വാക്കത്തിയുമായി പാഞ്ഞെത്തി കൊലവിളി; ഇടുക്കിയിൽ സ്വതന്ത്രസ്ഥാനാർഥിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

ഉപ്പുതറ : പഞ്ചായത്തിലെ കിഴുകാനം (വാർഡ് നാല്) പട്ടികവർഗ സംവരണ വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി കെ.പി. വാസന്തിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. കണ്ണംപടി മുല്ലയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.
വീട് കയറിയുള്ള പ്രചരണത്തിന് ശേഷം ജീപ്പിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം ഒരാൾ ബഹളംവെച്ച് പിന്തുടരുന്നത് കണ്ട് ജീപ്പ് നിർത്തി. പേരുവിളിച്ച് അസഭ്യം പറഞ്ഞും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും വാഹനത്തിന് അടുത്തെത്തി. ഇയാളുടെ കൈവശം വാക്കത്തി കണ്ടതോടെ സ്ഥാനാർഥിയും ഒപ്പമുണ്ടായിരുന്നവരും ഭയന്ന് വാഹനം ഓടിച്ചു പോകുകയായിരുന്നു.
പട്ടികവർഗ സംവരണ വാർഡിലാണ് വാസന്തി മത്സരിക്കുന്നത്. ഇലക്ഷൻ കമ്മിഷൻ, ഉപ്പുതറ സി.ഐ. എന്നിവർക്ക് പരാതി നൽകി. സംഭവത്തിൽ മുല്ലപതാലിൽ സനോപി എന്ന് വിളിക്കുന്ന സനോജിനെതിരേ ഉപ്പുതറ പോലീസ് കേസെടുത്തു. ഇയാൾ മുൻപും വിവിധ കേസിൽ പ്രതിയാണ്.
Content Highlights: Independent candidate K.P. Vasanthi in Idukki threatened with a machete during election campaign. Police case registered. Learn more about the incident.