്ത് ലോക്കൽ കമ്മറ്റിയംഗം, മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡൻ്റ്, ബാലസംഘം രക്ഷാധികാരി തുടങ്ങിയ പദവികളിലും പ്രവർത്തിച്ചിരുന്നു. പാർട്ടിയിൽ രണ്ടുതരം നീതിയാണ് നടപ്പാക്കുന്നതെന്ന് ജാൻസി ആരോപിച്ചു. സ്ഥാനം മോഹിച്ചല്ല പാർട്ടി നേതാക്കൾ അവഹേളിച്ചതിലുള്ള പ്രതിഷേധമാണ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ കാരണമെന്നും ജാൻസി പറഞ്ഞു.
Content Highlights: Former UDF panchayat President James K. Jacob, alleging party neglect, will contest as an independent. A CPM woman leader joins Congress citing injustice.