38 വർഷം തുടർച്ചയായി പഞ്ചായത്തംഗം; എട്ടാമൂഴത്തിനുള്ള പത്രിക നൽകി വി.ബി. ജബ്ബാർ

#Election Desk
വി.ബി. ജബ്ബാർ ആലങ്ങാട് പഞ്ചായത്ത് സെക്രട്ടറിക്ക് നാമനിർദേശപത്രിക കൈമാറുന്നു
വി.ബി. ജബ്ബാർ ആലങ്ങാട് പഞ്ചായത്ത് സെക്രട്ടറിക്ക് നാമനിർദേശപത്രിക കൈമാറുന്നു

കരുമാല്ലൂർ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എട്ടാംവട്ടത്തിന് തയ്യാറെടുക്കുകയാണ് ആലങ്ങാട് പഞ്ചായത്ത് മൂന്നാം വാർഡ് യുഡിഎഫ് സ്ഥാനാർഥി വി.ബി. ജബ്ബാർ. പാർട്ടി പ്രവർത്തകരോടൊപ്പംചെന്ന് ആലങ്ങാട് പഞ്ചായത്ത് സെക്രട്ടറിക്ക് നാമനിർദേശപത്രിക കൈമാറി. 38 വർഷം തുടർച്ചയായി പഞ്ചായത്തംഗമായി റെക്കോഡിട്ടയാളാണ് വി.ബി ജബ്ബാർ.

1988-ലായിരുന്നു തുടക്കം. അന്ന് സിപിഐയുടെ ഭാഗമായിനിന്നായിരുന്നു ജയിച്ചത്. നീറിക്കോട് സ്വദേശിയായ വി.ബി. ജബ്ബാർ സ്വന്തംനാട്ടിൽനിന്നുതന്നെയാണ് ജനവിധിനേടിയത്.

പിന്നീട് പല കാരണങ്ങൾക്കൊണ്ടും സിപിഐയിൽനിന്നും മാറി യുഡിഎഫിനോടൊപ്പംകൂടി. യുഡിഎഫ് സ്വതന്ത്രനായിനിന്നപ്പോഴും നീറിക്കോട്ടുകാർ ജബ്ബാറിനെ കൈവിട്ടില്ല. അതോടെ കോൺഗ്രസ് പാർട്ടിയിൽചേർന്നു.

പിന്നീടെല്ലാം നീറിക്കോട് ഒന്ന്, രണ്ട് വാർഡുകളിൽ മാറിമാറി കോൺഗ്രസ് സ്ഥാനാർഥിയായിനിന്ന് വിജയിച്ചു. ഇത്തവണ വാർഡ് പുനഃക്രമീകരണം വന്നപ്പോൾ ഒന്നാംവാർഡ് പട്ടികജാതി സംവരണവും രണ്ടാംവാർഡ് വനിതാസംവരണവുമായിപ്പോയി.

ഇനിയുള്ളത് മൂന്നാം വാർഡാണ്. അവിടെ പാർട്ടി അവസരം നൽകി.വാർഡിൽ ഒരുവട്ടം പ്രചാരണം പൂർത്തിയാക്കിയ വി.ബി. ജബ്ബാർ എട്ടാമൂഴത്തിനുള്ള പത്രിക സമർപ്പിച്ചിരിക്കുകയാണ്.

Content Highlights: VB Jabbar, an 8-time consecutive panchayat member, submits nomination for his 8th term in Alangad, Karumallur. A record-holder in local politics.