വൈപ്പിനിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു, സീറ്റ് വിഭജനം പൂർത്തിയാക്കി മുന്നണികൾ

വൈപ്പിൻ: വൈപ്പിനിലെ ആറ് പഞ്ചായത്തുകളിലും മത്സരചിത്രം തെളിയുന്നു. മുന്നണികൾ സീറ്റ് വിഭജനം പൂർത്തിയാക്കിയതോടെ പാർട്ടികൾ സ്ഥാനാർഥി നിർണയത്തിൽ അവസാനഘട്ടത്തിലെത്തി. സിപിഎം താഴേത്തട്ടിൽ സ്ഥാനാർഥികളെ സംബന്ധിച്ച് ധാരണയിലെത്തിക്കഴിഞ്ഞെങ്കിലും നേതൃത്വത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. അതേസമയം ഘടകകക്ഷികളുടെ സ്ഥാനാർഥി നിർണയമാണ് ഇഴഞ്ഞുനീങ്ങുന്നത്.
ഞാറയ്ക്കൽ ഗ്രാമപ്പഞ്ചായത്തിൽ സിപിഐക്ക് അനുവദിച്ച നാല് സീറ്റുകളിൽ പൊഴിൽ (13) വാർഡിൽ പാർട്ടി ലോക്കൽ സെക്രട്ടറിയും ഞാറയ്ക്കൽ സഹകരണബാങ്ക് വൈസ് പ്രസിഡന്റുമായ പി.ജി. ഷിബുവിനെ തീരുമാനമായി. ഹൈസ്കൂൾ (രണ്ട്) വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി നിലവിലുള്ള ഗ്രാമപ്പഞ്ചായത്തംഗം എൻ.എ. ജോർജ് മത്സരിക്കും.
വനിതാ സംവരണമായ ഹോസ്പിറ്റൽ (അഞ്ച്), അപ്പങ്ങാട് സൗത്ത് (പത്ത്) വാർഡുകളിൽ സ്ഥാനാർഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. അതേസമയം ബ്ലോക്ക് പഞ്ചായത്തിൽ സിപിഐക്ക് അനുവദിച്ച അപ്പങ്ങാട് ഡിവിഷനിൽ സി.എ. കുമാരിയാവും സ്ഥാനാർഥി.
കേരള കോൺഗ്രസ്-എമ്മിന് അനുവദിച്ച ഞാറയ്ക്കൽ ഈസ്റ്റിലും സ്ഥാനാർഥിയെ നിശ്ചയിക്കാനായിട്ടില്ല. മുൻ ബ്ലോക്ക് പഞ്ചായത്തംഗം പ്രൈജു ഫ്രാൻസിസായിരിക്കും ഞാറയ്ക്കൽ ഗ്രാമപ്പഞ്ചായത്ത് പള്ളി (മൂന്ന്) വാർഡിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി.
ഇടതുമുന്നണിയിൽ സിപിഎം സ്ഥാനാർഥി പട്ടികയിൽ നിലവിലുള്ള സ്ഥിരംസമിതി അധ്യക്ഷ രാജി ജിഘോഷ്‌കുമാർ, മുൻ പ്രസിഡന്റ് ഫിലോമിന ആന്റണി (നാല്), മുൻ വൈസ് പ്രസിഡന്റ് എ.ആർ. ചന്ദ്രബോസ് (16), മുൻ അംഗങ്ങളായ മേഴ്‌സി തോമസ് (ആറ്), സുനിൽ ദത്ത് (12) എന്നിവരുണ്ട്.
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ മുൻ വൈസ് പ്രസിഡന്റും നിലവിലുള്ള അംഗവുമായ എ.പി. ലാലു (ഒന്ന്), നിലവിലെ സ്ഥിരംസമിതി അധ്യക്ഷൻ പി.പി. ഗാന്ധി (14), അംഗം ആശ പൗലോസ് (നാല്), മുൻ അംഗങ്ങളായ ലൈമി ദാസ് (പത്ത്), ഡെയ്‌സി ജെയിംസ് (11), റെനിൽ പള്ളത്ത് (13) എന്നിവരുണ്ട്.
ജില്ലാ പഞ്ചായത്ത് ഞാറയ്ക്കൽ ഡിവിഷനിൽ ഇടതുമുന്നണി സ്ഥാനാർഥിയായി ഞാറയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജുവിനെയാണ് പരിഗണിക്കുന്നതെന്നാണ് സൂചന. മുൻ പ്രസിഡന്റ് ഷിൽഡ റിബേരോ, മഹിളാ കോൺഗ്രസ് നേതാവ് പ്രഷീല ബാബു എന്നിവരാണ് കോൺഗ്രസ് പരിഗണനയിലുള്ളത്.
നായരമ്പലത്ത് ശ്രദ്ധേയമായ മത്സരങ്ങൾക്കും കളമൊരുങ്ങുന്നുണ്ട്. 12-ാം വാർഡിൽ നിലവിലുള്ള വൈസ് പ്രസിഡന്റ് ജോബി വർഗീസും മുൻ വൈസ് പ്രസിഡന്റ് സേവി താന്നിപ്പിള്ളിയും തമ്മിലാകും മത്സരം.
15-ാം വാർഡിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.ആർ. ഗിരീശനും റെഡ് ഫ്ലാഗിലെ എൻ.എ. ജെയിനും തമ്മിലാകും മത്സരം. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്ന മുറയ്ക്കുതന്നെ സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ സജ്ജരാണെന്ന സൂചനകളാണ് മൂന്ന് മുന്നണി നേതാക്കളും നൽകുന്നത്.
സിപിഐയിൽനിന്ന് രാജി
എളങ്കുന്നപ്പുഴ പഞ്ചായത്തിലെ സിപിഐ അംഗം സ്റ്റെല്ല കുരുവിള പാർട്ടിയിൽനിന്ന് രാജിവെച്ചു. ഇവരുടെ വാർഡ് ജനറലായതോടെ അക്കാരണത്താൽ സീറ്റ് നിഷേധിച്ചിരുന്നു.
എന്നാൽ മറ്റൊരു ജനറൽ വാർഡിൽ വനിതയെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചതോടെയാണ് സ്റ്റെല്ല കുരുവിള പാർട്ടി വിട്ടത്. സ്വതന്ത്രയായി മത്സരിക്കാനൊരുങ്ങുകയാണ് സ്റ്റെല്ല കുരുവിള.
Content Highlights: Get the latest updates on Vypin panchayat elections. Know candidate selections, seat allocations, and key contests in various wards. Stay informed!