പ്രതിഷേധിക്കാൻ സ്വതന്ത്രനായി; നാലുവട്ടം വിജയിച്ചുകയറി

#Election Desk
വിത്സൺ മുണ്ടാടൻ
വിത്സൺ മുണ്ടാടൻ

അങ്കമാലി: യുവാക്കൾക്ക് അർഹമായ പരിഗണന ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സര രംഗത്തേക്ക്‌ കടന്നുവന്ന വ്യക്തിയാണ് വിത്സൺ മുണ്ടാടൻ. കന്നിയങ്കത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ ജയിക്കുമെന്ന് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. ആദ്യ മത്സരത്തിൽ ഏറ്റുമുട്ടേണ്ടിവന്നത് പ്രമുഖരുമായാണ്. 2005-ൽ കന്നിയങ്കത്തിൽ അങ്കമാലി നഗരസഭ 18-ാം വാർഡിൽനിന്ന് 122 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിത്സൺ മുണ്ടാടൻ വിജയിച്ചുകയറി.

പിന്നീട് തുടർച്ചയായി മൂന്നുവട്ടംകൂടി സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. രണ്ടുവട്ടം 18-ാം വാർഡിൽനിന്നാണ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടുവട്ടം ഒൻപതാം വാർഡിൽനിന്നും വിജയിച്ചുകയറി. ഇക്കുറിയും വിത്സൺ സ്വതന്ത്രനായിത്തന്നെ മത്സര രംഗത്തുണ്ട്. ഇത്തവണ 20-ാം വാർഡിലാണ് മത്സരിക്കുന്നത്.

യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു വിത്സൺ മുണ്ടാടൻ. ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. യൂത്തിന് അർഹമായ പരിഗണന കിട്ടാതെ വന്നപ്പോഴാണ് 36-ാം വയസ്സിൽ സ്വതന്ത്രനായി മത്സരിക്കുന്നത്.

2005-ൽ വിജയിച്ചപ്പോൾ വിത്സൺ മുണ്ടാടനെ കോൺഗ്രസ് ഒപ്പംകൂട്ടി. മൂന്നര വർഷക്കാലം വൈസ് ചെയർമാനായി. 2010-ൽ നാലുവർഷക്കാലം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി. 2015-ൽ എൽഡിഎഫ് ആണ് നഗരസഭ ഭരിച്ചത്. അന്നത്തെ ചെയർപേഴ്‌സണെയാണ് 2020-ൽ വിത്സൺ മുണ്ടാടൻ സ്വതന്ത്രനായി മത്സരിച്ച് തോൽപ്പിച്ചത്.

അഞ്ചാംവട്ടവും ജനങ്ങൾ തന്നോടൊപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് വിത്സൺ. ജനങ്ങളോടൊപ്പം നിൽക്കുകയും ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്യുന്നതിനാലാണ് സ്വതന്ത്രനായി മത്സരിക്കുന്ന തന്നെ പല വാർഡുകളിൽനിന്ന് വിജയിപ്പിച്ചതെന്ന് വിത്സൺ മുണ്ടാടൻ പറയുന്നു.

Content Highlights: Learn about Wilson Mundadan, a 4-time independent winner in Angamaly Municipality who protested for youth recognition. He`s running again!