അവിടെ കല്യാണം, ഇവിടെ സത്യപ്രതിജ്ഞ...

#സലിം കുളത്തായി
സത്യപ്രതിജ്ഞയ്ക്കുശേഷം രജിസ്റ്ററിൽ ഒപ്പുവെക്കുന്ന റൈഹാനത്ത്
സത്യപ്രതിജ്ഞയ്ക്കുശേഷം രജിസ്റ്ററിൽ ഒപ്പുവെക്കുന്ന റൈഹാനത്ത്

അടിമാലി: അവിടെ കല്യാണം, ഇവിടെ പാലുകാച്ചൽ... ‘അഴകിയ രാവണ’നെന്ന ചിത്രത്തിൽ, കഴിഞ്ഞ ദിവസം അന്തരിച്ച നടൻ ശ്രീനിവാസൻ പറഞ്ഞ ഡയലോഗിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു അടിമാലി പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട റൈഹാനത്ത് ഷുക്കൂറിന്റെ ഞായർദിനം.

അടിമാലി ടൗൺഹാളിൽ അവർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, അതേസമയം നാല് കിലോമീറ്റർ അകലെ ഇരുന്നൂറേക്കറിൽ മകൻ മുഹമ്മദ് ഈസയുടെ നിക്കാഹ് നടക്കുകയായിരുന്നു. നിക്കാഹും സത്യപ്രതിജ്ഞയും ഒരേദിവസം വന്നപ്പോൾ നാടിനോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയായിരുന്നു റൈഹാനത്ത്.

പഞ്ചായത്തിലെ ഏഴാം വാർഡിൽനിന്ന് വിജയിച്ച മുസ്‌ലിം ലീഗ് അംഗമാണ്. മകന്റെ വിവാഹം ഞായറാഴ്ച രാവിലെ 11 മണിക്ക് അടിമാലി 200 ഏക്കർ സെയ്‌ന്റ്‌ തോമസ് കത്തോലിക്കാ പള്ളി പാരിഷ് ഹാളിൽ നടത്താൻ തിരഞ്ഞെടുപ്പിന് മുമ്പേ തീരുമാനിച്ചതാണ്. സത്യപ്രതിജ്ഞയുടെ തീയതി പിന്നീടാണ് അറിയുന്നത്. മറ്റെല്ലാ കാര്യങ്ങളും നേരത്തേ തീരുമാനിച്ചതിനാൽ വിവാഹം മാറ്റിവെയ്ക്കാൻ കഴിഞ്ഞില്ല.

സത്യപ്രതിജ്ഞയ്ക്കുശേഷം റൈഹാനത്ത് ഉടൻതന്നെ വീട്ടിലെത്തി വധുവിനെയും മകനെയും എതിരേറ്റു. വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാഞ്ഞതിൽ സങ്കടമുണ്ടെങ്കിലും വൈകീട്ട് വാർഡിലെ എല്ലാവരെയും വിളിച്ച് വിരുന്നുനൽകി റൈഹാനത്ത് ആഹ്ലാദം പങ്കുവെച്ചു.

Content Highlights: A Muslim League panchayat member in Adimali, Kerala, fulfilled her civic duty by taking her oath of office on her son`s wedding day. Read the inspiring story.