കിഴക്കമ്പലം ആവർത്തിക്കാൻ ട്വന്റി ട്വന്റി, ആധിപത്യം ഉറപ്പിക്കാൻ ആംആദ്മിയും; ഇടുക്കിയിൽ അത്ഭുതങ്ങൾ സംഭവിക്കുമോ?

തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പ് പോരാട്ടം കനക്കുമ്പോൾ ശക്തി തെളിയിക്കാനായി മത്സര രംഗത്ത് സജീവമമാകുകയാണ് ചെറുകക്ഷികൾ. ആംആദ്മി പാർട്ടി, ട്വന്റി-20 അടക്കമുള്ളവയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത്. ഇതോടൊപ്പം മൂന്നാർ മേഖലയിൽ തോട്ടം തൊഴിലാളികൾ പിന്തുണയ്ക്കുന്ന ഒൻപത് സ്ഥാനാർഥികളുമുണ്ട്. ആധിപത്യമുറപ്പിക്കാനും പിടിച്ചെടുക്കാനും മുഖ്യധാരാ മുന്നണികൾ ശക്തമായ പോരാട്ടം നടത്തുമ്പോൾ അതിനിടയിലൂടെ തങ്ങളുടെ ശക്തി തെളിയിക്കാനാണ് ഈ പാർട്ടികളുടെ ലക്ഷ്യം.
കന്നിയങ്കത്തിനിറങ്ങി ട്വന്റി-20
എറണാകുളം ജില്ലയിലെ കുന്നത്തുനാട് നിയോജക മണ്ഡലത്തിലുൾപ്പെടുന്ന കിഴക്കമ്പലം പഞ്ചായത്തിൽ തുടങ്ങിയ രാഷ്ട്രീയ പരീക്ഷണമായ ട്വന്റി-20 ഇത്തവണ ജില്ലയിലും കന്നിയങ്കത്തിനിറങ്ങിയിട്ടുണ്ട്. മണക്കാട് പഞ്ചായത്തിലാണ് പാർട്ടിയുടെ ഭാഗ്യ പരീക്ഷണം. ഇവിടെ 14 വാർഡുകളുള്ളതിൽ 13 വാർഡുകളിലും പാർട്ടിക്ക് സ്ഥാനാർഥിയുണ്ട്. കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിച്ച സംഘടന 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സമീപ പഞ്ചായത്തുകളായ ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് എന്നിവയുടെയും ഭരണം പിടിച്ചെടുത്തിരുന്നു. ഇത്തവണ മണക്കാട് പഞ്ചായത്തിലൂടെ ജില്ലയിലും അത്ഭുതങ്ങൾ സംഭവിക്കുമെന്നാണ് സംഘടനാ നേതാക്കൾ പറയുന്നത്. തികഞ്ഞ പ്രതീക്ഷയോടെയാണ് മത്സരിക്കുന്നതെന്ന് മണ്ഡലത്തിൽ പാർട്ടി ചുമതലയുളള റിജോ എബ്രഹാമും പറയുന്നു.
39 വാർഡുകളിൽ ആംആദ്മി
ജില്ലയിലെ ആറ് തദ്ദേശ സ്ഥാപനങ്ങളിലായി 39 വാർഡുകളിലാണ് ആംആദ്മി പാർട്ടി ഇത്തവണ മത്സരത്തിനിറങ്ങുന്നത്. കരിമണ്ണൂർ, കരിങ്കുന്നം, ഉടുമ്പന്നൂർ, വണ്ണപ്പുറം, മുട്ടം, കോടിക്കുളം എന്നിവയാണിവ. ഇതിൽ കരിങ്കുന്നം പഞ്ചായത്തിലെ 10 വാർഡുകളിലും രണ്ട് ബ്ലോക്ക് ഡിവിഷനുകളിലും പാർട്ടി ജനവിധി തേടുന്നുണ്ട്.
ഉപതിരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്താദ്യമായി പാർട്ടിക്ക് പഞ്ചായത്തംഗത്തെ ലഭിച്ച തദ്ദേശസ്ഥാപനമെന്ന നിലയിൽ ഇവിടെ പാർട്ടി വലിയ പ്രതീക്ഷയാണ് പുലർത്തുന്നത്. ഇതിന് പുറമേ പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. ബേസിൽ ജോൺ ജില്ലാപഞ്ചായത്ത് കരിമണ്ണൂർ ഡിവിഷനിലും മത്സരിക്കുന്നുണ്ട്. ഇദ്ദേഹം മുമ്പ് ബ്ലോക്ക് ഡിവിഷനിലടക്കം സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു.
പരീക്ഷണത്തിനിറങ്ങി തോട്ടംതൊഴിലാളികളും
മുഖ്യധാര മുന്നണികൾക്കെതിരേ പരീക്ഷണത്തിനിറങ്ങിയിരിക്കുകയാണ് മൂന്നാറിലെ ഒരുവിഭാഗം തോട്ടംതൊഴിലാളികൾ. ഇവരുടെ പിന്തുണയോടെ ഒൻപത് സ്ഥാനാർഥികളാണ് മൂന്നാർ, ദേവികുളം മേഖലകളിൽ മത്സരിക്കുന്നത്. ഇക്കൂട്ടത്തിൽ ആംആദ്മി, എഐഎഡിഎംകെ സ്ഥാനാർഥികളും ഉൾപ്പെടുന്നുണ്ട്.
തങ്ങൾക്ക് അർഹമായ ആനൂകൂല്യം നിഷേധിക്കുന്നതിന് മുഖ്യധാരാ യൂണിയനുകളും തോട്ടമുടമകളും ഒത്തുകളിക്കുകയാണെന്നും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കുന്നവരെ പിന്തുണയ്ക്കുമെന്നുമാണ് ഇവർ പറയുന്നത്. തങ്ങൾ പിന്തുണയ്ക്കുന്ന സ്ഥാനാർഥികൾക്ക് തോട്ടംമേഖലയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും ഇവർ കൂട്ടിച്ചേർക്കുന്നുണ്ട്.
Content Highlights: New parties like Twenty-20 & AAP enter Kerala local polls, aiming to challenge established fronts. Will they cause upsets in Manakkad, Kizhakkambalam & beyond?