‘ മൂന്നാറിലെ സോണിയാ ഗാന്ധി മത്സരിക്കുന്നത് താമര ചിഹ്നത്തിൽ’! കൗതുകമുണർത്തി നല്ലതണ്ണി വാർഡ്

രാഷ്ട്രീയ കൗതുകമുണർത്തി മൂന്നാർ പഞ്ചായത്തിൽ താമര ചിഹ്നത്തിൽ മത്സരിക്കാനിറങ്ങി സോണിയാ ഗാന്ധി. കോൺഗ്രസിന്റെ സമുന്നത നേതാവിന്റെ പേരുള്ള സ്ഥാനാർഥിയെത്തന്നെ ലഭിച്ചത് ബിജെപി പ്രവർത്തകരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പരേതനായ കോൺഗ്രസ് നേതാവ് ദുരൈരാജിന്റെ മകളാണ് ഈ സോണിയാ ഗാന്ധി. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ കടുത്ത ആരാധകനായിരുന്നു ദുരൈരാജ്, അതിനാലാണ് അദ്ദേഹം മകൾക്ക് ഈ പേര് നൽകിയത്. 34കാരിയായ സോണിയ മൂന്നാർ പഞ്ചായത്തിലെ നല്ലതണ്ണി വാർഡിൽ നിന്നാണ് ജനവിധി തേടുന്നത്.
ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറിയായ സുഭാഷാണ് സോണിയയുടെ ഭർത്താവ്. വിവാഹശേഷമാണ് സോണിയാ ഗാന്ധി ബിജെപിയിൽ ചേർന്നത്. മൂന്നാർ ടൗണിലെ കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. യുഡിഎഫിന്റെ മഞ്ജുള രമേശും എൽഡിഎഫിന്റെ എസ്. വളർമതിയുമാണ് വാർഡിലെ മറ്റ് സ്ഥാനാർഥികൾ.