പ്രഖ്യാപനത്തിനു മുൻപേ കളം നിറഞ്ഞ് സ്ഥാനാർഥികൾ

പ്രതീകാത്മക ചിത്രം | Photo: Ai Generated
പ്രതീകാത്മക ചിത്രം | Photo: Ai Generated

വൈപ്പിൻ: തിരഞ്ഞെടുപ്പ് വിജ്ഞാപനവും പാർട്ടികളുടെ സ്ഥാനാർഥി പ്രഖ്യാപനവും വരുംമുൻപേ സ്ഥാനാർഥിത്വം ഉറപ്പായവർ കളത്തിലിറങ്ങിക്കഴിഞ്ഞു. മുന്നണികളുടെ സീറ്റു വിഭജനം പൂർത്തിയായതിനാൽ തങ്ങളുടെ സ്ഥാനാർഥികളുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിനുള്ള തിരക്കിലാണ് രാഷ്ട്രീയ പാർട്ടികൾ ഐക്യജനാധിപത്യ മുന്നണിയിൽ വൈപ്പിൻകരയിലെ ആറ് പഞ്ചായത്തുകളിലായുള്ള 112 വാർഡുകളിൽ 108-ലും കോൺഗ്രസുതന്നെയാണ് മത്സരിക്കുക.

എടവനക്കാട് രണ്ട്, എളങ്കുന്നപ്പുഴയിൽ ഒന്ന് എന്നിങ്ങനെ മൂന്ന് വാർഡുകളിൽ മുസ്‌ലിംലീഗും നായരമ്പലത്ത് ഒരു വാർഡിൽ കേരള കോൺഗ്രസുമാണ് മത്സരിക്കുക. വാർഡ് കമ്മിറ്റികൾ ഒരു പേര് മാത്രം നിർദേശിക്കുന്നപക്ഷം ആ സ്ഥാനാർഥിയെ ഉറപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. ഒട്ടേറെ വാർഡുകളിൽ അത്തരത്തിൽ ഒറ്റ പേരിലേക്ക് എത്തിയിട്ടുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. അവരിൽ പലരും വീടുകൾ കയറിയിറങ്ങിത്തുടങ്ങി.

എളങ്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്ത്

എളങ്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്തിൽ നിലവിലുള്ള പ്രസിഡന്റ് ആർ. രസികല, സ്ഥിരംസമിതി അധ്യക്ഷ റസിയ ജമാൽ, മുൻ സ്ഥിരംസമിതി അധ്യക്ഷ സോഫിയ ജോയ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിശാഖ് അശ്വിൻ എന്നിവർ കോൺഗ്രസിനുവേണ്ടി രംഗത്തുണ്ടാകും. മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ കെ.ജി. ഡോണോ, മുൻ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എസ്. ബെന്നി എന്നിവരും ഇത്തവണ ഗ്രാമപ്പഞ്ചായത്തിൽ സ്ഥാനാർഥികളാവുമെന്നാണ് സൂചന.

ബിന്ദു വേണു, പി.കെ. ബാബു എന്നിവരടക്കമാകും ഇടതുമുന്നണി സ്ഥാനാർഥികൾ.

ഞാറയ്ക്കൽ

ഞാറയ്ക്കൽ ഗ്രാമപ്പഞ്ചായത്തിൽ നിലവിലുള്ള പഞ്ചായത്ത് കമ്മിറ്റിയിലെ സ്ഥിരംസമിതി അധ്യക്ഷൻ പി.പി. ഗാന്ധി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ലാലു, നിലവിലുള്ള അംഗം ആശാപൗലോസ് എന്നിവർ വീണ്ടും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.

മുൻ പഞ്ചായത്ത് പ്രസിഡന്റ് ജൂഡ് പുളിക്കലടക്കമുള്ളവരും രംഗത്തുണ്ടായേക്കും. ഇടതുമുന്നണിയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഫിലോമിന ആന്റണി, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി മേഴ്‌സി തോമസ് എന്നിവർ സ്ഥാനാർഥികളാകും.

നായരമ്പലം

നായരമ്പലം ഗ്രാമപ്പഞ്ചായത്തിൽ നിലവിലുള്ള അംഗങ്ങളായ വൈസ് പ്രസിഡന്റ് ജോബി വർഗീസ്, സ്ഥിരംസമിതി അധ്യക്ഷ ജെയ്‌നി സേവ്യർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.ആർ. ഗിരീശൻ, വിജില രാധാകൃഷ്ണൻ എന്നിവർ രംഗത്തുണ്ടാകും.

ഇടതുമുന്നണിയിൽ സഹകരണബാങ്ക് മുൻ പ്രസിഡന്റ് പി.കെ. രാജീവടക്കമുള്ളവരാകും മത്സരിക്കുക.

എടവനക്കാട്

എടവനക്കാട് ഗ്രാമപ്പഞ്ചായത്തിൽ നിലവിലുള്ള അംഗങ്ങളായ വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാൽ, ശാന്തി മുരളി തുടങ്ങിയവർ കോൺഗ്രസിനുവേണ്ടി വീണ്ടും രംഗത്തുണ്ടാകും. പ്രസിഡന്റ് പദവി വനിത സംവരണമായ കുഴുപ്പിള്ളിയിൽ മുൻ പ്രസിഡന്റ് രജിത സജീവ്, നിലവിലുള്ള വൈസ് പ്രസിഡന്റ് സിനി ജെയ്‌സൺ അടക്കമുള്ളവർ ഇടതുമുന്നണിക്കുവേണ്ടി കളത്തിലിറങ്ങും.

രണ്ട് മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനുള്ള അവസാന നടപടിക്രമങ്ങളിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നമുറയ്ക്ക് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണികൾ.

Content Highlights: Political parties in Vypin are finalizing candidate lists for upcoming elections. Congress to contest most wards. Stay updated on Vypin`s electoral landscape.