പാലത്തിലൂടെ വരേണ്ടാ, വോട്ടുചോദിക്കാൻ തോട്ടിലൂടെ വന്നാൽമതി; സ്ഥാനാർഥികൾക്ക് വായിക്കാൻ ബോർഡ് സ്ഥാപിച്ച് ഒരു കുടുംബം

ഇരുപതേക്കറിൽ വീടിന് മുൻഭാഗത്തുള്ള പാലത്തിൽ വീട്ടുകാർ സ്ഥാനാർഥികൾക്ക് വായിക്കാൻ സ്ഥാപിച്ചിരിക്കുന്ന ബോർഡ്
ഇരുപതേക്കറിൽ വീടിന് മുൻഭാഗത്തുള്ള പാലത്തിൽ വീട്ടുകാർ സ്ഥാനാർഥികൾക്ക് വായിക്കാൻ സ്ഥാപിച്ചിരിക്കുന്ന ബോർഡ്

കുഞ്ചിത്തണ്ണി: തന്റെ പാലത്തിലൂടെ വരേണ്ടാ, വോട്ടുചോദിക്കാൻ തോട്ടിലൂടെ വന്നാൽമതി. ബൈസൺവാലി പഞ്ചായത്തിലെ രണ്ടാംവാർഡായ ഇരുപതേക്കറിലുള്ള പാലത്തിലെ ബോർഡ് കണ്ട് മുന്നണിസ്ഥാനാർഥികളെല്ലാം അമ്പരന്നു. തന്റെ വീടിരിക്കുന്ന പ്രദേശത്തേക്ക് പാലം നിർമിച്ചുതരാത്തതിലുള്ള, മരുതക്കാവിൽ രതീഷിന്റെ പ്രതിഷേധമാണ് ആ ബോർഡ്.

വീടിന് വശത്തുകൂടിയുള്ള അളയാർ തോടിനുകുറുകേ നടപ്പാലം നിർമിച്ചുതരണമെന്നാവശ്യപ്പെട്ട്, രണ്ടരപ്പതിറ്റാണ്ടായി രതീഷ് പഞ്ചായത്തിന്റെ പടി കയറിയിറങ്ങുകയാണ്. മെമ്പർമാർ മാറിമാറി വന്നെങ്കിലും പാലംമാത്രം നിർമിച്ചില്ല. തുടർന്നാണ് ഇത്തവണ ബോർഡ് സ്ഥാപിച്ചത്.

രണ്ട് വീട്ടിലേക്കുമാത്രമായി നടപ്പാലം നിർമിക്കുന്നത് പ്രായോഗികമല്ലെന്നാണ് പഞ്ചായത്ത്‌ മുൻ അംഗങ്ങൾ പറഞ്ഞത്. ഇതോടെ രതീഷ്, ആക്രിസാധനങ്ങളുപയോഗിച്ച് സ്വയം താത്കാലികനടപ്പാലം നിർമിച്ചു. എന്നാൽ, ഇത്തവണ വോട്ടുചോദിച്ച്‌ വരുന്നവർ പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനൽകിയാണ് മടങ്ങുന്നതെന്ന് രതീഷ് പറയുന്നു.

Content Highlights: A family`s unique protest: "Don`t use our bridge, come via the stream to ask for votes." Frustrated by lack of a proper bridge, they`ve installed a sign to highlight their demand to candidates.