കേരള കോൺഗ്രസിന്റെ നിർണായക തിരഞ്ഞെടുപ്പ്; ‘പാട്ടുംപാടി’ നേരിടാൻ പി.ജെ. ജോസഫ്

#ജോർജ് തോമസ്
പുറപ്പുഴയിലെ വീട്ടിൽ തന്നെ കാണാനെത്തിയ സ്ഥാനാർഥിക്കൊപ്പം പാട്ടുപാടുന്ന പി.ജെ. ജോസഫ് |ഫോട്ടോ: അജേഷ് ഇടവെട്ടി
പുറപ്പുഴയിലെ വീട്ടിൽ തന്നെ കാണാനെത്തിയ സ്ഥാനാർഥിക്കൊപ്പം പാട്ടുപാടുന്ന പി.ജെ. ജോസഫ് |ഫോട്ടോ: അജേഷ് ഇടവെട്ടി

തൊടുപുഴ: ഒന്ന് നേരിൽകാണാൻ പുറപ്പുഴയിലെ വീട്ടിലെത്തിയ തൊടുപുഴ നഗരസഭ 26-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി സിനി അപ്പച്ചനെയും ഭർത്താവ് മനോജിനെയും പി.ജെ. ജോസഫ് വരവേറ്റതൊരു മെലഡി പാടിക്കൊണ്ടായായിരുന്നു. ‘പച്ചപ്പനംതത്തേ...പുന്നാര പൂമുത്തേ...’ എന്ന് സ്വയം താളമിട്ട് പാടുന്നതിനിടെ സ്ഥാനാർഥിയോടൊരു ചോദ്യം,- ഇതിന്റെ സംഗീതം ആരെന്നറിയുമോ? എം.ജയചന്ദ്രനെന്ന ഉത്തരത്തിനൊപ്പം സിനി പാട്ടിന്റെ ഹമ്മിങ്ങുകൂടി പാടിയപ്പോൾ പി.ജെ. ആവേശഭരിതനായി കസേരയിൽനിന്ന് എഴുന്നേറ്റു.

‘പാടാം...നമുക്ക് പാടാം... വീണ്ടുമൊരു പ്രേമഗാനം...’ പിന്നെ ഓഫീസ് മുറിയിലാകെ 80-കളുടെ ഈണം നിറഞ്ഞു. പിന്നാലെ കാണാനെത്തിയ എല്ലാ സ്ഥാനാർഥികൾക്കുമുണ്ടായിരുന്നു പാട്ട് സമ്മാനം.

കേരള കോൺഗ്രസിന് ഏറെ നിർണായകമായ തിരഞ്ഞെടുപ്പ് പാട്ടുംപാടി നേരിടാനാണ് പി.ജെ. ജോസഫിന്റെ തീരുമാനം. മുമ്പ്‌ രാഷ്ട്രീയവേദികളിലെ അറിയപ്പെടുന്ന പാട്ടുകാരനായിരുന്നെങ്കിലും കോവിഡിനുശേഷം വീടിനുള്ളിൽ മാത്രമായിരുന്നു പാട്ട്. അടുത്തകാലത്ത് ശ്വാസതടസ്സമുണ്ടായപ്പോൾ ഡോക്ടറാണ് പറഞ്ഞത് ഉറക്കെ ശ്വാസമെടുത്ത് പാട്ടുപാടുന്നത് ഗുണംചെയ്യുമെന്ന്. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാട്ട്. തിരഞ്ഞെടുപ്പ് പ്രചാരണരംഗം തന്നെ അതിനുള്ള വേദിയാകട്ടെ എന്ന് ജോസഫും തീരുമാനിച്ചു. ഇതിനായി താൻ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലെല്ലാം പ്രസംഗത്തിനുശേഷം ഗാനമേളയും നിർബന്ധമായി വെയ്ക്കുന്നുണ്ട്. പാട്ടുപാടി തുടങ്ങിയാൽ അവശതകൾ മറന്ന് ജോസഫ് ചെറുപ്പമാകും. ഏതു പാട്ടും ഇവിടെ പോകും.

സ്റ്റേജിൽ മാത്രമല്ല, തിരഞ്ഞെടുപ്പുകാലത്ത് തന്നെ കാണാനെത്തുന്ന സ്ഥാനാർഥികളും രാഷ്ട്രീയപ്രവർത്തകരും മാധ്യമപ്രവർത്തകരുമായ ഓരോരുത്തരെയും ഒരു പാട്ടെങ്കിലും പാടിക്കേൾപ്പിച്ച് ‘ചിൽ’ ആക്കിയേ മടക്കൂ. രാഷ്ട്രീയം സംസാരിച്ച് തുടങ്ങി എത്തുക പാട്ടിലേക്കുതന്നെ. ഗായകനാര്, ഏത് ചിത്രമാണ് എന്നെല്ലാമുള്ള ചില ചോദ്യങ്ങളും പാട്ടുവർത്തമാനത്തിനൊപ്പമുണ്ടാകും. താത്പര്യമുണ്ടെങ്കിൽ കൂടെ പാടുകയുമാകാം.

വെളുപ്പിന് നാലുമണിക്ക് എഴുന്നേറ്റ് മാതൃഭൂമി ന്യൂസിലെ ചലച്ചിത്രഗാന പരിപാടിയായ ‘ചക്കരപ്പന്തൽ’ കണ്ടുകൊണ്ടാണ് ഒരുദിനം തുടങ്ങുക. പ്രചാരണവും പ്രസംഗവും കഴിഞ്ഞ് രാത്രി 12 മണിക്കും ഒരുമണിക്കും തിരികെയെത്തുമ്പോഴും മനസ്സിൽ പാട്ടുകൾ ഓടിക്കൊണ്ടേയിരിക്കും. 

Content Highlights: Discover how P.J. Joseph is using his passion for music to energize his election campaign, connecting with voters through song and melody.